Loading ...

Home Europe

ജർമൻ ചാൻസലർ അംഗല മെർകൽ പടിയിറങ്ങുന്നു

ബെര്‍ലിന്‍: നീണ്ട ഒന്നര പതിറ്റാണ്ട്​ യൂറോപിലെ ഏറ്റവും വലിയ സമ്പദ്​വ്യവസ്​ഥയുടെ അമരത്തിരുന്ന ഉരുക്കുവനിത ഒടുവില്‍ പണിനിര്‍ത്തുന്നു. ചാന്‍സ്​ലര്‍ പദവിയില്‍നിന്ന്​ സെപ്​റ്റംബറിലെ ​ഫെഡറല്‍ തെരഞ്ഞെടുപ്പോടെ മാറിനില്‍ക്കുമെന്ന്​ നേരത്തെ പ്രഖ്യാപിച്ചതിനാല്‍ മെര്‍കലിന്‍റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ (സി.ഡി.യു) യോഗം ചേരുകയാണ്. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ ശനിയാഴ്ച ചേരുന്ന യോഗം തെരഞ്ഞെടുക്കും.

2005ല്‍ ആദ്യമായി അധികാരമേറ്റ ശേഷം ഇ​ന്നോളം ജനം കൈവിട്ടിട്ടില്ലാത്ത അംഗല മെര്‍കല്‍ രാജ്യത്തെ സാമ്പത്തിക രംഗത്ത്​ പുതിയ ഉയരങ്ങളിലേക്ക്​ കൈപിടിച്ചുനടത്തി ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയവരാണ്​. അഭയാര്‍ഥി പ്രശ്​നത്തില്‍ നടപടികളറിയാതെ യൂറോപ്​ ഉഴറിയപ്പോള്‍ 10 ലക്ഷം അഭയാര്‍ഥികളെ മാസങ്ങള്‍ക്കകം രാജ്യത്തെത്തിച്ച്‌​ സ്വീകരണമൊരുക്കിയാണ്​ മെര്‍കല്‍ നേതൃപാടവം തെളിയിച്ചത്​. അതിന്‍റെ പേരില്‍ വംശീയ ചേരിതിരിവ്​ സൃഷ്​ടിച്ച്‌​ രാജ്യത്ത്​ അധികാരം പിടിക്കാന്‍ തീവ്ര വലതുപക്ഷം നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല.

സി.ഡി.യു ഓണ്‍ലൈനായി നടത്തുന്ന സമ്മേളനത്തില്‍ പങ്കാളികളാകുന്ന 1,001 ​പ്രതിനിധികളാണ്​ പുതിയ ചെയര്‍മാനെ തീരുമാനിക്കുക. പാര്‍ട്ടി ചെയര്‍മാന്‍ തന്നെയാണ്​ സാധാരണമായി തെരഞ്ഞെടുപ്പ്​ ജയിച്ചാല്‍ ചാൻസലർ പദവിയി​ലുമെത്തുക. സഖ്യകക്ഷിയായ ക്രിസ്​റ്റ്യന്‍ സോഷ്യല്‍ യൂനിയന്‍ കൂടി അംഗീകരിക്കണമെന്നു മാത്രം.

നിലവില്‍ അര്‍മിന്‍ ലാഷെറ്റ്​, ഫ്രഡറിക്​ മെര്‍സ്​, നോര്‍ബര്‍ട്ട്​ റോട്ട്​ഗെന്‍ എന്നിവരാണ്​ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍. പട്ടികയില്‍ ഇടം പിടിച്ചില്ലെങ്കിലും വോട്ടര്‍മാരുടെ ഇഷ്​ടക്കാരന്‍ എന്ന നിലക്ക്​ മാര്‍കസ്​ ​സോഡറും സജീവ പരിഗണനയിലുണ്ട്​. ചാന്‍സ്​ലര്‍ പദവിയില്‍ നിലവിലെ ആരോഗ്യ മന്ത്രി ജെന്‍സ്​ സ്​പാനിന്‍റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്​.

മെര്‍കല്‍ മൃദു സമീപനം കൊണ്ടും ഉറച്ച നേതൃത്വം കൊണ്ടും പാര്‍ട്ടി അണികളെയും രാജ്യത്തെയും മാത്രമല്ല, ലോകം മുഴുക്കെ ആദരം നേടിയപ്പോള്‍ പിന്‍ഗാമികളാകാനുള്ളവര്‍ക്ക്​ അത്രയും എത്താനാകുമോ എന്നാണ്​ പുതിയ ചര്‍ച്ച. ​

പാര്‍​ലമെന്‍റ്​ വിദേശകാര്യ സമിതി ചെയര്‍മാനായ റോട്ട്​ഗെന്‍ റഷ്യ, ചൈന എന്നിവര്‍ക്കെതിരെ കടുത്ത നിലപാട്​ വേണമെന്ന പക്ഷക്കാരനാണ്​. മെര്‍സ്​ ആക​ട്ടെ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരാണ്​.


Related News