Loading ...

Home health

കോവിഡും പ്രമേഹവും കുട്ടികളില്‍

കോവിഡും പ്രമേഹവും കുട്ടികളില്‍2020ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി ജനജീവിതത്തെ സാരമായി ബാധിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ ജീവിതശൈലീ രോഗങ്ങളുടെ ഗണത്തില്‍പ്പെടുന്ന പ്രമേഹം പോലുള്ള ദീര്‍ഘകാല രോഗങ്ങളുടെ ചികിത്സയില്‍ അപാകതകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കുട്ടികളില്‍ പ്രധാനമായും കണ്ടുവരുന്ന ടൈപ്പ് വണ്‍ അല്ലെങ്കില്‍ ജുവനൈല്‍ ഡയബറ്റിസ് പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്നും ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതുകൊണ്ട ാണ് സംഭവിക്കുന്നത്. പാരമ്ബര്യ സാധ്യതയുള്ള കുടുംബങ്ങളില്‍ അമിതവണ്ണവും വ്യായാമക്കുറവും കൂടിയാവുമ്ബോള്‍ മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് ടു ഡയബറ്റിസ് കൗമാരപ്രായക്കാരായ കുട്ടികളെയും യുവാക്കളെയും ബാധിക്കുന്നതായും കാണാം. ഇതില്‍ കുട്ടികളില്‍ കാണുന്ന ടൈപ്പ് വണ്‍ ഡയബറ്റിസിന്റെ ചികിത്സ ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് പരിശോധിച്ച ശേഷം ഉചിതമായ രീതിയില്‍ ഇന്‍സുലിന്‍ തൊലിക്കടിയില്‍ കുത്തിവെയ്ക്കുക എന്നതാണ്. ഇത് ജീവിതകാലം മുഴുവന്‍ തുടരേണ്ട ചികിത്സയാണ്. ഇന്‍സുലിന്‍ ചികിത്സയോടൊപ്പം ഭക്ഷണക്രമീകരണവും ദിവസേനയുള്ള വ്യായാമവും ആരോഗ്യ പരിശോധനയും കൊണ്ട ് മറ്റു കുട്ടികളെപ്പോലെ ആരോഗ്യകരമായ ജീവിതം ടൈപ്പ് വണ്‍ ഡയബറ്റിസ് രോഗമുള്ള കുട്ടികള്‍ക്കും നയിക്കാനാകും.

നിയന്ത്രണാതീതമായ പ്രമേഹം കൊവിഡ് പിടിപെടാനുള്ള സാധ്യത കൂട്ടുന്നു. അമിതവണ്ണമുള്ളവര്‍ക്കും ഹൃദയസംബന്ധമായ രോഗമുള്ളവര്‍ക്കും കൊവിഡ് മാരകമായി തീര്‍ന്നേക്കാം. അതോടൊപ്പം പ്രമേഹം നിയന്ത്രണാതീതമായാല്‍, രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടിയാല്‍, കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഡയബറ്റിക് കീറ്റോ അസിഡോസിസ് (ഡി.കെ.എ.) എന്ന പ്രമേഹത്തിന്റെ സങ്കീര്‍ണാവസ്ഥ വരാനുള്ള സാധ്യതയുണ്ട്.

മുന്‍കൊല്ലങ്ങളെ അപേക്ഷിച്ച്‌ ഈ കൊവിഡ് കാലത്ത് ഡി.കെ.എ. കൂടുതലാകാം എന്നതാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും ശ്രമിക്കുന്നതിനിടയില്‍ പ്രമേഹം പോലുള്ള ദീര്‍ഘകാല രോഗങ്ങളുടെ ചികിത്സ അവഗണിക്കപ്പെടുന്നതാണ് ഇതിന്റെ പ്രധാനകാരണം. കൊവിഡ് പിടിപെടുമെന്ന് ഭയന്ന് ആശുപത്രിയില്‍ പോകാനോ, ചികിത്സതേടാനോ മടിക്കുന്നത് ചിലപ്പോഴെങ്കിലും പ്രമേഹരോഗ നിയന്ത്രണത്തിന്റെ താളം തെറ്റിക്കുന്നു.

പ്രമേഹബാധിതരായ കുട്ടികളിലെ പ്രമേഹത്തിന്റെ തോത് നിയന്ത്രണവിധേയമാക്കിയാല്‍ ഇവരില്‍ കൊവിഡ് കാരണം ഉണ്ട ാകാവുന്ന പ്രശ്‌നങ്ങള്‍ മറ്റു കുട്ടികളെ അപേക്ഷിച്ച്‌ കൂടുതലാകില്ല.

കോവിഡ് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ലോക്ഡൗണ്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ നമുക്ക് വേണ്ട ിവന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകാതെ വന്നപ്പോള്‍ കളികള്‍ക്കും മറ്റു വ്യായാമങ്ങള്‍ക്കും അവധികൊടുത്ത് ഡിജിറ്റല്‍ സ്‌ക്രീനിനുമുന്നില്‍ ക്ലാസ്സിനും വിനോദങ്ങള്‍ക്കുമായി ചടഞ്ഞുകൂടേണ്ടിവന്നു. വീട്ടില്‍ നില്‍ക്കുമ്ബോള്‍ ഭക്ഷണത്തിനു നിയന്ത്രണമില്ലാത്ത സാഹചര്യത്തില്‍ ചിലകുട്ടികളെങ്കിലും അമിതവണ്ണമുള്ളവരായി മാറിയിട്ടുണ്ട ്. പ്രമേഹത്തിന് പാരമ്ബര്യ സാധ്യതയുള്ള കുടുംബങ്ങളിലെ കുട്ടികളില്‍, മുതിര്‍ന്നവരില്‍ എന്ന പോലെ, രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ച്‌ പ്രീഡയബറ്റിസ് എന്ന സ്ഥിതി ഉണ്ടാകുന്നു.

ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പടിപടിയായി തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രമേഹ രോഗബാധിതരായ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്നത് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ആരോഗ്യപ്രവര്‍ത്തകരും അറിഞ്ഞിരിക്കണം.

പ്രമേഹമുള്ള കുട്ടികളുടെ ചികിത്സയില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം തന്നെ പ്രാധാന്യം സ്‌കൂള്‍ അധികൃതര്‍ക്കും പ്രത്യേകിച്ച്‌ ടീച്ചര്‍മാര്‍ക്കുമുണ്ട ്. മറ്റ് കുട്ടികള്‍ക്ക് സമാനമായ പഠന അവസരങ്ങളും സ്‌കൂള്‍ അനുഭവങ്ങളും ലഭിക്കേണ്ട ത് പ്രമേഹ ബാധിതരായ കുട്ടികളുടെ അവകാശമാണ്.

പ്രമേഹ രോഗമുള്ള കുട്ടി സ്‌കൂളില്‍ ചേരുമ്ബോഴും അധ്യയന വര്‍ഷം തുടങ്ങുമ്ബോഴും കുട്ടിയുടെ രോഗചികിത്സയുടെ വിവിധ വശങ്ങള്‍ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ലഭ്യമാക്കണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച്‌ എങ്ങനെ പരിശോധിക്കണം, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ എങ്ങനെ തിരിച്ചറിയാം, അത് എങ്ങനെ ചികിത്സിക്കണം, കായിക മത്സരസമയത്തും കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടിയുള്ളപ്പോഴും ഹൈപ്പോഗ്ലൈസീമിയ പ്രതിരോധിക്കാന്‍ ഭക്ഷണം എങ്ങനെ ക്രമീകരിക്കണം എന്നിവയെപ്പറ്റി സ്‌കൂള്‍ അധികൃതര്‍ക്ക് വ്യക്തമായ അറിവുണ്ടാകണം.

ഡയബറ്റിസ് രോഗമുള്ള പല കുട്ടികളും ഉച്ചഭക്ഷണത്തിനൊപ്പം ഇന്‍സുലിന്‍ എടുക്കുന്നവരാണ്. അവര്‍ക്ക് ഇന്‍ജെക്ഷന്‍ എടുക്കാന്‍ ആവശ്യമായ സൗകര്യവും സ്വകാര്യതയും ക്ലാസ്സ് മുറിക്ക് സമീപത്ത് ഒരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് വേണ്ട സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനും ആവശ്യമെങ്കില്‍ ഗ്ലൂക്കോസ് കഴിക്കാനും ആശുപത്രിയില്‍ പോകാനും സ്‌കൂള്‍ നിയമങ്ങളില്‍ ഇളവ് വരുത്തേണ്ടതാണ്.

പ്രമേഹമുള്ള കുട്ടികളില്‍ പലരും, പ്രത്യേകിച്ച്‌ കൗമാരപ്രായക്കാര്‍, അപകര്‍ഷതാബോധവും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കുന്നവരാണ്. ഇവര്‍ക്ക് പലപ്പോഴും സഹപാഠികളുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടിവരാറുണ്ട്. അതിനാല്‍ അവര്‍ രോഗാവസ്ഥ തുറന്ന് പറയാന്‍ മടിക്കാറുണ്ട ്. അധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരും പ്രമേഹരോഗത്തേയും ചികിത്സയേയുംപറ്റി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ അവബോധം ഉണ്ട ാക്കുന്നത് പ്രമേഹരോഗ ബാധിതരായ കുട്ടികളുടെ അപകര്‍ഷതാബോധം കുറയ്ക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായകമാകും.

Related News