Loading ...

Home National

യു.പിയിൽ ബി.ജെ.പി തരംഗം; മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും

ലക്നോ: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻലീഡ്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തേയും ബി.എസ്.പിയേയും ബഹുദൂരം പിന്തള്ളിയാണ് 300ലധികം സീറ്റുകളില്‍ ലീഡ് കരസ്ഥമാക്കിയ ബി.ജെ.പി ഭരണം ഉറപ്പിച്ചത്.എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും നേതാക്കളുടെ പ്രതീക്ഷയെ കവച്ചു വെക്കുന്ന പ്രകടനമാണ് സംസ്ഥാനത്ത് പാർട്ടി കാഴ്ച വെച്ചത്. ഏറ്റവും കൂടുതല്‍ നിയമസഭാമണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍  കടുത്ത രാഷ്ട്രീയപോരാട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും ബി.ജെ.പി അനായാസ വിജയം നേടുകയായിരുന്നു. കേവലഭൂരിപക്ഷമായ 202 സീറ്റുകളും കടന്ന് വൻമുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. 15 വര്‍ഷത്തിന്‌ ശേഷമാണ് ബി.ജെ.പി യു.പിയില്‍ അധികാരത്തിലെത്തുന്നത്.ഏറെ പ്രതീക്ഷയോടെ കൈകോർത്ത സമാജ്‍വാദി പാർട്ടി – കോൺഗ്രസ് സഖ്യം തീർത്തും മോശം പ്രകടനത്തോടെ പിന്നിലായി. 60ൽ കൂടുതൽ സീറ്റുകൾ മാത്രമാണ് സഖ്യത്തിന് നേടാനായത്. മായാവതിയുടെ ബി.എസ്.പി ദയനീയമാം വിധം പുറകിലോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം 20 സീറ്റുുകളിൽ മാത്രമാണ് ബി.എസ്.പിക്ക് ലീഡുള്ളത്.കോൺഗ്രസിന്‍റെ ഉറച്ച കോട്ടകളായ അമേത്തി, റായ്ബറേലി എന്നിവിടങ്ങളിലും കോണ്‍ഗ്രസിന്‍റെ പ്രകടനം മോശമായി.  അമേത്തിയിൽ ബി.ജെ.പിയുടെ ഗരിമാ സിങാണ് ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും ബി.ജെ.പി സ്ഥാനാർഥി ലീഡ് ചെയ്തുവെങ്കിലും കോൺഗ്രസ് പിന്നീടത് തിരിച്ചുപിടിച്ചു. രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങളാണ് രണ്ടും.2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 47 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ബി.ജെ.പി 300 ലധികം സീറ്റുകൾ നേടി ഉത്തർപ്രദേശിൽ ഇതുവരെ മറ്റൊരു പാർട്ടിക്കും സ്വന്തമാക്കാൻ കഴിയാത്ത ലീഡാണ് കരസ്ഥമാക്കിയത്.  224 സീറ്റ് നേടിയാണ് അഖിലേഷ് യാദവിന്‍റെ നേതൃത്തിലുള്ള സമാജ് വാദി പാർട്ടി കഴിഞ്ഞ തവണ അധികാരത്തിലേറിയത്. 47 സീറ്റ് ഉണ്ടായിരുന്ന മായാവതിയുടെ ബി.എസ്.പി ഇത്തവണ വെറും 20 സീറ്റിലേക്ക് ചുരുങ്ങി. കോൺഗ്രസ് കഴിഞ്ഞ തവണ 28 സീറ്റുകളാണുണ്ടായിരുന്നത്.

Related News