Loading ...

Home sports

ഡല്‍ഹിയുടെ ഉയര്‍ന്ന സ്കോര്‍ അടിച്ചെടുത്ത് കേരളം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 213 എന്ന ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ വിജയലക്ഷ്യം കണ്ടു. 54 പന്തില്‍ നിന്ന് 95 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 38 പന്തില്‍ നിന്ന് പുറത്താവാതെ 71 റണ്‍സെടുത്ത വിഷ്ണു വിനോദുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. കഴിഞ്ഞ കളിയില്‍ മുംബൈയ്‌ക്കെതിരെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അഞ്ജു റാവത്ത് പിടിച്ചാണ് അസ്ഹര്‍ പുറത്തായത്. പത്തു പന്തില്‍ നിന്ന് 16 റണ്‍സെടുത്ത സഞ്ജു സാംസണും 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും പുറത്തായി. സല്‍മാന്‍ നിസാര്‍ 3 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ധവാന്റെ കരുത്തിലാണ് ഡല്‍ഹി 212 റണ്‍സ് അടിച്ചുകൂട്ടിയത്. 48 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും സഹായത്തോടെ ധവാന്‍ 77 റണ്‍സ് അടിച്ചുകൂട്ടി. ലളിത് യാദവും അര്‍ധ സെഞ്ചറി (52) നേടി. ഹിമ്മത് സിങ് 26 ഉം അനൂജ് റാവത്ത് 27 ഉം റണ്‍സ് നേടി. കേരളത്തിന് വേണ്ടി എസ് ശ്രീശാന്ത് നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കെഎം ആസിഫും മിഥുനും ഒരോ വീതം വിക്കറ്റു വീഴ്ത്തി.

ടോസ് നേടിയ കേരളം ഡല്‍ഹിയിലെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ശിഖര്‍ ധവാനൊപ്പം ഓപണ്‍ ചെയ്ത ഹിതെന്‍ ദലാലിനെ (11) ആസിഫ് വേഗത്തില്‍ മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഹിമ്മത് സിങിന് (26) ഒപ്പം ചേര്‍ന്ന് ധവാന്‍ മികച്ച അടിത്തറയിട്ടു. 74 റണ്‍സിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീടെത്തിയ നിതീഷ് റാണ 16 റണ്‍സിന് പുറത്തായെങ്കിലും 25 പന്തില്‍ നിന്ന് 52 പന്തുമായി ലളിത് യാദവ് ഡല്‍ഹിയെ ഇരുനൂറു കടത്തി. പത്ത് പന്തില്‍ നിന്ന് 27 റണ്‍സുമായി അനൂജ് റാവത്ത് യാദവിന് മികച്ച പിന്തുണ നല്‍കി.


Related News