Loading ...

Home Kerala

കേരള നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; 22ന് അവസാനിക്കും

14ാം നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. ഈ മാസം 22ന് നിയമസഭ പിരിയും. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. നിര്‍ദേശം പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിലാണ് സഭാസമ്മേളനം വെട്ടിച്ചുരുക്കുന്നത്. 28 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. അതേസമയം സഭ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രമേയം ചര്‍ച്ച ചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രമേയം ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍‍ അറിയിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ അംഗത്തിന്‍റെ നോട്ടീസ് 21ന് ഉച്ചക്ക് ശേഷം സഭ പരിഗണിക്കും. രണ്ട് മണിക്കൂറാണ് പ്രമേയം ചര്‍ച്ച ചെയ്യുക. പ്രമേയം ചര്‍ച്ച ചെയ്യുമ്ബോള്‍ സ്പീക്കര്‍ ഡയസില്‍ നിന്ന് താഴെയിറങ്ങി മറ്റ് സഭാംഗങ്ങളോടൊപ്പം ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കറാവും സഭ നിയന്ത്രിക്കുക. പ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ക്ക് സമയം നല്‍കും. അതിന് ശേഷം വോട്ടെടുപ്പ് നടക്കും. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും നിയമസഭയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി കാണിച്ചെന്നും ആണ് പ്രതിപക്ഷ ആരോപണം. സഭയുടെ ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ചടത്തോളം സ്പീക്കര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കാന്‍ ലഭിക്കുന്ന അവസരമാണിത്.

Related News