Loading ...

Home health

വൈദ്യരമ്മ by വിജേഷ് ചൂടല്‍

പൊന്മുടി മലയടിവാരത്തെ കല്ലാര്‍ മൊട്ടമൂട് ആദിവാസികോളനിയിലേക്ക് ലക്ഷ്മിക്കുട്ടിയെന്ന എഴുപത്തിമൂന്നുകാരിയെ തേടിച്ചെന്നത് ഏറെ മുന്‍വിധികളോടെയാണ്. അന്താരാഷ്ട്ര പുരസ്കാരങ്ങള്‍മുതല്‍ ഏറ്റവുമൊടുവില്‍ ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ ആദരിക്കപ്പെട്ടതിന്റെവരെ പത്രാസോടെ വിരാജിക്കുന്ന ഒരു കാട്ടുമുത്തിയുടെ രൂപമായിരുന്നു മനസ്സില്‍. മുറുക്കിച്ചുവപ്പിച്ച് നീട്ടിത്തുപ്പി ഗൌരവം വിടാതെ, സംസാരത്തില്‍ പിശുക്കുള്ള ഒരു കാരണോത്തി. രോഗിയോട് ഒരക്ഷരം ഉരിയാടുകപോലും ചെയ്യാതെ മരുന്നുനല്‍കി ആശ്വാസം പകരുന്ന ഒരുപാട് ദിവ്യന്മാരുടെ കഥകള്‍ കേട്ടിട്ടുണ്ട് à´ˆ മലയോരത്തുനിന്നുതന്നെ. പക്ഷേ, കാണാനെത്തുന്നവരുടെ മുന്‍വിധികള്‍ പാടേ തകര്‍ത്തുകളയും à´ˆ മുത്തശ്ശി, ആദ്യദര്‍ശനത്തില്‍തന്നെ.വിതുരപൊന്മുടി റോഡില്‍ കല്ലാര്‍ ചെക്പോസ്റ്റ് കടന്ന് ഇടത്തേക്കുള്ള കാട്ടുപാതയിലൂടെ നാലുകിലോമീറ്റര്‍ സഞ്ചരിക്കണം മൊട്ടമൂട്ടിലെത്താന്‍. അവിടെ അസംഖ്യം മരങ്ങളിലൊന്നില്‍ 'ശിവജ്യോതി വിഷചികിത്സാലയം' എന്ന പഴയ ബോര്‍ഡ്. അതുവഴി നടന്നാല്‍ കാടിന് നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കാം, മണ്ണിന്റെയും ചെടികളുടെയും നിഷ്കളങ്കഭാഷ. മൈഗ്രെയിന് മരുന്നുവാങ്ങാനായി കൊല്ലത്തുനിന്നെത്തിയ രണ്ട് ചെറുപ്പക്കാരുമായി ഉച്ചത്തില്‍ സംസാരിച്ചിരിപ്പുണ്ട് ലക്ഷ്മിക്കുട്ടി. എന്തിനെക്കുറിച്ചും സംസാരിക്കും അവര്‍; ഏത് രോഗത്തിനും മരുന്ന് നല്‍കുന്നതുപോലെ. ഇടയ്ക്ക് ഗഹനമായ ചിന്തകള്‍ പങ്കുവയ്ക്കും. ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തും. നമ്മുടെ ധാരണകളെയും ബോധ്യങ്ങളെയും നിസ്സാരമായി ചീന്തിയെറിഞ്ഞുകളയും. *****ദുരമൂത്ത മനുഷ്യര്‍ സകലതിലും വിഷംകലര്‍ത്തുന്ന കാലത്ത് ഇവിടെ à´ˆ കാടിന് നടുവിലിതാ ഒരമ്മ ദംശനത്തിന്റെ വിഷപ്പല്ലുകള്‍ പറിച്ചെറിയുന്നു. പാമ്പുകടിയേറ്റ നൂറുകണക്കിനാളുകളെ മരണവക്ത്രത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിച്ച വിഷചികിത്സക. അഞ്ഞൂറിലേറെ മരുന്നുകളുടെ കുറിപ്പടി മനസ്സില്‍ സൂക്ഷിക്കുന്ന വൈദ്യരമ്മ. കാടും കാട്ടറിവുകളും അന്യമാകുന്ന കാലത്ത് പഴയ നന്മകളുടെയും നിഷ്കളങ്കതയുടെയും വിസ്മയശേഖരമാണ് ഈയമ്മ. ആരും വിതയ്ക്കാതെ മുളപൊട്ടി വളരുന്ന ചെടികളുടെ പൂവും കുരുന്നും ഇലയും വേരുമെല്ലാം ഔഷധങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു. അവമാത്രം മരുന്നുകളായിരുന്ന കാലം. ശീതീകരിച്ച മുറികളിലെ സാങ്കേതികവിദ്യ സൃഷ്ടിച്ച പുതിയ ഔഷധക്കൂട്ടുകള്‍ കരിച്ചുകളഞ്ഞ നാട്ടുവൈദ്യത്തിന്റെ ശേഷിക്കുന്ന പച്ചപ്പാണ് ലക്ഷ്മിക്കുട്ടി. ആധുനികതയുടെ ചക്രവാളത്തില്‍ അഭയമില്ലാതുഴലുന്ന രോഗാതുര മനുഷ്യര്‍ ആശ്വാസം തേടി പ്രകൃതിലേക്ക് മടങ്ങുമ്പോള്‍, à´ˆ വഴി അവര്‍ക്കുമുന്നില്‍ തെളിയുന്നു.ഓരോ വര്‍ഷവും വൈദ്യരമ്മയെ തേടി മലകയറി കാട്ടുപാത താണ്ടിയെത്തുന്നത് ആയിരങ്ങളാണ്. à´ˆ വഴി അന്യമല്ല ഒരാള്‍ക്കും. തൊട്ടടുത്ത് വിതുരയില്‍നിന്നുമുതല്‍ മഹാസമുദ്രങ്ങള്‍ക്കപ്പുറം ഓസ്ട്രേലിയയില്‍നിന്നുവരെ വൈദ്യരമ്മയെ തേടി എത്തുന്നവരുണ്ട്. കഴിഞ്ഞ ലോക പരിസ്ഥിതിദിനത്തില്‍ അന്താരാഷ്ട്ര പരിസ്ഥിതിസംഘം വൈദ്യരമ്മയെ തേടി à´ˆ കാട്ടിലെത്തി. ദേശദൂരഭേദങ്ങളില്ലാതെ എല്ലാവരെയും അവര്‍ ഒരുപോലെ സ്വീകരിക്കുന്നു. ഒരുപോലെ സംസാരിക്കുന്നു. ഒരുപോലെ ചികിത്സിക്കുന്നു. ഒരുപോലെ ചിരിക്കുന്നു. ഏത് കൊടിയ വേനലിലും അവിടെ ആശ്വാസത്തിന്റെ പച്ചിലത്തണലുണ്ടാകും. ഉറവവറ്റാത്ത സ്നേഹത്തിന്റെ തെളിനീരുണ്ടാകും. കരിഞ്ഞുതുടങ്ങിയ വനത്തിനുള്ളിലും തളിര്‍ത്തുനില്‍ക്കുന്നു വൈദ്യരമ്മയുടെ സ്വന്തം കാട്.*****വിഷചികിത്സയിലെ പ്രാഗത്ഭ്യത്തിന് 1995ല്‍ സംസ്ഥാന സര്‍ക്കാര്‍ നാട്ടുവൈദ്യരത്ന പുരസ്കാരം നല്‍കിയതോടെയാണ് ലക്ഷ്മിക്കുട്ടിയെ പുറംലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീടിങ്ങോട്ട് എത്രയോ പുരസ്കാരങ്ങള്‍. അന്തര്‍ദേശീയ ജൈവപഠനകേന്ദ്രം, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിവിധ സര്‍വകലാശാലകള്‍ തുടങ്ങിയവയുടെയെല്ലാം പുരസ്കാരങ്ങള്‍ മൊട്ടമൂട്ടിലെ à´ˆ കാണിക്കുടിയിലേക്കെത്തി. സ്വന്തമായി പരീക്ഷിച്ചറിഞ്ഞശേഷമാണ് ഓരോ മരുന്നും മറ്റൊരാള്‍ക്ക് നല്‍കുന്നത്. ഒരിക്കല്‍ വൃക്കയ്ക്ക് ചെറിയ തകരാറുള്ളതായി ശിഷ്യന്‍കൂടിയായ ഡോക്ടര്‍ വിദഗ്ധപരിശോധനയില്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ നിലവേപ്പിനെയാണ് ലക്ഷ്മിക്കുട്ടി മരുന്നാക്കിയത്. ഏഴുദിവസം അതിരാവിലെ കഞ്ഞിവെള്ളത്തിനൊപ്പം നെല്ലിക്കാവലിപ്പത്തില്‍ നിലവേപ്പിന്റെ ഇല അരച്ചുകഴിച്ചു. പിന്നീടൊരിക്കലും തനിക്ക് അസുഖം വന്നിട്ടില്ലെന്ന് വൈദ്യരമ്മ സ്വയം സാക്ഷ്യപ്പെടുത്തുന്നു.ആദിവാസി ഗോത്രസംസ്കാരത്തിന്റെ പ്രാക്തന അറിവുകള്‍ പ്രയോഗിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത തലമുറയിലെ അവസാനകണ്ണികളില്‍പ്പെടും à´ˆ എഴുപത്തിമൂന്നുകാരി. വൈകിയെങ്കിലും അവരെ തിരിച്ചറിയാന്‍ ശാസ്ത്രലോകം തയ്യാറായിരിക്കുന്നു. നാട്ടുവൈദ്യത്തെക്കുറിച്ചുള്ള ക്ളാസുകള്‍ക്കും സെമിനാറുകള്‍ക്കുമായി കേരളത്തിലെമ്പാടും അവര്‍ സഞ്ചരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും പോയിട്ടുണ്ട്. ഓരോ യാത്രയും അവര്‍ക്ക് ഓരോ അനുഭവമാണ്. ചെല്ലുന്നിടത്തെല്ലാം അവര്‍ പുതിയ അറിവും അനുഭവവും സമ്മാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാമത് ദേശീയ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ വേദിയിലും ലക്ഷ്മിക്കുട്ടിയെ ആദരിച്ചു. à´ˆ യാത്രകള്‍ക്കുവേണ്ടി മാത്രമാണ് വൈദ്യരമ്മ കാടുവിട്ട് പോകുന്നത്.*****നാട്ടുവൈദ്യത്തിലും വിഷചികിത്സയിലും മാത്രമൊതുങ്ങുന്നില്ല ലക്ഷ്മിക്കുട്ടിയുടെ ജീവിതം. ഉറവവറ്റാത്ത വാക്കുകളുടെ പ്രവാഹം തീര്‍ത്ത് അവര്‍ കവിതയെഴുതുന്നു. ചരിത്രത്തിന്റെയും ഇതിഹാസങ്ങളുടെയും നൂലിഴകീറി കഥാപ്രസംഗങ്ങള്‍ രചിക്കുന്നു. മറഞ്ഞുപോകുന്ന നാടന്‍കലകളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ ഒരുപിടി വില്‍പ്പാട്ടുകള്‍. നിരവധി ലേഖനങ്ങള്‍. അരികുകള്‍ പിഞ്ചിത്തുടങ്ങിയ പഴയ 200 പേജ് ബുക്കിന്റെ താളുകളിലുണ്ട് ലക്ഷ്മിക്കുട്ടിയെന്ന സാഹിത്യവിസ്മയം. വിവിധ വിഷയങ്ങളില്‍ എഴുതിയ അമ്പതിലേറെ കവിതകള്‍. എല്ലാം താളത്തില്‍ ചൊല്ലാവുന്നവ. താളത്തില്‍മാത്രം ചൊല്ലാനാകുന്നവ. ചെറിയ വാക്കുകള്‍. നാടന്‍ പ്രയോഗങ്ങള്‍. ഏതൊരു ചിന്തകനെയും പിന്നിലാക്കുന്ന ഗഹനമായ ഉള്‍ക്കാഴ്ചയുണ്ട് ഓരോ വരിയിലും. സമൂഹത്തിന്റെ മൂല്യച്യുതിയെക്കുറിച്ച് വഴിയോരക്കാഴ്ചകള്‍ എന്ന കവിത:'മദമിളകി കലിയാട്ടം തുടരുന്നിതുടനീളം 
ഇവിടെയുണരുമോയിനിയുമാ മാനിഷാദ 
കാട്ടാളനല്ല കാണ്‍ക വില്ലേന്തി നില്‍പ്പവന്‍ 
ധര്‍മചക്രാങ്കിതമാം കൊടിപാറുന്നുവെങ്കിലും 
കര്‍മച്യുതിയാല്‍ യുവത്വം ദയനീയമേന്തിനില്‍പ്പൂ
വില്ലല്ല കാണ്‍ക കൈയില്‍ നിറതോക്കിന്‍ കുഴലുകള്‍'   
-
മൂത്തമകന്‍ ധരണീന്ദ്രന്‍ കാണിയെ കാട്ടിലെ ക്ഷേത്രദര്‍ശനത്തിന് പോകവേ ആന ചവിട്ടിക്കൊന്നതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ഉള്ളുലച്ച സംഭവങ്ങളിലൊന്ന്. മാതൃഹൃദയത്തിന്റെ തേങ്ങല്‍ കടലാസില്‍ കുറിച്ചിട്ടതിങ്ങനെ:
'കാട്ടുപാതയിലതി ദാരുണമാംവണ്ണം 
ശാന്തനിദ്രപോല്‍ കിടന്നൊരു à´°à´‚à´—à´‚ 
കണ്ടവരാരും മറക്കുമോ? മര്‍ത്യന്റെ 
ദുഃസ്ഥിതിയോര്‍ത്താല്‍ നടുങ്ങാതിരിക്കുമോ'
സുനാമിദുരന്തമുണ്ടായപ്പോള്‍ ലോകത്തിന്റെ ആസന്നമായ പതനത്തെക്കുറിച്ചുള്ള അവരുടെ ആശങ്ക 'കാതത്തിനൊരു വിളക്ക്' എന്ന കവിതയായി. നിരവധി സ്കൂള്‍വിദ്യാര്‍ഥികള്‍ ലക്ഷ്മിക്കുട്ടിയുടെ കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ചില കലാസംഘങ്ങള്‍ അവരുടെ വില്‍പ്പാട്ടുകള്‍ വേദിയില്‍ എത്തിച്ചിട്ടുമുണ്ട്. ഏറ്റവും പുതിയ കഥ ഏതാണെന്ന ചോദ്യത്തിന് അല്‍പ്പം ആലോചിച്ചശേഷം ഉത്തരം വന്നു- 'രക്തം മടുത്ത ഉടവാള്‍'. അത് എന്താന്ന് അറിയുമോ എന്ന ചോദ്യവും പിന്നാലെ. ശ്രീബുദ്ധന്റെയും അശോക ചക്രവര്‍ത്തിയുടെയും ജീവിതം പറയുന്ന കഥയാണത്. പിന്നെ അമ്മയുടെ സംസാരം ചരിത്രത്തിന്റെ സൂക്ഷ്മതലങ്ങളിലേക്കായി. ഏത് ചരിത്രവിദ്യാര്‍ഥിയും തലതാഴ്ത്തി നിന്നുപോകും ആ അറിവിന്റെ അപാരതയ്ക്കുമുന്നില്‍. കാടിനുള്ളിലെ ഈ പഴയ എട്ടാംക്ളാസുകാരി ഇന്ന് ഫോക്ലോര്‍ അക്കാദമിയിലെ 'വിസിറ്റിങ് പ്രൊഫസര്‍'കൂടിയാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളില്‍ കെ എം ലക്ഷ്മി എന്ന പേരില്‍ ദീര്‍ഘമായ ലേഖനങ്ങളുണ്ട്. പാതിരാവ് പിന്നിടുംവരെ നീളുന്ന വായനയാണ് ലക്ഷ്മിക്കുട്ടിയുടെ അറിവിന്റെ കരുത്ത്. പേരക്കുട്ടികളുടെ പാഠഭാഗങ്ങള്‍മുതല്‍ ആരാധകര്‍ അയച്ചുകൊടുക്കുന്ന പുസ്തകങ്ങള്‍വരെ വിപുലമാണ് വായനയുടെ ലോകം. മലയാളത്തിനൊപ്പം സംസ്കൃതവും വഴങ്ങും. ഇംഗ്ളീഷും ഹിന്ദിയും മനസ്സിലാകും.*****

പൊന്മുടിത്താഴ്വരയിലെ ആദിവാസികള്‍ തങ്ങളുടെ രാജാവായി വാഴിച്ച ശതങ്കന്‍ കാണിയുടെ കൊച്ചുമകളും അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്ന കുഞ്ചുദേവിയുടെ മകളുമായ ലക്ഷ്മിക്കുട്ടിക്ക് കാട്ടറിവുകളും ചികിത്സാവിധികളും പകര്‍ന്നുകിട്ടിയത് പരമ്പരാഗതമായിത്തന്നെയാണ്. സ്വന്തം ജീവിതത്തിന്റെ പ്രൊഫൈലും സ്വയം കുറിച്ചുവച്ചിട്ടുണ്ട് ഈയമ്മ. കുഞ്ചുദേവിയുടെയും ചാത്താടി കാണിയുടെയും മകളായി 1944 മെയ് എട്ടിനാണ് ജനനം. ലവിക്കുട്ടി എന്നായിരുന്നു അന്ന് പേര്. 1948ല്‍ കല്ലാര്‍ സത്രം കുതിരാലയത്തില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടത്തില്‍ അക്ഷരം പഠിച്ചു. പിന്നീട് സര്‍ക്കാര്‍സ്കൂളാക്കിയ ഇവിടെനിന്ന് അഞ്ചാംക്ളാസില്‍ ജയിച്ച് വിതുര മിഡില്‍ സ്കൂളില്‍ ചേര്‍ന്നു. ബസിന് കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ പത്തുകിലോമീറ്ററോളം നടന്നുപോയാണ് പഠിച്ചത്. എട്ടാംക്ളാസില്‍ പഠനം മതിയാക്കേണ്ടിവന്നു. 15-ാംവയസ്സില്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി കിട്ടിയതാണ്. പോകാന്‍ കഴിഞ്ഞില്ല. പിന്നീട് മാത്തന്‍കാണിയുമായുള്ള വിവാഹം. കാട്ടില്‍ പുതിയ കുടില്‍കെട്ടി. മൂന്നുമക്കളും പിറന്നത് അവിടെ. മൂത്തമകന്‍ ധരണീന്ദ്രന്‍ കാണിയും ഇളയവന്‍ ശിവപ്രസാദും മരിച്ചു. റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് എക്സാമിനറാണ് രണ്ടാമത്തെ മകന്‍ ലക്ഷ്മണന്‍.മൊട്ടമൂട് ഊരിന്റെ മൂപ്പനായിരുന്ന ഭര്‍ത്താവ് മാത്തന്‍കാണി മരിച്ചശേഷം കാടിനുള്ളിലെ ഈ വീട്ടില്‍ പുസ്തകങ്ങളും പച്ചിലകളും മാത്രമാണ് ലക്ഷ്മിക്കുട്ടിയുടെ കൂട്ട്. അപൂര്‍വമായ അനുഭവങ്ങള്‍ക്കും നിര്‍മലമായ സ്നേഹത്തിനും നന്ദി പറഞ്ഞിറങ്ങുമ്പോള്‍ ആരും ചോദിച്ചുപോകും- ഈ കാട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ അമ്മയ്ക്ക് പേടിയില്ലേ? അമ്മയുടെ മറുപടിയിങ്ങനെ- “"കാട്ടില് ജീവിക്കാനൊത്തിരി കരുത്ത് വേണം. മനഃശുദ്ധി വേണം. അതുള്ളോണ്ട് പേടിയില്ല''.

vijeshchoodal@gmail.com


Related News