Loading ...

Home special dish

വഴുതനങ്ങ വിഭവങ്ങൾ

വഴുതനങ്ങ (കത്രിക്ക)കൊണ്ട് ഉണ്ടാക്കാവുന്ന അഞ്ചു വിഭവങ്ങളാണ് രുചിക്കൂട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. à´† രുചിക്കൂട്ട് അറിയാം... 

വഴുതനങ്ങ ഫ്രൈ 

ആവശ്യമായ സാധനങ്ങൾ 
1. കത്രിക്ക –250 ഗ്രാം 
2. മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ് –ആവശ്യത്തിന് 
3. മുളകുപൊടി –ഒരു ടീസ്പൂൺ 
4. മൈദ – ഒരു ടീസ്പൂൺ 
5. നാരങ്ങാനീര് – ഒരു ടീസ്പൂൺ 
7. വെളുത്തുള്ളി അരച്ചത് –മൂന്ന് അല്ലി.

തയാറാക്കുന്ന വിധം 
വഴുതനങ്ങ വട്ടത്തിലോ നീളത്തിലോ ശകലം കട്ടിയിൽ മുറിച്ച് കഴുകി വാലാൻ വയ്ക്കുക. നാരങ്ങാ നീരിൽ പൊടികളും ഉപ്പും അരച്ച വെളുത്തുള്ളിയും അരപ്പു ചാലിക്കാനുള്ള വെള്ളവും ചേർത്തു കുഴയ്ക്കുക. ഇതിലേക്കു മൈദയും കൂടി ചേർത്തു കുഴകണം. ഇതു വഴുതനങ്ങായിൽ പുരട്ടി അരമണിക്കൂർ വച്ചശേഷം വറുത്തെടുത്ത് ചൂടോടെ കഴിക്കുക. 

വഴുതനങ്ങ റോസ്റ്റ് 

ആവശ്യമായ സാധനങ്ങൾ 
1. അധികം മൂക്കാത്ത വഴുതനങ്ങ (ഉണ്ടവഴുതനയും വയലറ്റും നിറമുള്ളവ) –രണ്ടെണ്ണം 
2. ചെറിയ ഉള്ളി –45 എണ്ണം 
3. ചുവന്നമുളക് –56 എണ്ണം 
4. ഗരംമസാല –അര ടീസ്പൂൺ 
5. മല്ലിപ്പൊടി –അര ടീസ്പൂൺ 
6. കറിവേപ്പില പൊടിപൊടിയായി അരിഞ്ഞത് –ഒരു വലിയ കതിർ
7. വിനാഗിരി –ഒരു ടീസ്പൂൺ 
8. ഉപ്പ് –ആവശ്യത്തിന് 
9. എണ്ണ –ആവശ്യത്തിന്.

തയാറാക്കുന്ന വിധം 
വഴുതനങ്ങ വത്തിൽ ചെറുതായി അരിഞ്ഞുവയ്ക്കുക. രണ്ടു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ വിന്നാഗിരിയും ഉപ്പും കൂട്ടി അരച്ച് അരിഞ്ഞ കറിവേപ്പിലയും ചേർത്ത് വഴുതനങ്ങയിൽ പുരട്ടി അരമണിക്കൂർ വച്ച് എണ്ണയിൽ വഴറ്റി അരപ്പ് നന്നായി കഷണത്തിൽ പിടിക്കുമ്പോൾ മൊരിഞ്ഞശേഷം വാങ്ങി ഉപയോഗിക്കുക. 

വഴുതനങ്ങ പിരളൻ 

ആവശ്യമായ സാധനങ്ങൾ 
1. വഴുതനങ്ങ കഷണങ്ങൾ – ഒന്നര കപ്പ് 
2. സവാള വഴറ്റിയത് – ഒരെണ്ണം 
3. തക്കാളി (ചെറുതായി അരിഞ്ഞ് വറുത്തത് ) – രണ്ട് 
4. എണ്ണ, ഉപ്പ് –പാകത്തിന് 
5. മല്ലിയില അരിഞ്ഞത്– 1/4 കപ്പ് 

മസാലയ്ക്ക് 
1. കറുവാപ്പ – ഒരു ചെറിയ കഷണം 
2. ഏലക്ക –മൂന്ന് 
3. ഗ്രാമ്പു –രണ്ട് 
4. ചുവന്ന മുളക് – മൂന്ന് 
5. മഞ്ഞൾപ്പൊടി –അര ടീസ്പൂൺ 
6. മല്ലിപ്പൊടി –2– 3 ടീസ്പൂൺ 
7. ചുവന്നുള്ളി അരിഞ്ഞത് –ഒരു ടീസ്പൂൺ 
8. ഉലുവാപ്പൊടി – 1/4 ടീസ്പൂൺ 
9. ജീരകം –1/2 ടീസ്പൂൺ.

തയാറാക്കുന്ന വിധം 
വഴുതനങ്ങ ഉപ്പു പുരട്ടി കഴുകി വാലാൻ വയ്ക്കുക. മസാല നന്നായി അരച്ച് എണ്ണയിൽ വഴറ്റി, അതിലേക്ക് വഴറ്റിയ സാളയും വറുത്ത തക്കാളിയും ഉപ്പും വഴുതനങ്ങയും ചേർത്ത് ഇളക്കി അൽപം വെള്ളവും ചേർക്കുക. ചാറു കുറുകിയ പരുവത്തിൽ വാങ്ങി മല്ലി ഇല വിതറാം. ചപ്പാത്തിക്കു നല്ല കറിയാണ്. 

കത്രിക്ക വിന്താലു 

ആവശ്യമായ സാധനങ്ങൾ 
1. വയലറ്റു നിറമുള്ള കത്രിക്ക ഞെട്ടുപോകാതെ രണ്ടോ നാലോ ആക്കി കീറിയത് –ആറെണ്ണം 
2. സവാള അരിഞ്ഞ് മൂപ്പിച്ചത്–മൂന്നെണ്ണം 
3. തക്കാളി അരിഞ്ഞത് –രണ്ടെണ്ണം 
4. വെളുത്തുള്ളി– ഇഞ്ചി അരച്ചത് ഒരു ടീസ്പൂൺ
5. മുളകുപൊടി –രണ്ട് ടീസ്പൂൺ 
6. മഞ്ഞൾപ്പൊടി –1/4 ടീസ്പൂൺ 
7. ജീരകം –ഒരു ടീസ്പൂൺ 
8. ഉലുവ –കാൽ ടീസ്പൂൺ 
9. കടുക് –ഒരു ടീസ്പൂൺ 
10. വിനാഗിരി –ഒരു ടീസ്പൂൺ 
11. പഞ്ചസാര –ഒരു ടീസ്പൂൺ
12. വെളിച്ചെണ്ണ –അര കപ്പ്.

തയാറാക്കുന്ന വിധം 
ഉപ്പും മഞ്ഞളും പുരട്ടി കത്രിക്ക 20 മിനിറ്റ് വയ്ക്കുക. അതിനുശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് വഴുതനങ്ങാ വറുത്തു കോരുക. ബാക്കി എണ്ണ കൂടി ഒഴിച്ചു ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റി, ജീരകം, ഉലുവ, കടുക് ഇവ പൊിച്ചതും മഞ്ഞൾപ്പൊടിയും മുളകുപൊടിയും വഴറ്റി, അതിൽ അരിഞ്ഞ തക്കാളിയും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റണം. ഒരു കപ്പ് വെള്ളം ചേർത്ത് തിളവരുമ്പോൾ കത്രിക്കയും സവാളയും കൂടി ചേർത്ത് തിളച്ചു കഴിയുമ്പോൾ പഞ്ചസാരയും വിന്നാഗിരിയും ചേർക്കുക. 

കത്രിക്ക കറി 

ആവശ്യമായ സാധനങ്ങൾ 
1. കത്രിക്ക –കാൽ കപ്പ് 
2. പച്ചമുളക് –അഞ്ച് 
3. സവാള –ഒരെണ്ണം 
4. ഇഞ്ചി – കാൽ ടീസ്പൂൺ 
5. മല്ലിപ്പൊടി – മൂന്നു ടീസ്പൂൺ 
6. മുളകുപൊടി –ഒരു ടീസ്പൂൺ 
7. വെളുത്തുള്ളി –അര ടീസ്പൂൺ 
8. കുരുമുളകുപൊടി –ഒരു ടീസ്പൂൺ 
9. മഞ്ഞൾപ്പൊടി –ഒരുനുള്ള് 
10. തേങ്ങ ചിരകിയത് –ഒന്നേകാൽ കപ്പ് 
11. വാളൻപുളി –ഒരു ചെറിയ നെല്ലിക്കാ വലുപ്പം 
12. ഉപ്പ് –പാകത്തിന് 
13. വെളിച്ചെണ്ണം –മൂന്ന് ടീസ്പൂൺ.

തയാറാക്കുന്ന വിധം
നാല് അല്ലെങ്കിൽ ആറായി കത്രിക്ക മുറിച്ച് കഴുകി, ഉപ്പ് ചേർത്ത് പൊടികൾ അരച്ചു പുരി അരമണിക്കൂർ വയ്ക്കുക. അതിനുശേഷം വറുത്തെടുക്കുക. തേങ്ങായിൽ നിന്നു രണ്ടുപാൽ എടുത്തുവയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് സവാള അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കുരുമുളകുപൊടി എന്നിവ വഴറ്റുക. അതിനുശേഷം രണ്ടാംപാൽ ഒഴിക്കുക. കത്രിക്ക ഇടുക. 

പാതി വേവാകുമ്പോൾ പുളി പിഴിഞ്ഞൊഴിക്കുക. അതിനുശേഷം ഒന്നാം പാൽ ഒഴിച്ച് ചൂടാകുമ്പോൾ വാങ്ങി വച്ചശേഷം കടുകു താളിച്ചൊഴിക്കുക.

ആൻസ ഐസക്ക് വെട്ടൂർ

Related News