Loading ...

Home Kerala

തദ്ദേശസ്വയംഭരണ വകുപ്പില്‍ പൊതുസര്‍വീസ് വരുന്നു; ജനുവരിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം; തദ്ദേശസ്വയംഭരണ വകുപ്പിലെ 5 വകുപ്പുകളെ സംയോജിപ്പിച്ചുള്ള പൊതുസര്‍വീസ് ജനുവരിയില്‍ നടപ്പിലാക്കിയേക്കും. ഇതിനായുള്ള പ്രത്യേകചട്ടങ്ങളുടെ കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എന്‍ജിനീയറിങ്, നഗര- ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകീകരിച്ചാണ് പൊതുസര്‍വീസ് വരുന്നത്. ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് കമ്മിഷന്‍ സമര്‍പ്പിച്ച കരട്ചട്ടങ്ങളും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് കരട് തയാറാക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് തദ്ദേശസ്വയംഭരണ വകുപ്പില്‍ പൊതുസര്‍വീസ് കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെതിരെ ഒരു വിഭാ​ഗം ജീവനക്കാര്‍ രം​ഗത്തെത്തുകയായിരുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ ഏതാനും സംഘടനകള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. താഴെത്തട്ടിലെ ജനങ്ങള്‍ക്കുള്ള സേവനത്തില്‍ പൊതുസര്‍വീസ് പ്രയോജനപ്പെടില്ലെന്ന വാദവും സംഘടനകള്‍ ഉയര്‍ത്തുന്നു. പൊതുസര്‍വീസ് നടപ്പാക്കുന്നതിന് ട്രൈബ്യൂണല്‍ വിലക്കേര്‍പ്പെടുത്തിയില്ലെങ്കിലും ജീവനക്കാരുടെ സേവനവ്യവസ്ഥകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ ചട്ടങ്ങളുടെ കരട് സംബന്ധിച്ചു സര്‍വീസ് സംഘടനകളുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകും. തുടര്‍ന്നു പ്രത്യേകചട്ടങ്ങള്‍ പൊതുഭരണവകുപ്പ് വഴി കേരള പബ്ലിക് സര്‍വീസ് കമ്മിഷന് അയച്ചുകൊടുക്കും. പിഎസ്‌സി അംഗീകരിച്ച ശേഷം സര്‍ക്കാര്‍ അവ വിജ്ഞാപനം ചെയ്യും. തദ്ദേശതിരഞ്ഞെടുപ്പിനു മുന്‍പ് സര്‍വീസ് നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ നിയമനടപടികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതിന് തടസമായി. ഇനി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു നടപ്പാക്കുകയാണു ലക്ഷ്യം.



Related News