Loading ...

Home Gulf

വിലക്ക് നീക്കി; വിദേശികള്‍ക്ക് സൗദിയില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതി

മനാമ : കോവിഡ്-19 പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ച്‌ വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സൗദി അനുമതി. ഈ ആവശ്യാര്‍ഥം വിദേശ എയര്‍ലൈന്‍സുകള്‍ക്ക് സൗദിയിലേക്ക് ചാര്‍ട്ടര്‍ സര്‍വീസ് നടത്താമെന്നും സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി സര്‍ക്കുലറില്‍ അറിയിച്ചു.ഒരാഴ്ച നീണ്ട അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്കിനാണ് ഇതോടെ അറുതിയായത്. പുതിയ നിബന്ധന പ്രകാരം വിദേശികളെ കൊണ്ടുപോകാന്‍ സൗദിയില്‍ വരുന്ന വിദേശ എയര്‍ലൈന്‍സ് പൈലറ്റുമാരും ജീവനക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങരുത്. ഇവര്‍ക്ക് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരുമായി ശാരീരിക സമ്ബര്‍ക്കം ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.

ജനിതകമാറ്റം വന്ന പുതിയ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ക്ക് ഇത് ബാധകമല്ല. അവിടേക്കുള്ള സര്‍വീസ് വിലക്ക് തുടരും. സ്വദേശികള്‍ക്ക് യാത്രാ അനുമതിയില്ല. അതുപോലെ വിദേശത്തു നിന്ന് ആര്‍ക്കും വരാനും അനുമതിയില്ല.ബ്രിട്ടനിടക്കം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതകമാറ്റം വന്ന കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തില്‍ ഡിസംബര്‍ 20 ന് ഞായറാഴ്ചയാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് സൗദി നിര്‍ത്തിവെച്ചത്. കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലത്തേക്കാണ് വിലക്ക് എന്ന് അധികാരികള്‍ വ്യക്തമാക്കിയിരുന്നു.

വിലക്ക് നീക്കിയ പാശ്ചാത്തലത്തില്‍ വന്ദേഭാരത് വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കും. അതേസമയം, സൗദിയിലേക്ക് വരാന്‍ അനുമതിയില്ലാത്തത് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന മലയാളി പ്രവാസികള്‍ക്ക് പ്രയാസമാകും. വിമാന വിലക്ക് നിലവില്‍ വരുംമുന്‍പ് യുഎഇ വഴിയായിരുന്നു പ്രവാസികള്‍ സൗദിയില്‍ പ്രവേശിച്ചിരുന്നത്. യാത്ര പുറപ്പെടുന്നതിനുമുമ്ബ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് സൗദിയില്‍ വിലക്കുണ്ട്. ഇത് മറികടക്കാന്‍ സന്ദര്‍ശനവിസയില്‍ ദുബായിലെത്തി അവിടെ 14 ദിവസം തങ്ങി കോവിഡ് പരിശോധന നടത്തിയായരുന്നു പ്രവാസികള്‍ എത്തിയിരുന്നത്. ഇങ്ങിനെ സൗദിയിലേക്ക് മടങ്ങാന്‍ കാത്തിരുന്ന നൂറുകണക്കിന് മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലാണ്.

Related News