Loading ...

Home National

കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട് -സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. കര്‍ഷക സമരത്തിനെതിരായി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിരീക്ഷണം. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്രകാലവും സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, റോഡുകള്‍ തടഞ്ഞുള്ള സമരരീതി മാറ്റണമെന്നും കോടതി പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. കേന്ദ്രവും കര്‍ഷകരും ചര്‍ച്ച തുടരണം. ഇതിനായി ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കാനാണ് തീരുമാനമെന്നും ഇരുകക്ഷികള്‍ക്കും അവരുടെ വാദങ്ങള്‍ അറിയിക്കാമെന്നും കോടതി നിര്‍ദേശിച്ചു. പി. സായിനാഥിനെ പോലെ കാര്‍ഷിക മേഖലയില്‍ അവഗാഹമുള്ളവര്‍, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളായുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.

അതേസമയം, ഒരു നഗരത്തെ ഇതുപോലെ സ്തംഭിപ്പിക്കരുതെന്നും അക്രമമാര്‍ഗങ്ങളിലേക്ക് നീങ്ങരുതെന്നും കോടതി കര്‍ഷകരോട് നിര്‍ദേശിച്ചു. കര്‍ഷകരോട് കോടതിക്ക് അനുകമ്പയാണുള്ളത്. പക്ഷേ, പ്രതിഷേധ രീതി മാറ്റണം -കോടതി പറഞ്ഞു.

ഡല്‍ഹിയിലുള്ളത് വെറും ജനക്കൂട്ടമല്ലെന്നും കര്‍ഷകരാണെന്നും പഞ്ചാബ് സര്‍ക്കാറിനായി ഹജരായ കോണ്‍ഗ്രസ് നേതാവ് കൂടിയായ പു. ചിദംബരം പറഞ്ഞു. കര്‍ഷകരല്ല, പൊലീസാണ് റോഡുകള്‍ ബ്ലോക്ക് ചെയ്തത്. പൊലീസ് റോഡുകളെല്ലാം അടച്ച ശേഷം കര്‍ഷകര്‍ റോഡ് തടയുന്നുവെന്ന് പറയുകയാണ്. ഞങ്ങള്‍ റോഡ് തടയുകയാണെന്ന് ഏത് കര്‍ഷക സംഘടനയാണ് പറഞ്ഞിട്ടുള്ളത് -ചിദംബരം ചോദിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മാത്രം ആവശ്യപ്പെട്ടല്ല കര്‍ഷകര്‍ എത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ആറ് മാസത്തേക്കുള്ള കരുതലുകളുമായാണ് കര്‍ഷകര്‍ വന്നത്. യുദ്ധകാലത്താണ് ഇത്തരം ഉപരോധങ്ങള്‍ കാണാറെന്നും കേന്ദ്രത്തിനായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

എന്നാല്‍, ഡല്‍ഹി നഗരത്തിന്‍റെ ഒരു ഭാഗത്ത് മാത്രം കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ നഗരം മുഴുവന്‍ സ്തംഭിക്കുന്നത് എങ്ങിനെയെന്ന് കോടതി ചോദിച്ചു. എല്ലാ റോഡുകളും തടയുകയാണെന്നായിരുന്നു കേന്ദ്രം മറുപടി നല്‍കിയത്.കര്‍ഷകര്‍ പിടിവാശി കാണിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞപ്പോള്‍, സര്‍ക്കാറിനെ കുറിച്ച്‌ കര്‍ഷകര്‍ക്കും ഇതേ നിലപാടാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കര്‍ഷക സമരം അടിയന്തര ആരോഗ്യ സേവനങ്ങള്‍ക്ക്​ തടസം സൃഷ്​ടിക്കുകയാണെന്ന്​ ആരോപിച്ചാണ് സുപ്രീം​ കോടതിയില്‍ ഹരജി എത്തിയത്. എത്രയും പെ​ട്ടെന്ന്​ കര്‍ഷകരെ അവിടെ നിന്നും മാറ്റാന്‍ നിര്‍ദേശിക്കണമെന്നാണ്​ ഹരജിക്കാര്‍ ആവശ്യപ്പെട്ടത്.

Related News