Loading ...

Home National

നിരാഹാരമിരുന്ന് കര്‍ഷകര്‍; സമരമുഖത്തേക്ക്‌ രാജസ്‌ഥാന്‍ കർഷകരും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന സമരത്തിനു പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍. ഇന്നു സിംഘുവില്‍ രാവിലെ എട്ട്‌ മുതല്‍ വൈകിട്ട്‌ അഞ്ച്‌ വരെ കര്‍ഷക നേതാക്കള്‍ ഉപവസിക്കും. എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും ധര്‍ണ സംഘടിപ്പിക്കുമെന്നു കര്‍ഷക നേതാവ്‌ ഗുലാം സിങ്‌ ചിന്തോണി അറിയിച്ചു. വിവാദമായ മൂന്ന്‌ കര്‍ഷക നിയമങ്ങളും റദ്ദാക്കിയില്ലെങ്കില്‍ 19 മുതല്‍ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങുമെന്നു കര്‍ഷക നേതാവ്‌ സന്‍ദീപ്‌ ഗിദ്ദു അറിയിച്ചു.

അതിനിടെ, കര്‍ഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ ഇന്ന്‌ ഉപവാസം നടത്തും. 
" കര്‍ഷകര്‍ ദേശവിരുദ്ധരാണെന്നാണ്‌ ബി.ജെ.പി. നേതാക്കളും ചില കേന്ദ്രമന്ത്രിമാരും പറയുന്നത്‌. ആയിരക്കണക്കിനു മുന്‍ സൈനികര്‍ കര്‍ഷകര്‍ക്കൊപ്പം സമരത്തിനുണ്ട്‌. അവര്‍ ദേശവിരുദ്ധരാണോ? രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള കായിക താരങ്ങള്‍ മെഡലുകള്‍ തിരിച്ചുനല്‍കി. അവരും ദേശവിരുദ്ധരാണോ?-കെജ്‌രിവാള്‍ ചോദിച്ചു.
രാജസ്‌ഥാനില്‍നിന്നുള്ള ആയിരക്കണക്കിനു കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്കു ട്രാക്‌ടര്‍ മാര്‍ച്ച്‌ നടത്തി. കര്‍ഷകരെ ഹരിയാന അതിര്‍ത്തിയിലെ റിവാരിയില്‍വച്ച്‌ പോലീസ്‌ തടഞ്ഞു. മാര്‍ച്ചിനെത്തുടര്‍ന്നു മൂന്നു മണിക്കൂറോളം അടച്ച ഡല്‍ഹി-ജയ്‌പുര്‍ ദേശീയ പാത വൈകിട്ട്‌ ഭാഗികമായി തുറന്നു. ഷാജഹാന്‍പുരില്‍നിന്ന്‌ ഇന്നലെ രാവിലെയാണു മാര്‍ച്ച്‌ തുടങ്ങിയത്‌. സ്വരാജ്‌ അഭിയാന്‍ നേതാവ്‌ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചിനൊപ്പം മേധാ പട്‌കറുമുണ്ട്‌. രാജസ്‌ഥാനിലെ നീമ്‌റാണിയില്‍നിന്നുള്ള ഒരു വിഭാഗം കര്‍ഷകരും മാര്‍ച്ചിന്‌ ഒരുങ്ങുന്നുണ്ട്‌. നിലവില്‍ പഞ്ചാബ്‌, ഹരിയാന, ഉത്തര്‍പ്രദേശ്‌ സംസ്‌ഥാനങ്ങളിലെ കര്‍ഷകരാണ്‌ ഉപരോധം നടത്തുന്നത്‌.

പഞ്ചാബില്‍നിന്നുള്ള കര്‍ഷകരെപ്പോലെ തയാറെടുപ്പുകളുമായല്ല രാജസ്‌ഥാനി കര്‍ഷകര്‍ എത്തിയിരിക്കുന്നത്‌്. എന്നാല്‍, നാട്ടുകാര്‍ ഇവര്‍ക്കു ഭക്ഷണവും വെള്ളവും മറ്റും നല്‍കുന്നുണ്ട്‌.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട മൂന്നു ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്‌ച പരിഗണിക്കും. റോഡ്‌ ഉപരോധിക്കുന്ന കര്‍ഷകരെ നീക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹിയില്‍നിന്നുള്ള വിദ്യാര്‍ഥി നല്‍കിയതാണ്‌ ആദ്യ ഹര്‍ജി. പോലീസ്‌ ബലപ്രയോഗം നടത്തിയതിനാല്‍ കര്‍ഷകര്‍ക്കു നഷ്‌ടപരിഹാരം നല്‍കണം, ഡല്‍ഹിയിലേക്കു നീങ്ങാന്‍ കര്‍കരെ അനുവദിക്കണം എന്നിവയാണു മറ്റു രണ്ടു ഹര്‍ജികളിലെ ആവശ്യങ്ങള്‍.

Related News