Loading ...

Home Kerala

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ 76% ശതമാനത്തിലേറെ പോളിംഗ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും മലയാളി കോവിഡിനെ ഭയന്ന് വീട്ടിലിരുന്നില്ല. രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ച്‌ പ്രാഥമിക കണക്കുകള്‍ പുറത്ത് വരുമ്ബോള്‍ 76% പേര്‍ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു ശരാശരി പോളിങ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു ശരാശരി പോളിങ്. വൈകുന്നേരം അഞ്ച് മണിയോടെ തന്നെ ഒന്നാം ഘട്ട വോട്ടെടുപ്പിനേക്കാള്‍ പോളിങ് രണ്ടാം ഘട്ടത്തില്‍ രേഖപ്പെടുത്തി. നിലവില്‍ 76 ശതമാനമാണ് പോളിങ് നില അന്തിമകണക്കുകള്‍ വരുമ്ബോള്‍ ഇതില്‍ വ്യത്യാസം വരും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയായിരുന്നു പോളിങ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.

വൈകുന്നേരം ആറുമണി വരെ 75.41 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ തൃശൂരിലെ വടക്കാഞ്ചേരിയില്‍ മന്ത്രി എ.സി മൊയ്തീന്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. വിവാദങ്ങള്‍ ബാധിക്കില്ലെന്നും വീട് മുടക്കുന്നവര്‍ക്ക് ജനം വോട്ട് നല്‍കില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പ്രതികരിച്ചു. രാവിലെ ആറര മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിങ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്.

അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തിയത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ബൂത്തുകള്‍ക്ക് മുന്നില്‍ കണ്ടത്. ഉച്ചവരെ ഈ ട്രന്‍ഡ് തുടര്‍ന്നു. ഉച്ചയ്ക്ക് ശേഷം പലയിടത്തും പോളിങ് മന്ദഗതിയായെങ്കിലും പിന്നീട് വൈകുന്നേരത്തോടെ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ ദൃശ്യമായി. കെോവിഡ് രോഗികളും കോവിഡ് നിരീക്ഷണത്തിലുള്ളവരും പോളിംഗിന്റെ അവസാന മണിക്കൂറില്‍ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ആറ് മണിക്ക് ശേഷം ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്ക് സ്ലിപ്പ് നല്‍കിയാണ് വോട്ട് ചെയ്യിപ്പച്ചത്.

457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 350 ഗ്രാമപഞ്ചായത്തുകളിലേക്കും 58 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 5 ജില്ലാ പഞ്ചായത്തിലേക്കും രണ്ട് കോര്‍പ്പറേഷനുകളിലേക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 451 തദ്ദേശഭരണസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്ക് ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ഇന്ന് പോളിം​ഗ് സ്റ്റേഷനുകളില്‍ എത്തിയത്.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം, ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ് ഇക്കുറി. ഇന്നത്തെ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാവും. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോണ്‍ഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.

രണ്ട് തവണ തുടര്‍ച്ചയായി കൊച്ചി കോര്‍പറേഷന്‍ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാല്‍ ജനപിന്തുണ തങ്ങള്‍ക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എല്‍ഡിഎഫ് കാഴ്ചവെച്ചത്. ഇന്നത്തെ വോട്ടെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂര്‍ കോര്‍പറേഷനിലേക്ക് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

പാലക്കാട് നഗരഭരണം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന കിഴക്കമ്ബലത്തും സമീപമുള്ള നാല് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മയായ ട്വന്റി 20 -യുടെ പ്രകടനമാണ് ഉറ്റുനോക്കപ്പെടുന്നത്. കിഴക്കമ്ബലത്ത് ഭരണം നിലനി‍ര്‍ത്താനും മറ്റു പഞ്ചായത്തുകളിലും വിജയം ആവ‍ര്‍ത്തിക്കാന്‍ സാധിച്ചാലും എറണാകുളത്തിന്റെ രാഷ്ട്രീയഭൂപടം തന്നെ ഒരു പക്ഷേ ട്വന്റി 20 മാറ്റിയെഴുത്തിയേക്കും.

Related News