Loading ...

Home Gulf

യു.എ.ഇ- ഇന്ത്യ ഉച്ചകോടിക്ക് തുടക്കം;ഭക്ഷ്യസഹകരണം ശക്തമാക്കും

ഭക്ഷ്യമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യ - യു.എ.ഇ ഭക്ഷ്യസുരക്ഷ ഉച്ചകോടിക്ക് തുടക്കം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്ഡസ്ട്രിയും സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടി ബുധനാഴ്ച സമാപിക്കും.ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പദ്ധതി മുഖേന യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മൂന്ന് മടങ്ങ് വര്‍ധിക്കുമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന പറഞ്ഞു. നിലവിലെ രണ്ട് ബില്യണ്‍ ഡോളര്‍ ഇടപാട് 67 ബില്യണായി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇ നിക്ഷേപകരെ സംസ്ഥാന കാര്‍ഷിക മേഖലയിലേക്ക് ക്ഷണിക്കുന്നതായി പഞ്ചാബ് പ്രവാസികാര്യ മന്ത്രി റാണ ഗുര്‍മീത് സിങ് സോധി പറഞ്ഞു. ഇന്ത്യ - യു.എ.ഇ ഭക്ഷ്യ കോറിഡോര്‍ പദ്ധതി മുഖേന 20 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് യു.എ.ഇ സാമ്ബത്തീകകാര്യ മന്ത്രാലയം അിസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ജുമ അല്‍ കൈത് പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ അധ്യക്ഷത വഹിച്ചു.ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, ഭക്ഷ്യ ഉല്‍പാദനത്തിെന്റെ സുസ്ഥിര മാതൃകയുണ്ടാക്കുക, കാര്യക്ഷമത കൈവരിക്കുക തുടങ്ങിയ പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ഡോ. അമന്‍ പുരി പറഞ്ഞു. സമ്മിറ്റില്‍ ജമ്മു കശ്മീര്‍ കാര്‍ഷിക പ്രിന്‍സിപ്പല്‍ സെക്രട്ടറി നവീന്‍ കെ. ചൗധരിയും സംബന്ധിച്ചു. നിക്ഷേപകര്‍, സംരംഭകര്‍, കയറ്റുമതിക്കാര്‍, ഇറക്കുമതിക്കാര്‍ ഉള്‍പെടെ 200ഓളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

Related News