Loading ...

Home Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും, കൊട്ടിക്കലാശം പാടില്ല

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം നാളെ ( ഡിസംബര്‍ 06 ) അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശം. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ അഭ്യര്‍ഥിച്ചു. വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ ജങ്ഷനുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ സമയം നിര്‍ത്തിയിട്ട് അനൗണ്‍സ്‌മെന്റ് നടത്തുന്നതായും ഇതുമൂലം ആള്‍ക്കൂട്ടമുണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസിനും കളക്ടര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കും. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ ഇതിന്റെ ആവശ്യമില്ലെന്നും കളക്ടര്‍ പഞ്ഞു.

Related News