Loading ...

Home National

കര്‍ഷക സമരത്തിന് പിന്തുണ, ട്രൂഡോയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യ; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കര്‍ഷകരെ കനേഡിയന്‍ പ്രധാനമന്ത്രി പിന്തുണച്ചതില്‍ കനേഡിയന്‍ ഹൈക്കമീഷണറെ വിളിച്ച്‌ വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിന് ഗുരുതരമായി ആഘാതം സൃഷ്ടിക്കുന്നതാണ് പ്രധാനമന്ത്രിയുടേത് ഉള്‍പ്പെടെയുള്ള കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പരാമര്‍ശമെന്ന് കനേഡിയന്‍ ഹൈക്കമീഷണര്‍ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. 'കര്‍ഷകരുടെ പ്രതിഷേധത്തെകുറിച്ച്‌ ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച്‌ ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച്‌ ശ്രമിക്കേണ്ട സന്ദര്‍ഭമാണിത്'- ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞ വാക്കുകളാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് കനേഡിയന്‍ ഹൈക്കമീഷണറെ വിളിച്ച്‌ വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ പ്രധാനമന്ത്രിയുടേത് ഉള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങളുടെ പരാമര്‍ശം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റിനും മുന്‍പില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി തടിച്ചുകൂടിയവരെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് സുരക്ഷ സംബന്ധിച്ച്‌ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കനേഡിയന്‍ സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Related News