Loading ...

Home Kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ട്യൂഷന്‍ സെന്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഗവണ്‍മെന്റ് ഉത്തരവിറക്കി. സാങ്കേതിക, സ്വകാര്യ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയാണ് ഉത്തരവ്. പൊതുവിദ്യാലയങ്ങള്‍ക്ക് ഇളവ് ബാധകമല്ല.18ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെ തൊഴിലധിഷ്ടിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന്‍ സെന്ററുകള്‍, കമ്ബ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവ തുറക്കാനാണ് ഉപാധികളോടെ അനുമതി നല്‍കിയത്. ഈ സ്ഥാപനങ്ങളില്‍ ഒരേസമയം വിദ്യാര്‍ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ പരമാവധി 100 വ്യക്തികളോ ആയി പരിമിതപ്പെടുത്തണമെന്ന ഉപാധിയോടെയാണ് തുറക്കാന്‍ അനുമതി നല്‍കിയത്. പാരലല്‍ കോളജുകള്‍, എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവയക്കും ഉത്തരവ് ബാധകമാകും എന്നാണ് അറിയുന്നത്. അതേസമയം, പൊതു വിദ്യാലയങ്ങളും കോളജുകളും സര്‍ക്കാര്‍ പരിശീലന കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകം. നൃത്ത വിദ്യാലയങ്ങള്‍ എന്ന് പ്രത്യേകം പറഞ്ഞതിനാല്‍ മറ്റു കലാ പരിശീലന കേന്ദ്രങ്ങള്‍ ഉത്തരവിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

Related News