Loading ...

Home National

ജപ്പാനിലെ ഫുക്കുഷിമ ആണവമാലിന്യം കടലിലേക്ക്; ഇന്ത്യയുള്‍പ്പെടെ തെക്കനേഷ്യന്‍ രാജ്യങ്ങൾക്ക് അർബുദ ഭീഷണി

ന്യൂഡല്‍ഹി :ഫുക്കുഷിമയിലെ തകര്‍ന്ന ആണവകേന്ദ്രത്തില്‍നിന്ന് റേഡിയോ ആക്ടീവ് മാലിന്യം നിറഞ്ഞ ജലം കടലിലേക്ക് ഒഴുക്കാനുള്ള ജപ്പാന്റെ തീരുമാനം ഇന്ത്യയുള്‍പ്പെടെ തെക്കനേഷ്യന്‍ തീരങ്ങളില്‍ വന്‍ ആശങ്കയുയര്‍ത്തുന്നു. ഏഷ്യന്‍ തീരങ്ങളിലെ കടല്‍ജീവികളെയും മനുഷ്യരെയും ബാധിച്ചേക്കാവുന്ന വിഷയമാണിത്. 2022 ഓടെ റേഡിയോ ആക്ടീവ് ജലം കടലിലേക്ക് ഒഴുക്കാനാണ് ജപ്പാന്റെ തീരുമാനം. പൊതുവില്‍ പൂര്‍ണതോതില്‍ നശിക്കാന്‍ 12 മുതല്‍ 30 വര്‍ഷം വരെയെടുക്കുന്ന സീഷ്യം, ട്രിഷ്യം, കൊബാള്‍ട്ട്, കാര്‍ബണ്‍-12 തുടങ്ങിയ റേഡിയോആക്ടീവ് ഐസോട്ടോപ്പുകളുടെ വലിയൊരു ശേഖരമാണ് ഈ ആണവജലത്തില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഐസോടോപ്പുകളുമായി ബന്ധപ്പെടുന്ന ഏതിനെയും ഇവ ബാധിക്കാനിടയുണ്ടെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. മേഖലയിലെ മീന്‍പിടിത്ത വ്യവസായത്തെയും അതിനോട് അനുബന്ധിച്ച സമ്ബദ്‌വ്യവസ്ഥയെയും ഇത് ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അര്‍ബുദം അടക്കമുള്ള പലവിധ രോഗങ്ങളും ഇതിലൂടെ വര്‍ദ്ധിക്കുമെന്നും വിദഗ്ദ്ധര്‍‌ മുന്നറിയിപ്പ് നല്‍കുന്നു.പരിസ്ഥിതിയും ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടത് മനുഷ്യകുലം നിലനിന്നു പോകുന്നതിന് അത്യാവശ്യമാണെന്ന് ഡി.ആര്‍.ഡി.ഒ ഹെല്‍ത്ത് സയന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ എ.കെ. സിംഗ് പറയുന്നു. ഇത്രയും ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത് ആദ്യത്തെ സംഭവമായിരിക്കുമെന്നും മറ്റുള്ളവര്‍ക്കും ഇതു തെറ്റായ മാതൃക കാണിച്ചുകൊടുക്കുമെന്നും ഇന്ത്യയിലെ മുതിര്‍ന്ന ആണവാരോഗ്യ ശാസ്ത്രജ്ഞന്മാരില്‍ ഒരാള്‍ കൂടിയായ അദ്ദേഹം പറഞ്ഞു. 2011 മാര്‍ച്ച്‌ 11നാണ് റിക്ടര്‍ സ്കെയിലില്‍ 9.0 രേഖപ്പെടുത്തിയ ഭൂകമ്ബം ജപ്പാന്റെ വടക്കു-കിഴക്കന്‍ തീരമേഖലയില്‍ ഉണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ സൂനാമിയില്‍ 5306 മെഗാവാട്ട് ശേഷിയുള്ള ഫുക്കുഷിമ ആണവ കേന്ദ്രത്തിലേക്ക് 15 മീറ്റര്‍ ഉയരത്തില്‍ സമുദ്രജലം കയറി. 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട ലോകത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ആണവദുരന്തമായാണ് ഫുക്കുഷിമ ദുരന്തം വിലയിരുത്തപ്പെടുന്നതും. ഈ ദുരന്തത്തിനുപിന്നാലെ 1.2 ദശലക്ഷം ടണ്ണോളം വരുന്ന റേഡിയോആക്ടീവ് മാലിന്യം കലര്‍ന്ന വെള്ളം ആയിരത്തിലേറെ ടാങ്കുകളിലായി ഫുക്കുഷിമ പ്ലാന്റിനു സമീപം വേര്‍തിരിച്ച മേഖലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Related News