Loading ...

Home International

അഫ്ഗാനിലും ഇറാഖിലും സൈനികരെ വെട്ടിക്കുറച്ച്‌ ട്രംപ്; അപകടമുന്നറിയിപ്പ് നല്‍കി റിപ്പബ്ലിക്കന്‍ നേതാക്കള്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറക്കം ഉറപ്പിച്ചതോടെ ട്രംപ് വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈന്യത്തെ വെട്ടിക്കുറയ്ക്കുന്ന നടപടി തുടരുന്നു. അഫ്ഗാനിലും ഇറാഖിലുമുള്ള സേനകളെ തിരികെ വിളിച്ച്‌ ട്രംപ് രണ്ടു ദിവസമായി എടുക്കുന്ന തീരുമാനത്തിനെതിരെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പുമായി രംഗത്തെത്തി. മാക് കോണല്‍, മാക് തോണ്‍ബെറി, ബെന്‍ സാസേ എന്നിവരാണ് ട്രംപിന്റെ ധൃതി പിടിച്ചുള്ള തീരുമാനം വലിയ തെറ്റാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മധ്യേഷ്യയില്‍ അമേരിക്കന്‍ സേന ഇല്ലാതാകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സെനറ്റര്‍മാര്‍ പറയുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നുവെന്ന പേരില്‍ അഫ്ഗാനില്‍ അമേരിക്ക സേനാ പിന്മാറ്റം ഘട്ടം ഘട്ടമായി നടത്തിവരികയാണ്. കഴിഞ്ഞ ദിവസത്തെ തീരുമാനപ്രകാരം അഫ്ഗാനില്‍ സൈന്യത്തെ 2500 ആക്കി കുറച്ചു. ഇതോടൊപ്പം ഇറാഖിലെ സൈന്യത്തേയും 2500ലേക്ക് പരിമിതപ്പെടുത്തുകയാണ്. അഫ്ഗാനില്‍ 4500 സൈനികര്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 2500 ലേക്ക് ചുരുക്കിയത്. സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണ്ണമാക്കാന്‍ 2021 ജനുവരി 15 ആണ് അവസാന സമയമായി തീരുമാനിച്ചിരിക്കുന്നത്. ജനുവരി 20നാണ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. അഫ്ഗാനില്‍ അമേരിക്ക സൈന്യത്തെ കുറച്ചതോടെ താലിബാന്‍ ഭീകരരുടെ ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്. 2001 മുതലാണ് അഫ്ഗാനില്‍ അമേരിക്കന്‍ സേന നിലയുറപ്പിച്ചത്. അല്‍ ഖായ്ദക്കെതിരെയുള്ള നീക്കത്തിനാണ് അഫ്ഗാനില്‍ അമേരിക്കന്‍ സേന എത്തിയത്. ഇറാഖിലെ സേനാ കേന്ദ്രത്തില്‍ നിന്നാണ് അമേരിക്ക മധ്യേഷ്യയിലെ വിവിധ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നത്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ അമേരിക്കയുടെ നടപടികള്‍ കടുപ്പിക്കാനാണ് ഇറാഖ് കേന്ദ്രീകരിച്ച്‌ സൈനിക വിന്യാസം വര്‍ധിപ്പിച്ചത്. ഇതുകൂടാതെ യു.എ.ഇ കേന്ദ്രീകരിച്ച്‌ അമേരിക്കയുടെ ബഹിരാകാശ സേനാ വിഭാഗവും പ്രവര്‍ത്തിക്കുകയാണ്.

Related News