Loading ...

Home National

ഇന്ത്യ- അന്ധവിശ്വാസത്തിന്റെ വഴിയിൽ- ലിസി സണ്ണി സ്റ്റീഫൻ

ഇന്ത്യയിൽ അന്ധവിശ്വാസം വേരുറയ്ക്കുന്നു. ഉത്തർപ്രദേശിൽ ദീപാവലി രാത്രിയിൽ ആറു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കരളും ആന്തരാവയവങ്ങളും എടുത്തുമാറ്റിയ നിലയിൽ , മൃതദേഹം കണ്ടെത്തി.ഏതോ ഒരു ആൾദൈവം, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക്‌ കുഞ്ഞുങ്ങളുണ്ടാകാൻ പെൺകുട്ടിയുടെ കരൾ തിന്നാൽ മതിയെന്ന് ഉപദേശിച്ചു.

ഇന്ത്യയിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ച്‌ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്‌. ആധുനിക ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും അമാനുഷികതയുടെ പുറകെ പോകുന്ന ചില അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും എല്ലാ മതങ്ങളിലുമുണ്ട്‌. യാത്രയ്കിറങ്ങുമ്പോൾ പൂച്ച കുറുകെ ചാടുന്നത്‌, കാക്ക വിരുന്നു വിളിക്കുന്നത്‌, വാതിലിൽ നാരങ്ങയും മുളകും കെട്ടിത്തൂക്കിയിടുന്നത്‌, ഉള്ളം കൈചൊറിഞ്ഞാൽ പണം ലഭിക്കും എന്നുപറയുന്നതൊക്കെ അന്ധവിശ്വാസങ്ങളുടെ ചെറിയ ഉദാഹരണങ്ങൾ മാത്രം. വിദ്യാഭ്യാസമില്ലായ്മ അന്ധവിശ്വാസത്തിന്‌ കാരണമായിപ്പറയുമ്പോഴും ഉന്നതവിദ്യാഭ്യാസമുള്ളവരും ഇതിന്‌ അടിമകളാണ്‌. മതവിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്നതുപോലെ തന്നെ അന്ധവിശ്വാസങ്ങളും തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നു.

നരബലി ഇന്ത്യയിൽ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്‌.പക്ഷേ ഗ്രാമങ്ങളിൽ നടക്കുന്ന കുരുതികൾ പലതും മൂടിവെയ്ക്കപ്പെടുന്നു. ഉത്തർപ്രദേശിൽ1999നും 2006നുമിടയിൽ ഏതാണ്ട്‌ 200 കുട്ടികളെ കുരുതികൊടുത്തതായി കണക്കുകൾ തെളിയിക്കുന്നു.2001നും 2006നുമിടയ്ക്ക്‌ ആസ്സാമിൽ 300 പേർ അന്ധവിശ്വാസത്തിന്റെപേരിൽകൊലചെയ്യപ്പെട്ടു.2005നും 2010നുമിടയിൽ ദുർമന്ത്രവാദികളുടെ ഉപദേശം കേട്ട്‌ 35 പേർ ഒഡീഷയിൽ സുന്ദർഗാർഹ്‌ ജില്ലയിൽ വധിക്കപ്പെട്ടു.

എത്രലോകാവസാനങ്ങളും ഭരണമാറ്റങ്ങളും യുദ്ധങ്ങളും ദുരന്തങ്ങളുമൊക്കെ ഭാവി പ്രവചിക്കുന്നവർ പറഞ്ഞുവെച്ചു; ഒന്നും സംഭവിച്ചില്ലെന്ന് കാലം തെളിയിച്ചു.സ്വന്തം ഭാവി എന്തായിത്തീരും എന്നു പറയാനറിയാത്തവർ കൈനോക്കി മറ്റുള്ളവരുടെ ഭാവി പറയുന്നു.

ട്രിനിറ്റി കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ദി സ്റ്റഡി ഓഫ്‌ സെക്കൂലറിസം ഇൻ സൊസൈറ്റി ആന്റ്‌ കൾച്ചറും centre for inquiry,India യും 2007 ൽ ശാസ്ത്രജ്ഞരുടെ,ലോകവീക്ഷണവും അഭിപ്രായവും അറിയുന്നതിനു വേണ്ടിനടത്തിയ സർവേയിൽ , 130 സ്ഥാപനങ്ങളിൽ നിന്ന് 1150 ശാസ്ത്രജ്ഞർ പങ്കെടുത്തു. അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിൽ , 24% പേർ ആൾദൈവങ്ങളിലും 38% പേർ ദൈവത്തിലും വിശ്വസിക്കുന്നു.എന്നാൽ സ്വന്തം വിശ്വാസം വഴിയുള്ളരോഗശാന്തിയിൽ വിശ്വസിക്കുന്നവർ16% മാത്രമാണ്‌.14% വാസ്തുവിലും 14% ജ്യോതിഷത്തിലും വിശ്വസിക്കുന്നു. ജ്യോതിഷത്തെ വിമർശിക്കുന്ന ശാസ്ത്രജ്ഞർ ഏറെയുണ്ട്‌. പുതിയ വ്യവസായ സംരഭങ്ങൾ തുടങ്ങാനും സിനിമാ നിർമ്മാണത്തിനും പുതിയ ജോലിയിൽ പ്രവേശിക്കുമ്പോഴും, ഗൃഹനിർമ്മാണത്തിനും വാഹനം വാങ്ങാനും , പാരമ്പര്യമായി കാലവും സമയവുമൊക്കെ നോക്കുന്ന അഭ്യസ്തവിദ്യർ പോലും അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും കണ്ണുമടച്ചു വിശ്വസിക്കുന്നു.

കോവിഡും അന്ധവിശ്വാസങ്ങളും:

മുഖ്യധാരാ മാധ്യമങ്ങൾ വസ്തുതാപരമായ ശാസ്ത്രീയ തെളിവുകളിലൂടെ ജനങ്ങളെ ബോധവാന്മാരാക്കാൻ ശ്രമിക്കുമ്പോൾ, സാധാരണ ജനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വസ്തുതയ്ക്ക്‌ നിരക്കാത്ത വ്യാജ വാർത്തകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനാണ്‌ കോവിഡ്‌ കാലത്ത്‌ താത്പര്യം കാണിച്ചത്‌. പുതുതായി ഡിജിറ്റൽ സാക്ഷരത നേടിയവരും വ്യാജവാർത്തകൾ തിരിച്ചറിയാൻ പറ്റാത്തവരുമായ ഒരു വിഭാഗമാണ്‌ ഇത്തരം വാർത്തകളേയും അന്ധവിശ്വാസങ്ങളേയും 'വൈറൽ' ആക്കിയത്‌. സാമൂഹിക മാധ്യമങ്ങളാണ്‌ കോവിഡിനോടനുബന്ധിച്ച അന്ധവിശ്വാസങ്ങളുടെപ്രാഥമിക വാഹകർ.ഇത്തരം നൂറുകണക്കിന്‌ വ്യാജവാർത്തകൾ ജനങ്ങളുടെയിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുക മാത്രമല്ല, ചിലതൊക്കെ പ്രായോഗികമാക്കുകകൂടി ചെയ്തു.ഒരു വിഭാഗം ഇത്തരം വാർത്തകൾ സൃഷ്ടിച്ച്‌ വരുമാനം ഉണ്ടാക്കിയപ്പോൾ(homo digitalis), മറ്റൊരു വിഭാഗം അത്‌ പ്രചരിപ്പിച്ച്‌ സാഫല്യം കണ്ടെത്തി(prosumers)ഈ കോവിഡ്‌ കാലത്തെ ചില അന്ധവിശ്വാസങ്ങൾ നോക്കാം.
പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത സമയം രാവിലെ 9 മണി. അന്ന് അദ്ദേഹം ജനങ്ങളോട്‌ ഏപ്രിൽ 5 ന്‌ രാത്രി 9 മണിക്ക്‌ 9 മിനിറ്റ്‌ വിളക്കുകൾ അണച്ച്‌ മെഴുകു തിരിയോ മൺചിരാതോ കത്തിക്കാൻ ആഹ്വാനം ചെയ്തു. ആരോഗ്യപ്രവർത്തകർക്ക്‌ മാനസിക പിൻബലം നൽകുന്നതിനുവേണ്ടി ചെയ്ത ഈ പ്രവൃത്തി പക്ഷേ വളച്ചൊടിക്കപ്പെട്ടു.നമ്പർ 9, സവിശേഷതയുള്ള അക്കമായി ജനങ്ങൾ ഏറ്റെടുത്തു. പ്രകാശം സൃഷ്ടിക്കുന്ന പ്രത്യേക വലയം, വൈറസിനെ ഇല്ലാതാക്കുമെന്ന് കരുതി.ചൂടു കൂടുന്നിടത്ത്‌ വൈറസ്‌ വ്യാപനം കുറയുമെന്ന വ്യാജസന്ദേശം പരന്നു. ഇത്‌ അശാസ്ത്രീയമെന്ന് WHO കണ്ടെത്തി.കൈകൊട്ടിയും പാത്രങ്ങൾ കൂട്ടിമുട്ടിച്ച്ശബ്ദമുണ്ടാക്കിയതും കൊറോണയെ ഓടിക്കാനെന്ന് ഒരുവിഭാഗം തെറ്റിദ്ധരിച്ചു. ബാൽക്കണിയിൽ നിന്ന് ആരോഗ്യപ്രവർത്തകർക്ക്‌ അഭിവാദ്യം അർപ്പിക്കാൻ നൽകിയ സന്ദേശം ആയിരക്കണക്കിന്‌ ജനങ്ങൾ തെരുവിലിറങ്ങാൻ കാരണമായി. അവർ ലോക്ഡൗണും സാമൂഹിക അകലവും മാസ്ക്കും എല്ലാം മറന്നു. എന്തിന്‌, പശുവിന്റെ മൂത്രവും ചാണകവും വൈറസിനെ നശിപ്പിക്കുമെന്നുള്ള അശാസ്ത്രീയമായ വ്യാജവാർത്തകൾ വരെ പ്രചരിപ്പിക്കപ്പെട്ടു.എല്ലാ ഇന്ത്യാക്കാരും ശാസ്ത്രീയ വീക്ഷണവും മാനുഷികതയും അന്വേഷണതത്പരരും മാറ്റത്തെ അംഗീകരിക്കുന്നവരുമാകണമെന്ന് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51A അനുശാസിക്കുന്നു.ആൾദൈവങ്ങളുടേയും അവതാരങ്ങളുടേയും വാക്കുകൾ കേട്ട്‌ വിദ്യാഭ്യാസമില്ലാത്ത ഒരു വിഭാഗം കാട്ടിക്കൂട്ടുന്ന ദുരാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുവാൻ ഓരോ ഇന്ത്യൻ പൗരനും കടപ്പാടുണ്ട്‌.മറ്റു രാഷ്ട്രങ്ങൾക്കു മുന്നിൽ നാണക്കേടുണ്ടാക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്നത്തെ യുവതലമുറയെങ്കിലും മാറി ചിന്തിക്കണം. പ്രാകൃതമായ കാര്യങ്ങൾ കണ്ണടച്ച്‌ വിശ്വസിക്കാതെ, ഓരോ ജീവനും സ്വന്തം ജീവന്റെ വില കൊടുക്കണം.അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിൽ നിന്ന് ശാസ്ത്രീയ പഠനങ്ങളുടെ പുതിയ പ്രകാശത്തിലേയ്ക്ക്‌ മടങ്ങിവരണം.


ലിസിസണ്ണിസ്റ്റീഫൻ
പ്രിൻസിപ്പൽ
സെന്റ്‌ സെബാസ്റ്റ്യൻസ്‌ പബ്ലിക്സ്കൂൾ, പേരൂർ

Related News