Loading ...

Home health

അള്‍സര്‍ ഒഴിവാക്കാം ആഹാരക്രമീകരണത്തിലൂടെ

ശരീരത്തിന്റെ നിലനില്‍പിന് ആഹാരം അത്യന്താപേക്ഷിതമാണ്. ഇപ്രകാരം നിലനില്‍പിനടിസ്ഥാനമായ ആഹാരത്തില്‍ നിന്നും രോഗങ്ങളും ഉണ്ടാകുന്നു എന്നതാണ് വാസ്തവം. തിരക്കേറിയ ജീവിതത്തില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ പോലും പലര്‍ക്കും സമയം കിട്ടാറില്ല. സ്വാദിഷ്ടമായ ഭക്ഷണമാണ് ഏവര്‍ക്കും പ്രിയപ്പെട്ടത്. ഭക്ഷണത്തിലെ സ്വാദ് കൂടുന്തോറും ആമാശയത്തിലെ രോഗങ്ങളും കൂടും എന്ന് ഓര്‍ക്കുക. 'വായ്ക്ക് രുചിയുള്ളത് വയറിനു ദോഷം' എന്നാണല്ലോ പറയുക.
ആഹാരക്രമത്തിലെ അപാകതകള്‍ കൊണ്ട് വന്നു ചേരാവുന്ന രോഗങ്ങളില്‍ ഒന്നാണ് പെപ്പ്റ്റിക് അള്‍സര്‍.

പെപ്പ്റ്റിക് അള്‍സര്‍


ആമാശയത്തിലോ ചെറുകുടലിന്റെ ആദ്യഭാഗമായ ഡിയോഡിനത്തിലോ ഉണ്ടാകുന്ന വ്രണങ്ങളാണ് പെപ്പ്റ്റിക് അള്‍സര്‍. എരിവുള്ള ഭക്ഷണം, പുകവലി, മദ്യപാനം, മാനസിക പിരിമുറുക്കം, സമയം തെറ്റിയുള്ള ഭക്ഷണരീതികള്‍, അതുപോലെ തന്നെ ഹെലികോബാക്ടര്‍ പൈറോലി എന്നറിയപ്പെടുന്ന ബാക്ടിരിയുടെ പ്രവര്‍ത്തനം പെപ്പ്റ്റിക് അള്‍സര്‍ വരാനുള്ള കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മൂന്നുനേരം നിറയെ ഭക്ഷണം കഴിക്കുന്നതിനുപകരമായി അഞ്ചോ ആറോ തവണകളായി ചെറിയ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.
2. ആഹാരം കഴിക്കുന്നതിനു മുന്‍പും അതിനു ശേഷവും കുറച്ചു സമയം സ്വസ്ഥമായും ശാന്തമായും ഇരിക്കുക. കൂടാതെ നന്നായി ചവച്ചരച്ച്‌ ശാന്തമായ അന്തരീക്ഷത്തില്‍ ആഹാരം കഴിക്കുക.
3. എണ്ണയില്‍ വറുത്തതും കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളും ഒഴിവാക്കുക.
4. മസാലകള്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുരുമുളക്, മുളകുപൊടി, അച്ചാര്‍, കറിമസാല എന്നിവയും ഒഴിവാക്കുക.
5. അമിതമായി ചൂയിംഗം ഉപയോഗിക്കുന്നത് അള്‍സര്‍ വരാന്‍ കാരണമാകും.
6. ഉപ്പ്, പൊട്ടറ്റോചിപ്‌സ്, സോള്‍ട്ടഡ് നട്ട്‌സ്, സോയാ സോസ് എന്നിവയുടെ ഉപയോഗം അള്‍സര്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ തെളിയുകയുണ്ടായി.

ഒഴിവാക്കേണ്ടതും കഴിക്കേണ്ടതും

കഫീന്‍ അടങ്ങിയ ചായ, കാപ്പി, ഇന്‍സ്റ്റന്റ് കോഫി, പെപ്പര്‍ മിന്റ് ടീ, ഗ്രീന്‍ ടീ, സോഫ്റ്റ് ഡ്രിങ്ക് (സോഡ കോള) എന്നിവ ഒഴിവാക്കുക. ഇവയെല്ലാം അമാശയത്തിലെ ആസിഡിന്റെ ഉല്‍പാദനം വര്‍ധിക്കാന്‍ കാരണമാകും. അസിഡിറ്റി കൂടുതല്‍ ഉള്ള പഴവര്‍ഗങ്ങള്‍ (നാരങ്ങ, ഓറഞ്ച്, മുന്തിരി, കൈതച്ചക്ക) പച്ചക്കറികള്‍ (കാബേജ്, ബ്രൊക്കോളി, സവാള, കോളിഫ്‌ളവര്‍) എന്നിവ ആമാശയത്തില്‍ അസ്വസ്ഥ തയ്ക്കും നെഞ്ചരിച്ചിലിനും കാരണമാകുന്നു.

നന്നായി വേവിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക. മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങള്‍ ഉപേക്ഷിക്കുക. അല്‍ക്കഹോ ളില്‍ ആസിഡ് ധാരളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇതുപയോഗിക്കതു മൂലം ആന്തരിക രക്തസ്രാവം, ആമാശയ ഭിത്തികളില്‍ വ്ര ണങ്ങള്‍, ദ്വാരങ്ങള്‍ എന്നിവ ഉണ്ടാകാന്‍ കാരണമാവുന്നു. പുകവലി അള്‍സര്‍ വ്രണങ്ങള്‍ സുഖപ്പെടാന്‍ തടസം സൃഷ്ടിക്കുന്നു. അധികം ചൂടുള്ളതോ തണുപ്പുള്ളതോ ആയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ അള്‍സര്‍ വ്രണങ്ങള്‍ ഒരു പരിധിവരെ ഭേദമാകാന്‍ സഹായകമാകുന്നു. ആമാശയത്തിലെ ആസിഡിനെ കുറയ്ക്കാന്‍ കൊഴുപ്പുമാറ്റിയ പാല്‍ ഗുണ പ്രദമാണ്

ആപ്പിള്‍, തണ്ണിമത്തങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ നന്നായി വേവിച്ചെടുത്ത പച്ചക്കറികള്‍, വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ആഹാരം, ഒമേഗ 3 ഫാറ്റിയാസിഡ് അടങ്ങിയ അയല, മത്തി, സാവണ്‍ എന്നീ മല്‍സ്യങ്ങള്‍ അള്‍സര്‍ വരാതിരിക്കുന്നതിനു സഹായകമാണ്.

മരുന്നുകളുടെ ഉപയോഗം

മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ഡോക്ടര്‍മാര്‍ നല്‍കുന്ന അന്റാസിഡ്‌സ്, ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ നിര്‍ദേശാനുസരണം കഴിക്കാതിരുന്നാല്‍ അള്‍സറിനെ പ്രതികൂലമായി ബാധിച്ചേക്കാം. 'അല്‍പവൈദ്യന്‍ ആയുസ് കുറയ്ക്കും'എന്ന പഴമൊഴി ഓര്‍ക്കുക. ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയും മൂലകാരണം മനുഷ്യന്‍ തന്നെയാണ്. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസുണ്ട്. ആരോഗ്യമുള്ള മനസില്‍ നിന്നും നല്ല പ്രതീക്ഷകള്‍ ഉണരുന്നു. പ്രതീക്ഷകളെ മുറുകെ പിടിച്ചു കൊണ്ട് ഒരു നല്ല ജീവിതം കെട്ടിപടുക്കാന്‍ ചിട്ടയായ ജീവിത രീതിയിലൂടെ നമ്മുക്ക് ശ്രമിക്കാം.