Loading ...

Home health

പ്രധാനം രോഗീസുരക്ഷ by ഡോ. ജോര്‍ജ്ജ് തയ്യില്‍

ലോകാരോഗ്യസംഘടന നല്‍കുന്ന നിര്‍വചനം അനുസരിച്ച് ആരോഗ്യമെന്ന പദംകൊണ്ടും വിവക്ഷിക്കുന്നത്, 'ശാരീരികമായും മാനസികമായും സാമൂഹികമായുമുള്ള പൂര്‍ണ സൌഖ്യാവസ്ഥ'യാണ്. ഇതാകണം സര്‍വ വൈദ്യശാസ്ത്ര ശാഖകളുടെയും പ്രഥമ ലക്ഷ്യം. മനുഷ്യശരീരത്തിന്റെ നിര്‍ജരത്വമോ അനശ്വരമായ സംരക്ഷണമോ ഇവിടെ ലക്ഷ്യമാക്കുന്നില്ലായെന്ന് മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ശാരീരികമായ ഒരു കേടുപാടുമില്ലാത്തൊരാള്‍ സ്ഥിരമായ മാനസികസംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരുന്നാല്‍ ആരോഗ്യവാനല്ലെന്ന് സാരം. അതുപോലെ മലീമസമായ പരിസ്ഥിതിയെയും വിഷലിപ്തമായ പരിസരപ്രദേശങ്ങളെയും അതിജീവിക്കാന്‍ പറ്റാതെപോയാല്‍ എത്ര ആരോഗ്യവാനും കാലിടറിവിഴുകതന്നെ ചെയ്യും. അപ്പോള്‍ മനുഷ്യശരീരത്തിന്റെയും അതിന്റെ നാനാവിധ വിഹാരങ്ങളുടെയും സമൂലമായ സൌഖ്യാവസ്ഥയാണ് ആരോഗ്യം.സമ്പൂര്‍ണമായ രോഗശമനവും സുപ്രധാനമായ രോഗപ്രതിരോധവും എല്ലാ വൈദ്യശാസ്ത്രശാഖകളുടെയും അത്യന്തികലക്ഷ്യങ്ങളാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ അത്ഭുതമെന്നുപറയട്ടെ, രോഗിയെയോ രോഗത്തെയോ എന്നതിലുപരി രോഗലക്ഷണങ്ങളുടെ നിര്‍മാര്‍ജനമാണ് ചിലരുടെയെങ്കിലും ലക്ഷ്യം. നൂറ്റാണ്ടുകളിലൂടെ പ്രചരുപ്രചാരം സിദ്ധിച്ച 'എക്സ് ജുവാന്റിബസ്' എന്ന സവിശേഷാശയം ശാസ്ത്രശുഷ്കമായ à´ˆ ഔഷധവിദ്യയെ പിന്താങ്ങുകയും ചെയ്യുന്നു. കൃത്യമായ രോഗനിര്‍ണയംകൂടാതെ രോഗലക്ഷണത്തെ ചികിത്സിക്കുന്നതിനെയാണ് 'എക്സ് ജുവാന്റിബസ്' എന്ന ലാറ്റിന്‍പദംകൊണ്ട് ഉദ്ദേശിക്കുന്നത്. രോഗകാരണങ്ങളെയും രോഗാവസ്ഥയുടെ വൈവിധ്യത്തെയും രോഗി വിഹരിക്കുന്ന പരിസ്ഥിതിയെയും വിലയിരുത്തി, രോഗം എന്തെന്നതിനെപ്പറ്റി അവഗാഹമായ അഭിപ്രായത്തില്‍ എത്താതെ ചികിത്സ ആരംഭിക്കുക; ഇന്ന് പലയിടങ്ങളിലും നടക്കുന്ന പ്രവണതയും ഇതുതന്നെയാണെന്നു പറഞ്ഞാല്‍ തെറ്റാകുമോ? താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നതിലുപരിയായി à´ˆ പ്രവര്‍ത്തനംകൊണ്ടും പ്രയോജനമുണ്ടാകില്ല.താന്‍ അഭ്യസിക്കുന്ന ശാസ്ത്രകലയിലുള്ള അവപ്രാപ്തമായ വിജ്ഞാനമോ, രോഗികളെ ചൂഷണംചെയ്യണമെന്ന അത്യാഗ്രഹമോ, തന്റെ പിടിയിലൊതുങ്ങാത്ത രോഗാവസ്ഥയെന്നു തെളിഞ്ഞിട്ടും മാത്സര്യബുദ്ധിയുടെ പേരില്‍ ഒരു വിദഗ്ധന്റെ കൈയില്‍ രോഗിയെ ഏല്‍പ്പിക്കാനുള്ള വിശാല മനഃസ്ഥിതിയില്ലായ്മയോ ഒക്കെ ഭിഷഗ്വരന്റെ ഭാഗത്തുനിന്നുള്ള ഗൌരവകരമായ തെറ്റുതന്നെ. ഉദാഹരണത്തിന് തടുക്കത്തിലേ രോഗനിര്‍ണയം ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ വിജയപ്രദമായി ചികിത്സിച്ചു ഭേദമാക്കാമായിരുന്ന ക്യാന്‍സര്‍, രോഗമെന്തെന്നു മനസ്സിലാക്കാത്തതുമൂലം വെറും വേദനസംഹാരികള്‍കൊണ്ടുമാത്രം വര്‍ഷങ്ങളോളം ചികിത്സിക്കപ്പെട്ട അവസ്ഥയെപ്പറ്റി ആലോചിച്ചുനോക്കൂ. താല്‍ക്കാലിക രോഗശാന്തി നല്‍കി മാത്രം തൃപ്തിപ്പെടുന്നതും അപൂര്‍ണവും അനീതിപരവുമായ ചികിത്സാസമ്പ്രദായമാണ്. കൃത്യമായ രോഗനിര്‍ണയത്തിലേക്കും വഴിതെളിക്കാത്ത ഏതൊരു പ്രവര്‍ത്തനശൈലിയും ചികിത്സകന്റെ ഭാഗത്തുള്ള പാളിച്ചതന്നെ. 

രോഗി എത്ര സുരക്ഷിതനാണ്?
ഇന്ന് ആശുപത്രിയിലെത്തുന്ന ഒരു രോഗി സുരക്ഷിതനാണോ? ലോകാരോഗ്യസംഘടന ഇതേപ്പറ്റി ബൃഹത്തായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ ആതുരാലയങ്ങളിലെത്തുന്ന നൂറില്‍ ഏഴ് രോഗിയും, വികസ്വര രാജ്യങ്ങളിലെ നൂറില്‍ 10 രോഗിയും കൃത്യമായ ചികിത്സ ലഭിക്കുന്ന കാര്യത്തില്‍ സുരക്ഷിതരല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. 2004ല്‍ ലോകാരോഗ്യസംഘടനയുടെ 'രോഗീസുരക്ഷാനിര്‍ദേശങ്ങള്‍' പ്രകാശിതമായശേഷം 140 രാജ്യങ്ങള്‍ ഈ വെല്ലുവിളികളെ നേരിടാനുള്ള യത്നത്തില്‍ വ്യാപൃതരാണ്. നൂറില്‍ 14 പേര്‍ക്ക് എന്ന അനുപാതത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് പുതുതായ രോഗാണുബാധ ഉണ്ടാകുന്നതായി ലോകാരോഗ്യസംഘടന കണ്ടെത്തി. ഉദാഹരണത്തിന് ഹൃദ്രോഗത്തിനായി ചികിത്സക്കെത്തുന്ന ഒരു രോഗിക്ക് ആശുപത്രിയില്‍വച്ച് ന്യൂമോണിയ ഉണ്ടാകുന്നു. ഒരുപക്ഷേ പുതുതായുണ്ടാകുന്ന രോഗമാറ്റം രോഗിയെ മരണത്തിലേക്കു നയിക്കുന്നു. വൃത്തിഹീനവും മലീമസവുമായ ആശുപത്രിഅന്തരീക്ഷവും പരിചരണത്തിലെ പിഴവുകളുംതന്നെ ഇതിനു കാരണം. ആശുപത്രികളെ കൂടുതല്‍ ശുചിത്വപൂര്‍ണമാക്കുന്നതുവഴി ഈ അണുബാധ 50 ശതമാനത്തിലധികം നിയന്ത്രണവിധേയമാക്കാമെന്ന് തെളിയുന്നു.
വൈദ്യശാസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍
വൈദ്യശാസ്ത്രം പഠിക്കാനോ വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കാനോ ഒരു അഭിരുചിയും താല്‍പ്പര്യവുമില്ലാത്തവരെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കു തള്ളിവിടുന്ന പ്രവണത നാം കാണുന്നു. ഇങ്ങനെ പഠിച്ച് പാസായി വരുന്നവര്‍ക്കാണ് പിഴവുകള്‍ കൂടുതല്‍ സംഭവിക്കുന്നത്. മനുഷ്യശരീരത്തിന്റെ ഘടനയെയും വൈകല്യങ്ങളെയുംപറ്റി പഠിക്കുന്നതോടൊപ്പം മനുഷ്യമനസ്സിന്റെ വ്യാപാരവ്യതിയാനങ്ങളെപ്പറ്റിയും സമഗ്രമായ അറിവ് സമ്പാദിക്കണം. അതിന് സൈക്കോളജി പഠിച്ചതുകൊണ്ടു മാത്രമാകില്ല. മാതൃഭാഷയറിയണം, നാടിനെയും നാട്ടുകാരെയുംകുറിച്ച് ബോധമുണ്ടാകണം. ശ്രേഷ്ഠമായ നമ്മുടെ മാതൃഭാഷ തെറ്റില്ലാതെ പറയുകയും എഴുതുകയും വായിക്കുകയും ചെയ്യുന്ന എത്ര ഡോക്ടര്‍മാരുണ്ടിവിടെ? നാടിന്റെ നാഡീമിടിപ്പ് അറിയണമെങ്കില്‍ ഭാഷ ഹൃദിസ്ഥമാക്കണം. മലയാള പത്ര-മാസികകളോ ഗ്രന്ഥങ്ങളോ വായിക്കാന്‍ താല്‍പ്പര്യക്കുറവോ പുച്ഛമോ ഉള്ളവരല്ല ഇന്നത്തെ ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും. മലയാളത്തില്‍ ഒരു പുസ്തകമോ പത്രമോ വായിക്കാന്‍ കഴിയാത്ത ഡോക്ടര്‍ക്ക് എങ്ങനെ കേരളത്തിലെ സാമൂഹ്യപ്രശ്നങ്ങള്‍ മനസ്സിലാകും? രോഗിയുടെ ഭാഷ ഡോക്ടര്‍ അറിയുന്നില്ലെങ്കില്‍ ചികിത്സയും ഡോക്ടര്‍-രോഗി ബന്ധവും ഉലയും. രോഗിയോടോ ബന്ധുക്കളോടോ സൌഹൃദത്തിലെത്തിച്ചേരാന്‍ കഴിയാത്ത ഡോക്ടര്‍മാരുള്ള ആശുപത്രികളിലാണ് പലപ്പോഴും സംഘര്‍ഷങ്ങളുണ്ടാകുന്നത്. അതായത് നൂനൂതന സാങ്കേതികവിദ്യാഭ്യാസത്തില്‍ എത്ര ബുദ്ധിരാക്ഷസനാണെങ്കിലും വികാരംകൊണ്ട് പ്രാകൃതമാണെങ്കില്‍ അയാളുടെ പ്രവര്‍ത്തനശൈലിയില്‍ പാളിച്ചകളുണ്ടാകുന്നുവെന്നു സാരം. നമ്മുടെ വൈദ്യവിദ്യാഭ്യാസ സിലബസില്‍ മാതൃഭാഷയ്ക്കും സാഹിത്യത്തിനും കലയ്ക്കും മെഡിക്കല്‍ എത്തിക്സിനും പൊതുവിജ്ഞാനത്തിനും പ്രാമുഖ്യം കൊടുക്കണം. ഇത്തരം വൈദ്യ-മാനസിക ശാസ്ത്ര കോഴ്സുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായാല്‍ അത്യാധുനിക സാങ്കേതിക ചികിത്സാരീതികളായ യന്ത്രസാമഗ്രികളുടെ പരുക്കന്‍ ലോകത്തുനിന്ന് താഴേക്ക് ഇറങ്ങിവന്ന് സഹജീവികളുടെ വികാരവിചാരങ്ങളില്‍ പൂര്‍ണപങ്കാളികളാകാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിവുണ്ടാകും. അതെ, രോഗികളുടെ സുരക്ഷ മാത്രമാണ് ഡോക്ടറുടെ ചികിത്സാലക്ഷ്യം.
ആധുനിക ചികിത്സകള്‍ താഴേക്കിടയില്‍ എത്തുന്നുണ്ടോ? 
ഏതാണ്ട് ഒന്നരദശലക്ഷം പരിശോധനാ-ചികിത്സാ ഉപകരണങ്ങള്‍ വൈദ്യശാസ്ത്രരംഗത്തുണ്ടെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ലോകജനസംഖ്യയുടെ ബഹുഭൂരിപക്ഷം രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. പ്രത്യേകിച്ചും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലുള്ളവരിലാണ് ഈ അവസ്ഥ രൂക്ഷമാകുന്നത്.
സാധാരണ ആശുപത്രിയില്‍ കൊടുക്കുന്ന കുത്തിവയ്പുകളിലും അപകടം പതിയിരിക്കുന്നു. മരുന്നുകള്‍ മാറിപ്പോവുക, സിറിഞ്ചിന് ശുചിത്വം കുറവായിരിക്കുക, കുത്തിവയ്പ് നടത്തുന്നതില്‍ അപാകങ്ങള്‍ ഉണ്ടാകുക തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ 2000ല്‍നിന്ന് 2010 എത്തിയപ്പോള്‍ 88 ശതമാനം കുറഞ്ഞതായി ലോകാരോഗ്യസംഘടന കണ്ടെത്തി.ലോകമാസകലം പ്രതിവര്‍ഷം 234 ദശലക്ഷം ശസ്ത്രക്രിയ നടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഏറെ പിഴവുകള്‍ നടക്കുന്ന ഒന്നാണ് ശസ്ത്രക്രിയാരംഗം. കൃത്യസമയത്ത് സര്‍ജറി നടത്താതെ വൈകിപ്പോകുക, തെറ്റായ രോഗനിര്‍ണയം, അണുബാധ, ഉപകരണങ്ങളുടെ ദുര്‍വിനിയോഗം, ശസ്ത്രക്രിയ കഴിഞ്ഞുള്ള സമുചിതമായ പരിചരണം ഈ തലങ്ങളിലൊക്കെ പാളിച്ചകള്‍ സംഭവിക്കാറുണ്ട്. ശസ്ത്രക്രിയയോടനുബന്ധിച്ചുള്ള 50 ശതമാനം സങ്കീര്‍ണതകളും ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്നോര്‍ക്കണം.കൃത്യവും സുതാര്യവുമല്ലാത്ത രോഗീപരിചരണംമൂലം ഒരു രാഷ്ട്രത്തിലെ ആരോഗ്യ ബജറ്റിന്റെ 20-40 ശതമാനം പാഴായിപ്പോകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഉപഭോക്തൃ കേസുകള്‍, ആശുപത്രിയില്‍വച്ചുണ്ടാകുന്ന അണുബാധ, പാഴായിപ്പോകുന്ന ചികിത്സകള്‍ ഇവമൂലം ചില രാജ്യങ്ങളില്‍ പ്രതിവര്‍ഷം 19,000 കോടി ഡോളര്‍ വരെ ചെലവാകുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

(ലേഖകന്‍ എറണാകുളം ലൂര്‍ദ് ആശുപരതിയിലെ ഹൃദ്രോഗവിദഗ്ധനാണ്)

Related News