Loading ...

Home National

ഇന്ത്യയിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തണം; ലിസ്സി സണ്ണി സ്റ്റീഫൻ

ഇന്ത്യയിൽ പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ല. ഓരോ ദിവസവും മാധ്യമങ്ങളിലൂടെയും അല്ലാതെയും നാമറിയുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്‌.പെൺകുട്ടികൾക്കു നേരെയുള്ള ക്രൂരത നിത്യ സംഭവമായി മാറിക്കഴിഞ്ഞു.
2018ലെ കത്വ കേസ്‌; എട്ടുവയസ്സുള്ള ആസിഫയെ എട്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തു കൊന്ന സംഭവം, ഉന്നാവോ കൊലപാതകം, ജമ്മുകാശ്മീരിൽ നിന്ന് റിപ്പോർട്ട്‌ ചെയ്തിട്ടുള്ള നിരവധി കേസുകൾ, ഹാത്രാസ്‌ സംഭവം, ബീഹാറിൽ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ചുകൊന്നത്‌, വീണ്ടും, ഉത്തർപ്രദേശിൽ ബലാത്സംഗശ്രമം ചെറുത്ത പതിനാറുകാരിയെ വീട്ടിനുള്ളിൽ കയറി വെടിവെച്ചുകൊന്നത്‌ എന്നിങ്ങനെ ഇന്ത്യയ്ക്ക്‌ തീരാകളങ്കമായി എത്രയേറെ സംഭവങ്ങൾ! നമ്മുടെ പെൺകുട്ടികൾക്ക്‌ ഈ രാജ്യത്ത്‌ എന്തു സുരക്ഷയാണുള്ളത്‌? വിദേശ വാർത്താചാനലുകളിൽ നിറഞ്ഞുനിൽക്കുന്നത്‌ ഇന്ത്യയിലെ ബലാത്സംഗ കേസുകളും ആത്മഹത്യകളുമാണ്‌. ഇന്ത്യൻ ജനതയും ഭരണകൂടവും ലജ്ജിച്ചു തലതാഴ്ത്തിനിൽക്കുന്നു.

NCRB( National Crime Records Bureau) യുടെ കണക്കുപ്രകാരം ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന POCSO കേസുകളുടെ കണക്ക്‌ ഞെട്ടിക്കുന്നതാണ്‌.2017ൽ 32,608, 2018ൽ 39,827. അതിൽത്തന്നെ 21,065 കേസുകളും ബലാത്സംഗകേസുകളാണ്‌. ഇന്ത്യയിൽ ഓരോ ദിവസവും ശരാശരി 109 കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. ദിനംതോറും ഈ നിരക്ക്‌ കൂടിക്കൊണ്ടുമിരിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മാത്രമല്ല, ശിശുക്കൾ പോലും കൂട്ട ബലാത്സംഗങ്ങൾക്ക്‌ ഇരയാകുന്നു.ഇന്ത്യയിലെ പുരുഷന്മാരുടെ മാനസികവൈകല്യങ്ങൾ പ്രത്യേകം പഠനവിഷയമാക്കേണ്ട ഒന്നാണ്‌.ഇതേക്കുറിച്ചുള്ള പഠനങ്ങളും പുസ്തകങ്ങളും കുറവാണ്‌.

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ മനശ്ശാസ്ത്രം വേറെയാണ്‌. പീഡോഫീലിയ എന്ന മനോരോഗത്തിന്‌ അടിമപ്പെട്ടവരാണ്‌ ഈ ക്രൂരക്രുത്യം നടത്തുന്നത്‌. കുട്ടികളോടു തോന്നുന്ന ലൈംഗികാകർഷണമാണിത്‌.ആറുമാസം മുതൽ പതിമൂന്നുവയസ്സുവരെയുള്ള ആൺകുട്ടികളേയൊ പെൺകുട്ടികളെയോ ഇക്കൂട്ടർ ഇരകളാക്കാം. ഈ മാനസിക വൈകല്യം കൂടുതലായും പുരുഷന്മാരിലാണ്‌ കാണപ്പെടുന്നത്‌.
കുടുംബ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ സാധാരണയായി കുട്ടികളെ ലൈംഗികോദ്ദേശത്തോടെ സ്പർശിക്കാനുള്ള അവസരം ലഭിക്കാറുണ്ട്‌. അടുത്ത സുഹൃത്തല്ലേ ബന്ധുവല്ലേ എന്നുകരുതി മാതാപിതാക്കൾ കൊടുക്കുന്ന സ്വാതന്ത്ര്യം ഇതിന്‌ വഴിയൊരുക്കുന്നു. കുട്ടികൾ വസ്ത്രം മാറുമ്പോൾ നോക്കുക, സ്പർശിക്കുക, ലൈംഗികാവയവങളിൽ സ്പർശിക്കുക, അവരെ അതിനായി പ്രേരിപ്പിക്കുക ഇങ്ങനെയൊക്കെയാണ്‌ തുടക്കം. മാതാപിതാക്കളുടെ നല്ല ശ്രദ്ധകിട്ടാത്തകുട്ടികളോ തനിച്ചായിരിക്കുന്ന കുട്ടികളോ ആണ്‌ ഇതിനിരകളായിത്തീരാറുള്ളത്‌.NCRB യുടെ കണക്കനുസരിച്ച്‌ ഒരു ദിവസം 87 കുട്ടികൾ ബലാത്സംഗത്തിന്‌ ഇരയാകുന്നുണ്ട്‌.

ഇന്ത്യയിൽ തുടർച്ചയായിയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾക്ക് മനശ്ശാസ്ത്രജ്ഞർ നിരത്തുന്ന കാരണങ്ങൾ പലതാകാം. പുരുഷമേധാവിത്വം, സ്ത്രീകളുടെ വസ്ത്രധാരണം, യുവാക്കളുടെ തൊഴിലില്ലായ്മ, നിരത്തുകളിൽ ആവശ്യത്തിന്‌ പോലീസിനെ വിന്യസിക്കാനില്ല, വഴിവിളക്കുകളുടെ അഭാവം... ഇതൊക്കെ വെറും കാരണങ്ങളായി നിരത്താം എന്നു മാത്രമേയുള്ളു. ലൈംഗികഭ്രാന്ത്‌ പിടിച്ച മനോരോഗികളായ പുരുഷന്മാർ ഇന്ത്യയിൽ പെരുകുന്നു എന്നത്‌ സത്യമായ വസ്തുതയാണ്‌.കുറ്റകൃത്യത്തിനുശേഷം 'മനോരോഗം ' എന്ന പിൻബലത്തിലാണ്‌ ഇവർ രക്ഷപെടുന്നതും. കൗൺസിലിംഗും മറ്റുചികിത്സകളുമായിരിക്കും കോടതി നിർദ്ദേശിക്കുന്നത്‌.ഇന്ത്യയുടെ കോടതി നടപടികൾ വളരെ സാവധാനത്തിലാണ്‌.POCSO കേസുകൾ അതിവേഗകോടതിവഴി തീർപ്പുകൽപ്പിക്കുകയും ഇത്തരം ക്രൂരകൃത്യങ്ങൾക്ക്‌ കഠിന ശിക്ഷതന്നെ നടപ്പാക്കുകയും വേണം.പലപ്പോഴും ഒരു സമവായത്തിനാണ്‌ പോലീസ്‌ പോലും ശ്രമിക്കുന്നത്‌. പോലീസിന്റെയടുത്ത്‌ പരാതിയുമായിട്ടെത്തുമ്പോൾ അവരിൽ നിന്ന്‌ പെൺകുട്ടിനേരിടുന്ന തിക്തമായ അനുഭവങ്ങൾ ഖേദകരമാണ്‌. കൂട്ടമാനഭംഗം ചെയ്തവരിൽ ഒരാളെ വിവാഹം കഴിക്കാൻ പോലീസ്‌ ഉപദേശിച്ചതിന്റെ പേരിൽ ഒരു പതിനേഴുകാരി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമുണ്ട്‌. പല പോലീസ്‌ സ്റ്റേഷനിലും ആവശ്യത്തിന്‌ വനിതാപോലീസ്‌ കാണില്ല. നിരത്തിലും വനിതാപോലീസോ അവരുടെ പട്രോളിങ്ങോ രാത്രികാലങ്ങളിൽ കണ്ടെന്നും വരില്ല. ഇനിയെങ്കിലും നിയമപാലകരും നിയമം നടപ്പാക്കേണ്ടവരും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഉണർന്നുപ്രവർത്തിക്കണം.POCSO ആക്ട്‌ നിലവിലുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെയും പണക്കൊഴുപ്പിന്റേയും പിൻബലത്തോടെ കേസുകൾ ദുർബലമാക്കപ്പെടുന്നു. പലതും കണ്മുന്നിൽ നടന്നിട്ടും തെളിവുകൾ ലഭിച്ചിട്ടും പ്രതികരിക്കാൻ അറിയാത്ത , കണ്ണടയ്ക്കുന്ന നിയമസംവിധാനവും ഭരണകൂടവും നാടിന്റെ ശാപമാണ്‌. ഇതൊക്കെ സഹിയ്ക്കാൻ പറ്റാത്തതുകൊണ്ടാണ്‌ നമ്മുടെ യുവതീയുവാക്കളിൽ ഭൂരിഭാഗവും ഇന്ത്യവിടാനാഗ്രഹിക്കുന്നതും. ഇന്ത്യയിൽ ഇന്നു നടക്കുന്ന പല മതവൈകൃതങ്ങളും ലൈംഗിക വൈകൃതങ്ങളും യുവതലമുറയ്ക്ക്‌ അംഗീകരിക്കാനാവില്ല.
ലോകമാനസികാരോഗ്യദിനം പല വെബിനാറുകളും സെമിനാറുകളും കൊണ്ട്‌ ആഘോഷമാക്കിയിട്ട്‌ കാര്യമില്ല. ശരീരത്തിന്‌ രോഗം വരുമ്പോൾ ഡോക്ടറെ കാണുന്നതുപോലെ തന്നെ മനസ്സിന്റെ ആരോഗ്യം നിലനിറുത്തുന്നതിനും ഡോക്ടറുടെ സഹായം തേടണം. അമിതമായ ദേഷ്യമോ, ഉത്കണ്ഠയോ തുടങ്ങി ഏതുവികാരവും തനിയ്ക്ക്‌ നിയന്ത്രിക്കാൻ പറ്റില്ല എന്ന് തോന്നിത്തുടങ്ങിയാൽ ചികിത്സതേടണം. എങ്കിൽ പലപ്രശ്നങ്ങൾക്കും പരിഹാരം കാണാനാവും.

വരുന്ന പത്തുവർഷത്തിനുള്ളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനങ്ങൾ ഉള്ള രാജ്യം ഇന്ത്യയായിരിക്കും എന്നാണ്‌ പഠനം. അങ്ങനെയെങ്കിൽ സ്വഭാവദൂഷ്യങ്ങളും മാനസിക വൈകല്യങ്ങളും ലൈംഗികവൈകൃതങ്ങളും മതഭ്രാന്തും ഇല്ലാത്ത ഒരു യുവ തലമുറയെ സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുകയും പ്രശ്നങ്ങൾക്ക്‌ അടിയന്തിരമായ പരിഹാരമുണ്ടാകുകയും വേണം.നല്ല പേരന്റിംഗ്‌, നല്ല വിദ്യാഭ്യാസം, ആരോഗ്യപരമായ ലൈംഗിക ജീവിതത്തിനുതകുന്ന നല്ല ലൈംഗിക വിദ്യാഭ്യാസം, മാനസികാരോഗ്യപഠനങ്ങൾ ഇവയെല്ലാം നമ്മുടെ കുട്ടികൾക്ക്‌ ലഭിക്കണം. മാറിവരുന്ന ഇന്ത്യൻ വിദ്യാഭ്യാസ നയത്തിൽ ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി ആരോഗ്യകരമായ നിലപാടുകൾക്ക്‌ ഊന്നൽ കൊടുത്താൽ മാത്രമേ സമൂഹത്തെ മാനസികാരോഗ്യത്തോടെ വീണ്ടെടുക്കാനാവൂ.

Related News