Loading ...

Home National

ഇന്ത്യയില്‍ അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് ലഭിച്ച എട്ട് ബീച്ചുകള്‍

അന്താരാഷ്ട്ര തലത്തില്‍ ബീച്ചുകള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ബ്ലൂ ഫ്ലാഗ്. ഡെന്മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ (എഫ്‌ഇഇ) ആണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കേഷന്‍ നല്കുന്നത്. മൊത്തത്തിലുള്ള ഗുണ നിലവാരം അംഗീകരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ബീച്ചുകളെ തിരഞ്ഞെടുക്കുന്നത്. പരിസ്ഥിതി സൗഹൃദ പരമായ നിര്‍മ്മിതികള്‍, കുളിക്കുന്ന കടല്‍ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി നിരന്തരമായ പരിശോധന, സുരക്ഷാ മാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷി സൗഹൃദമായ പ്രവേശനം തുടങ്ങി മുപ്പതിലധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കുന്നത്. ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്നുളള എട്ട് ബീച്ചുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത്.

1. കാപ്പാട് ബീച്ച്‌
കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് ഒരുപാട് ചരിത്ര പ്രാധാന്യമുള്ള കാപ്പാട് ബീച്ച്‌ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കാപ്പാട് ബീച്ച്‌ മനോഹരമായ ചെറിയ പാറക്കൂട്ടങ്ങളാല്‍ സമ്ബന്നമാണ്. ഇവിടെ നിന്നുളള അസ്തമയ കാഴ്ചകള്‍ വളരെ മനോഹരമാണ്.

2. കസാര്‍കോഡ് ബീച്ച്‌
പേര് കേള്‍ക്കുമ്ബോള്‍ കാസര്‍കോഡ് ജില്ലയോട് സാദൃശ്യം തോന്നാമെങ്കിലും, ഈ കസാര്‍കോഡ് കേരളത്തിലല്ല. കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹൊനാവര്‍ താലൂക്കിലാണ് കസാര്‍കോഡ് ബീച്ച്‌ സ്ഥിതി ചെയ്യുന്നത്. വെള്ള മണല്‍ത്തരികളുമായി നീണ്ടു കിടക്കുന്ന തീരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

3. ശിവ്രാജ്പൂര്‍ ബീച്ച്‌
വിനോദ സഞ്ചാരത്തിന്റെ അടയാളങ്ങളില്‍ ഒന്നായ ഈ ബീച്ച്‌ ഗുജറാത്തിലെ ദ്വാരകയിലെ പ്രസിദ്ധമായ രുക്മിണി ക്ഷേത്രത്തിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. കടല്‍ വൈവിധ്യവും പവിഴപ്പുറ്റുകളുമാണ് ഇവിടുത്തെ പ്രത്യേകത.

4. രാധാനഗര്‍ ബീച്ച്‌
ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ച്‌. ഏറ്റവും വൃത്തിയുള്ള ബീച്ചുകളില്‍ ഒന്നുകൂടിയാണിത്. ഹാവ്‌ലോക്ക് ഐലന്‍ഡിലെ ഈ ദ്വീപ് ആന്‍ഡമാനിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. അലങ്കരിച്ച ബീച്ചും റിസോര്‍ട്ടുകളും ഇവിടെ കാണാം.

5. ഗോഗ്ലാ ബീച്ച്‌
കേന്ദ്രഭരണ പ്രദേശമായ ദിയുവിലാണ് ഗോഗ്ലാ ബീച്ച്‌ സ്ഥിതി ചെയ്യുന്നത്. ദിയുവിലെ ഏറ്റവും നീളമേറിയ ഈ ബീച്ചിനു സമീപത്തായി ഒരുപാട് കോട്ടകളും ദേവാലയങ്ങളും കാണാം. സുവര്‍ണ്ണ മണല്‍ത്തരികള്‍ക്കു പ്രസിദ്ധമായ ഈ ബീച്ച്‌ ഗുജറാത്ത് വരെ നീണ്ടു കിടക്കുന്നുണ്ട്.

6. സുവര്‍ണ്ണ ബീച്ച്‌
ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രം കൂടിയായ സുവര്‍ണ്ണ ബീച്ച്‌ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സുവര്‍ണ്ണ നിറത്തിലുള്ള മണല്‍ തരികളാണ് ബീച്ചിന് ഈ പേരു വരാനുളള കാരണം.

7. ഋഷികോണ്ട ബീച്ച്‌
വിശാഖപട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഋഷികോണ്ട ബീച്ച്‌ ആന്ധ്രാ പ്രദേശിലെ പ്രസിദ്ധമായ ബീച്ചുകളിലൊന്നാണ്. മനോഹരമായ തീരവും കാലാവസ്ഥയും ഇവിടുത്തെ പ്രത്യേകതയാണ്.

8. പദുബിദ്രി ബീച്ച്‌
കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് പദുബിദ്രി ബീച്ച്‌ സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായ കാഴ്ചയാണ് ഇവിടം വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

Related News