Loading ...

Home National

ഇന്ത്യക്ക് വിശക്കുന്നു; ആഗോള സൂചികയില്‍ പാകിസ്താനും, നേപ്പാളും, ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: അതിഭീകരമായ പട്ടിണിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് (ആഗോള വിശപ്പ് സൂചിക). 107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്.രാജ്യത്തിലെ വലിയ വിഭാഗം ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളര്‍ച്ചയില്ലായ്‍മ, കുട്ടികളുടെ മരണനിരക്ക് എന്നിവ പ്രകാരമാണ് ലോക വിശപ്പ് സൂചിക തയാറാക്കുന്നത്.

പട്ടികയില്‍ പാകിസ്താന്‍ 88ാം സ്ഥാനത്താണ്. ബംഗ്ലാദേശ് 75ഉം നേപ്പാള്‍ 73ഉം സ്ഥാനത്താണ്. ഉത്തര കൊറിയ, റുവാണ്ട, നൈജീരിയ, അഫ്ഗാനിസ്താന്‍, സിയെറ ലിയോണ്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും കടുത്ത പട്ടിണിയില്‍ കഴിയുന്നത്.അതേസമയം, 2019ലെ പട്ടികയില്‍ നിന്ന് ഇന്ത്യ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102 ആയിരുന്നു ഇന്ത്യയുടെ റാങ്ക്.

ദക്ഷിണേഷ്യ, സഹാറക്ക് തെക്കുള്ള ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കടുത്ത വിശപ്പു സാഹചര്യങ്ങളില്‍ ജനം കഴിയുന്നതെന്ന് ഹംഗര്‍ ഇന്‍ഡക്സ് ചൂണ്ടിക്കാട്ടുന്നു.പട്ടികയില്‍ ഇന്ത്യയുടെ ഇന്‍ഡക്സ് സ്കോര്‍ 27.2 ആണ്. ഇതിനെ ഗുരുതര വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. രാജ്യത്ത് ജനസംഖ്യയുടെ 14 ശതമാനം അതായത്, 18 കോടിയിലേറെ ജനം പട്ടിണിയിലാണെന്ന് സൂചിക പറയുന്നു.രാജ്യത്ത് കുട്ടികളുടെ വളര്‍ച്ചാമുരടിപ്പ് നിരക്ക് 37.4 ശതമാനമാണ്. അതേസമയം, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ കുറവുണ്ടായിട്ടുണ്ട്.ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ഏജന്‍സികളുടെയും കൈയിലെ വിവരങ്ങള്‍ ശേഖരിച്ചാണ് ആഗോള വിശപ്പ് സൂചിക ഒരുക്കുന്നത്. 2000ന് ശേഷം ലോകത്താകമാനം പട്ടിണി കുറഞ്ഞുവരുന്നതായാണ് കാണുന്നതെങ്കിലും പലയിടങ്ങളിലും വളര്‍ച്ച പതുക്കെയും പട്ടിണി തീവ്രവുമാകുകയാണെന്ന് 80 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News