Loading ...

Home USA

അമേരിക്കക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ ആവേണ്ട

‘കാഷ്ലെസ്സ്’ സമൂഹമാകാന്‍ ഇന്ത്യ കുതിക്കുകയാണെന്ന് സങ്കല്‍പ്പിച്ചാല്‍ അമേരിക്ക എന്തായിരിക്കണം. ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യയുള്ള (39.9 കോടി) വികസിത അമേരിക്ക എന്നോ ഡിജിറ്റല്‍ സൊസൈറ്റി ആയിട്ടുണ്ടാകണം. ഈ ധാരണ തെറ്റാണെന്ന് വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ ബോധ്യമാകും. അമേരിക്കയില്‍ കാര്യങ്ങള്‍ മറ്റൊരു വിധത്തിലാണ് നീങ്ങുന്നത്. നാല്പതുശതമാനം ഇടപാടുകള്‍ക്ക് ഇപ്പോഴും ഉപയോഗിക്കുന്നത് കറന്‍സി തന്നെ. പ്രത്യേകിച്ച് ചെറിയ തുകക്കുള്ള ഇടപാടുകള്‍ക്ക്. 50 ഡോളറിന് താഴെ വരുന്ന ചെലവുകള്‍ പകുതിയും നിര്‍വഹിക്കപ്പെടുന്നത് കറന്‍സിയിലൂടെയാണ്.ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തോടും ഇലക്ട്രോണിക് ഇടപാടുകളോടും അമേരിക്കയിലെ പുതുതലമുറക്ക് താല്പര്യം കുറയുകയാണെന്ന് പറഞ്ഞാല്‍ പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഒൗദ്യോഗിക കണക്കുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഫെഡറല്‍ റിസര്‍വിന്‍െറ കണക്കുകള്‍ പ്രകാരം35 വയസിന് താഴെയുള്ളവരുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗം 1989ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. ക്രഡിറ്റ് 1 ഡബിറ്റ് കാര്‍ഡ് ഉള്ള യുവജനങ്ങള്‍ തന്നെ വളരെ സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം പ്രായം ചെന്നവര്‍ക്കും ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തോട് താല്പര്യം കുറഞ്ഞിട്ടുണ്ട്. ഈ പ്രവണത സമ്പദ്ഘടനക്കുമേല്‍ എന്തുപ്രത്യാഘാതമുണ്ടാക്കും എന്ന് ധനകാര്യ ഏജന്‍സികള്‍ പഠിക്കുകയാണ്.
 


ഡിജിറ്റല്‍ ഇടപാടിനോട് യുവതലമുറക്കുള്ള വിപ്രതിപത്തിക്ക് പലകാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പണമാണെങ്കില്‍ മടിശീലനോക്കിയേ ചെലവാക്കൂ എന്ന് അവര്‍ കരുതുന്നു. കാര്‍ഡാകുമ്പോള്‍ ചെലവുചെയ്യാനുള്ള വ്യഗ്രതയുണ്ടാകും. അതുകടം വരുത്തിവെക്കും. പണഉപയോഗം കൂടുതല്‍ സൗകര്യമാണ്. അതിന് സ്വകാര്യതയുണ്ട്. സുരക്ഷിതത്വ ഉപാധികള്‍ ധാരാളമുണ്ടെങ്കിലും ഡിജിറ്റല്‍ ഇടപാട് നടത്തുന്നവര്‍ തട്ടിപ്പിന് ഇരയാകുന്നത് കുറവല്ല. എന്നാല്‍, ക്രഡിറ്റ് കാര്‍ഡിന് ഇന്‍ഷൂറന്‍സുണ്ട്. കാര്‍ഡ് മോഷ്ടിച്ചോ കൃത്രിമവഴികളിലൂടെയോ ആരെങ്കിലും പണം അടിച്ചുമാറ്റിയുട്ടുണ്ടെങ്കില്‍ അക്കൗണ്ട് ഉടമയെ അതുബാധിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ അതുവകവെച്ചുള്ളകൊടുക്കും. കാര്‍ഡിനുള്ള ചാര്‍ജില്‍ ഇന്‍ഷുറന്‍സിന്‍െറ ചെലവും ഉള്‍പ്പെടണമെന്നത് മറ്റൊരു കാര്യം. നമ്മുടെ നാട്ടിലെപ്പോലെ ഡിജിറ്റല്‍ ഇടപാടിന് ഇവിടെയും ചാര്‍ജുണ്ട്. ചെറുകിട കച്ചവടക്കാരില്‍ നിന്ന് 2-3 ശതമാനം തുകയാണ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്നത്. സ്വാഭാവികമായും അതുപരോക്ഷമായി ഉപഭോക്താവിന്‍െറ തലയില്‍ വരും.
2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുവജനങ്ങള്‍ക്ക് സാമ്പത്തിക വിപണിയെ അത്ര വിശ്വാസമില്ല. പലവിധത്തിലുള്ള കടങ്ങളാണ് അവരെ അലട്ടുന്ന പ്രശ്നം. 35 വയസിന് താഴെയുള്ള അമേരിക്കക്കാര്‍ക്ക് ശരാശരി 17000 ഡോളറിന്‍െറ പഠനവായ്പയുണ്ട്. നമ്മുടെ നാട്ടിലാണെങ്കില്‍ വിദ്യഭ്യാസ വായ്പയുടെ ഭാരം മാതാപിതാക്കള്‍ ചുവന്നുകൊള്ളും. ഇവിടെ അതല്ല സ്ഥിതി, ആര്‍ക്കുവേണ്ടിയാണോ വായ്പയെടുത്തത്, അവര്‍ തന്നെ വീട്ടിക്കൊള്ളണം. ഫെഡറല്‍ റിസര്‍വിന്‍െറ രേഖകള്‍ പ്രകാരം അമേരിക്കന്‍ കുടുംബങ്ങളുടെ മൊത്തം കടബാധ്യത 12.2 ലക്ഷം കോടി ഡോളര്‍ വരും. ഡിജിറ്റല്‍ ഇടപാടിനെ ഗുണത്തേക്കാളേറെ ദോഷങ്ങളാണ് പുതുതലമുറയില്‍ ഒരു വിഭാഗം കാണുന്നത്. അതു യുക്തിസഹമാണോ എന്നത് മറ്റൊരു വിഷയം.

യു.എസില്‍ പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ 40 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് 90 ശതമാനത്തിലധികം വരും. ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കാനഡയുമാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്നില്‍ നില്‍ക്കുന്നത്-90 ശതമാനത്തിലധികം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ ഒരു സമൂഹത്തെയും ഡിജിറ്റല്‍ ആക്കാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റ് സൗകര്യം, ബാങ്കിങ് സൗകര്യം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുന്നതാണ് ‘കാഷ്ലെസ്സ് സൊസൈറ്റിക്ക്’ ആവശ്യമായ അടിസ്ഥാനഘടകങ്ങള്‍.
അസോചത്തിന്‍െറ (അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) കണക്കില്‍ ഇന്ത്യയിലെ 95 കോടി ജനങ്ങള്‍ ഇന്‍റര്‍നെറ്റിന് പുറത്താണ്. 1990ന് ശേഷം ഇന്‍ര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും അതുജനസംഖ്യയുടെ 26 ശതമാനമേ ആയിട്ടുള്ളൂ. അമേരിക്കയില്‍ അതു 75 ശതമാനവും കൊറിയയില്‍ 90 ശതമാനവുമാണ്. ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുള്ള നഗരങ്ങളില്‍ തന്നെ അതിന്‍െറ ഗുണനിലവാരത്തില്‍ പ്രശ്നങ്ങളുണ്ട്. സ്വീഡ് കുറവ്, ഇടക്കിടെ മുറിഞ്ഞുപോകല്‍ എന്നിവ ബാങ്കുകളുടെപ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്നുണ്ട്.അമേരിക്കയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ഏഴ് ശതമാനമേയുള്ളൂ. ഇന്ത്യയില്‍ അത് 54 ശതമാനം. അനേകം ഗ്രാമങ്ങളില്‍ എത്തിപ്പെടാവുന്ന ദൂരത്തില്‍ ബാങ്ക് ശാഖകളില്ല. ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ ‘കാഷ് ലെസ്സ്’ സൊസൈറ്റി’ എന്നത് ഇന്ത്യയെ സംബന്ധിച്ച് നല്ളൊരു സ്വപ്നമാണ്. പണരഹിത സമൂഹത്തിന്‍െറ നേട്ടങ്ങളെക്കുറിച്ചാണ് ഇന്ത്യക്കാര്‍ കേട്ടുകൊണ്ടിരിക്കുന്നത്. വികസിത രാജ്യങ്ങളുടെ അനുഭവം ഈ സന്ദര്‍ഭത്തില്‍ പഠിക്കുന്നതു നല്ലതാണ്്.


 à´¨àµà´¯àµ‚യോര്‍ക്കില്‍ നിന്ന് പി.പി. അബൂബബക്കര്‍

Related News