Loading ...

Home Gulf

സൗദിയിലെ അല്‍ഹസ ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച

ദമാം: ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവിയുമായി അല്‍ഹസ ഗിന്നസ് ബുക്കില്‍. കൂറ്റന്‍ ഭൂഗര്‍ഭജല സ്രോതസ്സിനെ അവലംബിക്കുന്ന 280 കുഴല്‍ കിണറുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച്‌ 25 ലക്ഷം ഈത്തപ്പനകള്‍ അല്‍ഹസ ശാദ്വല ഭൂമിയില്‍ വളരുന്നു. അല്‍ഹസ മരുപ്പച്ചയുടെ വിസ്തീര്‍ണം 85.4 ചതുരശ്ര കിലോമീറ്ററാണ്. അല്‍ഹസ മരുപ്പച്ചയെ കുറിച്ച്‌ ഗിന്നസ് ബുക്കിന് പരിചയപ്പെടുത്തിയത് ഹെറിറ്റേജ് കമ്മീഷനാണ്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ നേരത്തെ അല്‍ഹസയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ഉലയിലെ മദായിന്‍ സ്വാലിഹും ദിര്‍ഇയ്യയിലെ അല്‍തുറൈഫ് ഡിസ്ട്രിക്ടും ഹിസ്റ്റൊറിക് ജിദ്ദയും ഹായിലിലെ ജുബ്ബയിലും ശുവൈമിസിലുമുള്ള ശിലാചിത്ര പ്രദേശങ്ങളും ഇതേപോലെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പരിസ്ഥിതി സമൃദ്ധിക്കും പ്രകൃതി പൈതൃകത്തിനും പുറമെ അല്‍ഹസക്ക് ചരിത്ര, സാംസ്‌കാരിക സമ്പന്നതയുമുണ്ട്. നിരവധി മനുഷ്യ നാഗരികതകള്‍ അല്‍ഹസയില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അറേബ്യന്‍ ഉപദ്വീപിനെ ലോകവുമായി ബന്ധിപ്പിക്കുന്ന തന്ത്രപരമായ കണ്ണിയായിരുന്നു അല്‍ഹസ. നിരവധി ദേശീയ പൈതൃക കേന്ദ്രങ്ങള്‍ അല്‍ഹസയിലുണ്ട്. അല്‍ഹസയിലെ മനുഷ്യവാസ ചരിത്രത്തിന് ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ട്. ലോകത്ത് മണല്‍ കൊണ്ട് ചുറ്റപ്പെട്ട ഏറ്റവും വലിയ ഈത്തപ്പന മരുപ്പച്ചയാണ് അല്‍ഹസ ഈത്തപ്പന മരുപ്പച്ച.കണ്ണാടി ചില്ലുകള്‍ ഉപയോഗിച്ച്‌ പുറംഭാഗം മറച്ച ലോകത്തെ ഏറ്റവും വലിയ കെട്ടിടം എന്നോണം അല്‍ഉലയിലെ മറായാ തിയേറ്റര്‍ കഴിഞ്ഞ വര്‍ഷം ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. സൗദിയില്‍ നിന്നുള്ള മറ്റു നിരവധി നേട്ടങ്ങളും ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറബ് ലോകത്ത് ഗിന്നസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ച രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ.

Related News