Loading ...
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ
മൊറട്ടോറിയം നീട്ടാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി കേന്ദ്രവും റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തു.
മൊറട്ടോറിയം താത്കാലിക ആശ്വാസം എന്ന നിലയില്‍ ആണ് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ വായ്പ എടുത്തവര്‍ക്ക് ദീര്‍ഘകാല അനൂകൂല്യം ലഭിക്കുന്ന തരത്തില്‍
ആണ് ഓഗസ്റ്റ് 6 ന് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത് എന്നും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തില്‍
വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍
ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷം ആണ് ഇളവുകള്‍ സംബന്ധിച്ച
തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാങ്മൂലത്തില്‍
വിശദീകരിച്ചിരിക്കുന്നത്.
രണ്ട് കോടിക്ക് മുകളില്‍ വായ്പ ഉള്ളവര്‍ക്ക് കൂടുതല്‍
ആനുകൂല്യം നല്‍കാന്‍ കഴിയില്ല. സാമ്ബത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം
സര്‍ക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി
വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍
നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍
വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ
അടിസ്ഥാനത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീം
കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.