Loading ...

Home Australia/NZ

2020-21ലെ ഓസ്ട്രേലിയൻ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചു

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോൾ ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ചുള്ള നയം ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചു. പാർട്ണർ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് നിർണായക മാറ്റങ്ങളാണ് വരുന്നത്.കൊവിഡ് പ്രതിസന്ധി മൂലം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം ഒന്നര പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നിരുന്നു.

ഈ പശ്ചാത്തലത്തിൽ, 2020-21ൽ അനുവദിക്കുന്ന വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമോ എന്നതായിരുന്നു ബജറ്റിൽ ഏറ്റവുമധികം ശ്രദ്ധേയമായിരുന്നു കാര്യം.ഇതുൾപ്പെടെയുള്ള വിശദാംശങ്ങളാണ് ബജറ്റ് രേഖകളിൽ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

കുടിയേറ്റത്തിന്റെ പരിധി വെട്ടിക്കുറയ്ക്കില്ല

2020-21ൽ ആകെ അനുവദിക്കാവുന്ന കുടിയേറ്റ വിസകളുടെ പരിധി വെട്ടിക്കുറയ്ക്കില്ല എന്നാണ് സർക്കാർ വ്യക്തമാക്കിയത്.കഴിഞ്ഞ വർഷത്തേതു പോലെ 1,60.000 ആയി തന്നെ ആകെ കുടിയേറ്റ വിസകളുടെ പരിധി തുടരും.എന്നാൽ ഈ പരിധിക്കുള്ളിൽ തന്നെ വിവിധ വിസകൾ നൽകുന്നതിനുള്ള മുൻഗണനാ ക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രധാന മാറ്റങ്ങൾ ഇവയാണ്

* ഫാമിലി വിസകളുടെ എണ്ണം ഏകദേശം 80% വർദ്ധിപ്പിക്കും.

* കഴിഞ്ഞ വർഷം 47,732 ഫാമിലി വിസകളാണ് നീക്കിവച്ചിരുന്നതെങ്കിൽ, 2020-21ൽ അത് 77,300 ആയി ഉയരും.

* സ്കിൽഡ് വിസകളുടെ വിഭാഗത്തിൽ എംപ്ലോയർ സ്പോൺസേർഡ് വിസകൾക്കായിരിക്കും ഏറ്റവുമധികം പ്രാധാന്യം നൽകുക.
ഇതോടൊപ്പം, ഗ്ലോബൽ ടാലന്റ്, ബിസിനസ് ഇന്നവേഷൻ ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം വിസകൾക്കും മുൻഗണന നൽകുമെന്ന് ബജറ്റ് രേഖകളിൽ സർക്കാർ വ്യക്തമാക്കി.

* ഇപ്പോൾ ഓസ്ട്രേലിയയിൽ തന്നെയുള്ളവർ പെർമനന്റ് റെസിഡൻസി വിസയ്ക്കായി അപേക്ഷിക്കുമ്പോൾ (ഓൺഷോർ) അതിന് മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്.

* പാർട്ണർ വിസകൾക്ക് അപേക്ഷിക്കുമ്പോൾ സ്പോൺസർ ജീവിക്കുന്നത് റീജിയണൽ ഓസ്ട്രേലിയയിലാണെങ്കിൽ, അതിനും മുൻഗണന ലഭിക്കും.

പാർട്ണർ വിസയ്ക്ക് ഇംഗ്ലീഷ് പ്രാവീണ്യം

എന്നാൽ പാർട്ണർ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് സുപ്രധാനമായ മാറ്റങ്ങളും ഇതൊടൊപ്പം കൊണ്ടുവന്നിരിക്കുകയാണ്.പാർട്ണർ വിസ അപേക്ഷകൾക്ക് ഫാമിലി സ്പോൺസർഷിപ്പ് ഫ്രെയിംവർക്ക് ബാധകമാക്കും.അതായത്, അപേക്ഷകരുടെയും സ്പോൺസർമാരുടെയും സ്വഭാവ പരിശോധന നിർബന്ധമാക്കും. സ്പോൺസർഷിപ്പ് അപേക്ഷയുടെ ഭാഗമായി വ്യക്തി വിവരങ്ങൾ കൈമാറേണ്ടിയും വരും.പാർട്ണർ വിസയിലെത്തുന്നവർ ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ മാറ്റം.പാർട്ണർ വിസ അപേക്ഷകർക്കും, അവരുടെ സ്പോൺസർമാർക്കും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും നിർബന്ധിതമാക്കും.ഓസ്ട്രേലിയൻ സമൂഹവുമായി ഒത്തുപോകുന്നതിന് ഇവരെ കൂടുതൽ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് ഇത്

Related News