Loading ...

Home Gulf

ഷാര്‍ജയിൽ നൂറു കോടി ചെലവില്‍ നിര്‍മിച്ച കല്‍ബ റോഡ് തുറന്നു

ഷാര്‍ജ: കല്‍ബയില്‍ നൂറു കോടി ദിര്‍ഹം ചെലവിട്ട് വാദി അല്‍ ഹിലു മുതല്‍ കല്‍ബ പതാകചത്വരം വരെ നീളുന്ന 26 കിലോമീറ്റര്‍ റോഡിന്റെ ഉദ്ഘാടനം സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്‍വഹിച്ചു. ​നഗരത്തിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോഗപ്പെടുന്ന വിധത്തില്‍ കല്‍ബ നഗരം വികസിപ്പിക്കുന്നതിനായി ഷാര്‍ജ എമിറേറ്റ് ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട വികസന, സേവന, ടൂറിസം പദ്ധതികളിലൊന്നാണ്​ കല്‍ബ റോഡ്. ഷാര്‍ജയും കല്‍ബയും തമ്മിലുള്ള യാത്രസമയം 90 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ കുറയും.

പുതിയ റോഡില്‍ മൂന്ന് കവലകളും 10 ക്രോസിങ്ങുകളും ഉള്‍പ്പെടുന്നു. 8.5 കിലോമീറ്റര്‍ നീളമുള്ള വാദി മാദിക് റോഡില്‍ രണ്ട് തുരങ്കങ്ങളുമുണ്ട്. 450 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ അഞ്ച്​ ക്രോസിങ്ങുകളും ഒരു കവലയും ഉള്‍പ്പെടുന്നു. രണ്ട് കിലോമീറ്റര്‍ നീളമുള്ള യാര്‍ ലഗൂണ്‍ പ്രോജക്ടിന് പുറമെ, കല്‍ബ റോഡിന്റെ  ഇരുവശങ്ങളിലും നിര്‍മിച്ച ഹരിത ഇടങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രോജക്ടുകളും ശൈഖ് സുല്‍ത്താന്‍ പരിശോധിച്ചു.

ഖോര്‍ഫാക്കനിലെ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി ചീഫ് ശൈഖ് സയീദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, കല്‍ബയിലെ ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഹൈതം ബിന്‍ സാഖര്‍ അല്‍ ഖാസിമി, സാംസ്കാരിക വകുപ്പ് ചെയര്‍മാന്‍ അബ്​ദുല്ല മുഹമ്മദ് അല്‍ ഉവൈസ്, ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ എന്‍ജി. യൂസഫ് സാലിഹ് അല്‍ സുവൈജി തുടങ്ങിയവരും ഭരണാധികാരിക്കൊപ്പം ഉണ്ടായിരുന്നു.

Related News