Loading ...

Home Kerala

കോവിഡില്‍ കുടുങ്ങി മീന്‍പിടിത്തം മത്സ്യമേഖല വന്‍ പ്രതിസന്ധിയില്‍

ബേപ്പൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി സംസ്ഥാനത്തെ മത്സ്യമേഖല വന്‍ പ്രതിസന്ധിയില്‍. ക്ലസ്​റ്റര്‍, ക്രിട്ടിക്കല്‍ ക െണ്ടയ്​ന്‍മെന്‍റ് സോണുകളില്‍ പെട്ട സംസ്ഥാനത്തെ മിക്ക ഹാര്‍ബറുകളും, പൂര്‍ണതോതില്‍ അടച്ചതിനാല്‍, സീസണ്‍ കനത്ത പരാജയത്തിലാകുമെന്നാണ് സൂചന. ലോക്ഡൗണും ട്രോളിങ്​ നിരോധനവും ചേര്‍ന്ന് വന്നപ്പോള്‍, കോടികളുടെ മുതല്‍മുടക്കുള്ള യന്ത്രവത്കൃത ബോട്ടുകള്‍ അഞ്ചുമാസത്തോളം കെട്ടിയിടേണ്ടിവന്നു. ഇതേ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്​ടമാണ് ഉടമകള്‍ക്കുണ്ടായത്. കോവിഡിന്റെ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചാല്‍ നഷ്​ടം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്തായി.മത്സ്യബന്ധനം കൃത്യമായി നടക്കാത്തതിനാല്‍ സംസ്കരണ-സംഭരണ ശാലകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. മേഖലയിലെ വ്യവസായികള്‍ക്ക് ശതകോടികളുടെ നഷ്​ടമാണ് കോവിഡ് കാരണം സംഭവിച്ചത്. പ്രതിവര്‍ഷം 6,000 കോടിയുടെ വിദേശനാണ്യം സംസ്ഥാനത്ത് നേടിത്തരുന്ന മത്സ്യ സംസ്കരണ കയറ്റുമതിമേഖലയും, ആഭ്യന്തരവിപണിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ കോവിഡ് മഹാമാരിയിലും മത്സ്യബന്ധനം ഒരു തടസ്സവുമില്ലാതെ നടക്കുന്നു.

സമുദ്രോല്‍പന്ന സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡിന്റെ  സമൂഹവ്യാപനം മത്സ്യമേഖലയിലൂടെ ആരംഭിച്ചതാണ് വലിയ ആഘാതമായത്. സംസ്ഥാനത്തെ ഹാര്‍ബറുകളില്‍നിന്നും വിപണന കേന്ദ്രങ്ങളില്‍നിന്നും സമ്ബര്‍ക്കസാധ്യതകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, മീന്‍പിടിത്തക്കാരായ ഇതര സംസ്ഥാനക്കാര്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടുവന്നതും മേഖലയെ പിറകോട്ടടിച്ചു. മത്സ്യ-അനുബന്ധ മേഖലകളിലെ തൊഴിലില്ലായ്മ, ആയിരക്കണക്കിനാളുകളെ കഷ്​ടത്തിലാക്കിയതോടെ, പല തീരദേശ ഗ്രാമങ്ങളും ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്.ക്രിസ്മസ് വിപണി മുന്നില്‍കണ്ട് യു.എസും യൂറോപ്യന്‍ രാജ്യങ്ങളും സമുദ്രോല്‍പന്നങ്ങള്‍ക്ക് വലിയ ഓര്‍ഡര്‍ നല്‍കുന്ന സമയത്താണ് മേഖല വന്‍പ്രതിസന്ധിയിലായത്. ഫിഷറീസ് വകുപ്പിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള മീന്‍പിടിത്തത്തിനും വിപണനത്തിനും ഉത്തരവുണ്ടാകണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്​.


Related News