Loading ...

Home Europe

ഒരു ദിവസത്തെ 'പ്രധാനമന്ത്രി'; ഫിന്‍ലന്‍ഡിനെ 'ഭരിച്ച്‌' 16കാരി

ഹെല്‍സിങ്കി: 2001ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ മുതല്‍വനിലെ കഥ പോലെയായിരുന്നു അത്. നായകനായ അര്‍ജ്ജുന്‍ 'ഒരു ദിവസം' മുഖ്യമന്ത്രി പദവി താല്‍ക്കാലികമായി ഏറ്റെടുക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അവിശ്വസനീയമായ ആ സിനിമാക്കഥ അങ്ങ് ഫിന്‍ലന്‍ഡില്‍ യാഥാര്‍ഥ്യമായി. ഒരു ദിവസത്തേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലിരിക്കാന്‍ അവസരം ലഭിച്ചത് ഒരു കൗമാരക്കാരിക്കാണ്. പ്രധാനമന്ത്രി സന്ന മരിന്‍ ഇന്നലെ തന്റെ അധികാരം താല്‍കാലികമായി കൈമാറിയത് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍നിന്നുള്ള 16കാരി ആവാ മുര്‍ട്ടോക്കായിരുന്നു. രാജ്യത്ത് പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മുര്‍ട്ടോ 'പ്രധാനമന്ത്രി' ആയത്. ആവേശകരമായ ദിവസമായിരുന്നു ഇതെന്ന് ആവോ പറയുന്നു. ചാന്‍സലര്‍ ഓഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയശേഷം പാര്‍ലമെന്റിന്റെ പടവുകളില്‍ 'പ്രധാനമന്ത്രി' മാധ്യമങ്ങളെ അഭിമുഖീകരിച്ചു.കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുന്നണിപ്പോരാളിയാണ് ആവാ. ഇന്നലെ നിരവധി എം.പിമാരുമായും മന്ത്രിമാരുമായും അവള്‍ വികസനത്തെക്കുറിച്ചും വിദേശ വ്യാപാരങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. 'പെണ്‍കുട്ടികള്‍ എത്ര പ്രധാനപ്പെട്ടവരാണെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. സാങ്കേതികയില്‍ ആണ്‍കുട്ടികളെപ്പോലെ അവരും മിടുക്കരാണ്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്കായി മുതിര്‍ന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും ഭാവിയെക്കുറിച്ച്‌ കൂടുതല്‍ ചിന്തിക്കാനും യുവജനതക്ക് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്' -ആവാ എ.എഫ്.പിയോട് പറഞ്ഞു.കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഇന്റെര്‍നാഷണല്‍ എന്ന ചാരിറ്റി സംഘടനയുടെ 'ഗേള്‍സ് ടേക്കോവര്‍' കാമ്ബയിന്റെ ഭാഗമായാണ് 'ഒരു ദിവസം പ്രധാനമന്ത്രി' പരിപാടി നടത്തിയത്.

Related News