Loading ...

Home health

കീറ്റോ ഡയറ്റ് മരണകാരണമാകുന്നത് എങ്ങനെ; അറിയാം കീറ്റോ ഡയറ്റിനെ കുറിച്ച്‌

ബംഗാളി നടി മിഷ്തി മുഖര്‍ജിയുടെ മരണവാര്‍ത്തയെ കുറിച്ച്‌ നാമെല്ലാം കേട്ടതാണ്. എന്നാല്‍ താരത്തിനെ മരണത്തിലേക്ക് നയിച്ച കാരണമാണ് എല്ലാവരെയും ഞെട്ടിച്ചത്. നടി ശരീരഭാരം കുറയ്ക്കാനായി കീറ്റോ ഡയറ്റ് പിന്തുടര്‍ന്നിരുന്നു. ഇത് വൃക്കയുടെ തകരാറിലേക്ക് നയിച്ചെന്നും തുടര്‍ന്ന് ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മരണത്തിലേക്ക് നയിക്കുകയായിരുന്നെന്നുമാണ് താരത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.

ശരീര ഭാരം കുറയ്ക്കാനായി ആളുകള്‍ തെരഞ്ഞെടുക്കുന്ന രീതിയാണ് കീറ്റോ ഡയറ്റ്. കാര്‍ബോ ഹൈഡ്രേറ്റില്‍ ( അന്നജം) നിന്നുള്ള ഊര്‍ജത്തിന്റെ വളരെ കുറച്ചും കൊഴുപ്പില്‍ നിന്നുള്ള ഊര്‍ജത്തിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമീകരണമാണിത്. കീറ്റോ ഡയറ്റില്‍ ശരീരത്തിനാവശ്യമായ ഊര്‍ജത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത് കൊഴുപ്പില്‍ നിന്നാണ്.അമിതഭാരം കുറയ്ക്കാനായി പലരും കീറ്റോ ഡയറ്റ് പിന്തുടരുന്നുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ 10 മുതല്‍ 12 കിലോവരെയൊക്കെ കുറയ്ക്കാന്‍ കീറ്റോ ഡയറ്റിലൂടെ കഴിയും. എന്നാല്‍ ശരീരം ആവശ്യപ്പെടുന്നത്ര ഭാരമേ കുറയ്ക്കാന്‍ പാടുള്ളൂ എന്നും ചെറിയ സമയത്തിനുള്ളില്‍ ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓര്‍മിച്ചായിരിക്കണം കീറ്റോ ഡയറ്റ് പിന്തുടരേണ്ടത്.

കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതല്‍ 20 ശതമാനം വരെ മാത്രം ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 35 ശതമാനം പ്രോട്ടീന്‍, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം. രണ്ടോ മൂന്നോ മാസം തുടര്‍ച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദര പ്രശ്‌നങ്ങള്‍ക്കും കാരണമാകും.സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ് ഇതിനു പരിഹാരം. സൈക്ലിക് കീറ്റോയില്‍ അഞ്ചു ദിവസം അന്നജം ഒഴിവാക്കുക. തുടര്‍ന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കീറ്റോ ഡയറ്റില്‍ ഉള്‍പ്പെട്ട കാര്‍ബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണത്തില്‍ നിന്നാണ്. പ്രോട്ടീന്‍ ധാരാളം ഉള്ള ഭക്ഷണങ്ങള്‍ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികള്‍, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉള്‍പ്പെടുത്തണം. പരിപ്പുകള്‍, ധാന്യങ്ങള്‍ ഇവ ഒഴിവാക്കണം. ചില പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താം. അണ്ടിപ്പരിപ്പുകള്‍ കുറച്ച്‌ ഉപയോഗിക്കാം.മിതമായ അളവില്‍ മോര് കഴിക്കാം .പാലുല്‍പ്പന്നങ്ങളില്‍ അന്നജം ഉണ്ട്. അതിനാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാന്‍ തോന്നിയാല്‍ വല്ലപ്പോഴും അല്‍പം ഡാര്‍ക്ക് ചോക്ലേറ്റ് ആകാം. കാല്‍സ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related News