Loading ...

Home Kerala

ആദിവാസി പുനരധിവാസ ഭൂമി വിതരണം ചുവപ്പുനാടയില്‍

വെള്ളമുണ്ട: ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി കണ്ടെത്തിയ ഭൂമി വിതരണം വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന്​ തിരഞ്ഞെടുത്ത ആദിവാസി കുടുംബങ്ങള്‍ക്കുവേണ്ടി ഏറ്റെടുത്ത നാല് ഏക്കര്‍ ഭൂമിയുടെ രേഖകളാണ് ഭരണ സിരാകേന്ദ്രങ്ങളിലെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്. ഇതോടെ കിടപ്പാടത്തിനായുള്ള ആദിവാസി കുടുംബങ്ങളുടെ കാത്തിരിപ്പ്​ നീളുകയാണ്.

തരുവണക്കടുത്ത് പാലയാണ 14ാം വാര്‍ഡില്‍ പഴയിടം റോഡിനോടു ചേര്‍ന്നാണ് ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ രേഖകള്‍ ഉടമ ഉത്തരവാദപ്പെട്ടവര്‍ക്ക് കൈമാറിയതുമാണ്.നാലുമാസം മുൻപ്  à´ˆ ഭൂമിയില്‍ ജില്ല കലക്ടര്‍, അസി. കലക്ടര്‍, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍, ട്രൈബല്‍ ഓഫിസര്‍, വില്ലേജ് അധികാരികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിശോധന നടത്തി ഭൂമി ആദിവാസികള്‍ക്ക് വിതരണത്തിന് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

എന്നാല്‍, നാളിതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പാലയാണ പൗരസമിതി കുറ്റപ്പെടുത്തി.സൗകര്യപ്രദമായ ഭൂമി കണ്ടെത്തി അതിന്റെ രേഖകള്‍ ഉടമകള്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കൈമാറിയിട്ടും തുടര്‍പ്രവര്‍ത്തനങ്ങളില്‍ അമാന്തം കാണിക്കുന്നത് ഭൂരഹിതരോടുള്ള തികഞ്ഞ നീതികേടാണെന്നും ആക്ഷേപമുണ്ട്. ഭൂമിയുടെ രേഖകള്‍ ഉടന്‍ ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.എന്നാല്‍, ഭൂമി ഏറ്റെടുത്ത്‌ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ വിതരണം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. തങ്കമണി പറഞ്ഞു.


Related News