Loading ...

Home cinema

ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചില സിനിമകള്‍

ഒക്ടോബര്‍ രണ്ട് രാജ്യമെമ്ബാടും രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനം കൊണ്ടാടുമ്ബോള്‍ , അദ്ദേഹത്തിന്റെ ജീവിതമോ ആശയങ്ങളോ പ്രമേയമാക്കി ചിത്രീകരിച്ച ചില സിനിമകളെ പറ്റി ഓര്‍ക്കേണ്ടത് ഈ അവസരത്തില്‍ ഉചിതമായ കാര്യമാണ് . ഹോളിവുഡിലും ബോളിവുഡിലും അദ്ദേഹത്തിന്റെ ജീവിതം പ്രമേയമാക്കി ഇറങ്ങിയ പല സിനിമകളും ഒട്ടധികം പ്രശംസകള്‍ ഏറ്റു വാങ്ങിയവയാണ് .

1 . ഗാന്ധി

റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് ബെന്‍ കിംഗ്സ്ലി ഗാന്ധിജി ആയി വേഷമിട്ട , 1982 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് "ഗാന്ധി ". 1893 മുതല്‍ 1948 വരെയുള്ള മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ മനോഹരമായി ചിത്രീകരിച്ച ഈ സിനിമ നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം കൂടിയാണ് .ഭാരതവും യുണൈറ്റഡ് കിങ്‌ടവും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചലച്ചിത്രം ഗാന്ധി എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ജീവചരിത്രം മനോഹരമായി വര്‍ണ്ണിച്ച സിനിമയായി ഇന്നും നിലനില്‍ക്കുന്നു .

2 . ലഗേ റാഹോ മുന്ന ഭായ്

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ജയ് ദത്ത് മുഖ്യ വേഷത്തില്‍ എത്തിയ 2006 ല്‍ ഇറങ്ങിയ ചിത്രമാണ് ലഗേ രഹോ മുന്ന ഭായ് . ഗാന്ധിജിയുടെ തത്വചിന്തകള്‍ പുനരാവിഷ്കരിച്ച ചിത്രം എന്ന നിലയില്‍ പ്രേക്ഷക പ്രശംസ നേടിയതും , തീയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രം കൂടി ആയിരുന്നു ലഗേ രഹോ മുന്ന ഭായ് .

3 . ഗാന്ധി : മൈ ഫാദര്‍

ചന്ദുലാല്‍ ഭഗുഭായ് ദലാല്‍ , ഗാന്ധിജിയുടെ മകന്‍ ഹരിലാലിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി രചിച്ച സിനിമയാണ് ഗാന്ധി : മൈ ഫാദര്‍ . ഫിറോസ് അബ്ബാസ് ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അച്ഛനും മകനും തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തെക്കുറിച്ചുള്ള കഥയാണ് പറഞ്ഞത് .ദര്‍ശന്‍ ജരിവാല ഗാന്ധിജി ആയി വേഷമിട്ടപ്പോള്‍ , മകന്‍ ഹരിലാല്‍ ആയി വെള്ളിത്തിരയില്‍ എത്തിയത് അക്ഷയ് ഖന്നയാണ് .

4 . സര്‍ദാര്‍

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജീവചരിത്രം പറഞ്ഞ ചിത്രത്തില്‍ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് അന്നു കപൂര്‍ ആണ് . കേതന്‍ മേത്തയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തിറങ്ങിയ ചിത്രം പട്ടേലും ഗാന്ധിയും തമ്മിലുള്ള ദൃഢത നിറഞ്ഞ ബന്ധത്തെ വരച്ചു കാണിക്കുന്നു . പരേഷ് റാവല്‍ ആണ് ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വേഷം അഭിനയിച്ചത് .

5 . മേ ഗാന്ധി കോ നഹി മാര

അനുപം ഖേറും , ഊര്‍മ്മിള മണ്ഡോത്കറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം പുറത്തിറങ്ങിയത് 2005 ലാണ് . ജാന്‍‌ഹു ബറുവ സംവിധാനം ചെയ്ത ചിത്രത്തില്‍ , ഗാന്ധിയെ കളിപ്പാട്ട തോക്കുപയോഗിച്ച്‌ കൊന്നുവെന്ന് വിശ്വസിക്കുന്ന ഡിമെന്‍ഷ്യ രോഗിയായ, വിരമിച്ച ഒരു ഹിന്ദി പ്രൊഫസറുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത് .ബോക്സ് ഓഫീസില്‍ ചിത്രം വിജയിച്ചില്ലെങ്കിലും അനുപം ഖേറിന് ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം ആയിരുന്നു ഇത് .

Related News