Loading ...

Home Kerala

ലൈഫ് മിഷന്‍ വിവാദം; വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

തൃശ്ശൂര്‍: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍, മൂന്നംഗ സിബിഐ സംഘം ബില്‍ഡിങ് പെര്‍മിറ്റ് ഫയലുകള്‍ അടക്കം വിവിധ രേഖകള്‍ കസ്റ്റഡിയിലെടുത്തു. വൈദ്യുതിക്ക് അനുമതി നല്‍കിയത്, ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്. രേഖകളില്‍ വിശദമായ പരിശോധന നടത്തിയതിന് ശേഷമാകും സിബിഐ സംഘം അടുത്ത നടപടിയിലേക്ക് കടക്കുക. പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന സ്ഥലം സന്ദര്‍ശിക്കാനാണ് അടുത്ത നീക്കം. രണ്ട് ദിവസം മുന്‍പ് വിജിലന്‍സ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും ഏതാനും ഫയലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐയുടെ അന്വേഷണം. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്നാണ് സിബിഐയ്ക്ക് ലഭിച്ച നിയമോപദേശം. യൂണിടാക്കും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാര്‍ എങ്കിലും ഇതിലെ രണ്ടാമത്തെ കക്ഷി സര്‍ക്കാരാണ്. മാത്രമല്ല ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും ചെയര്‍മാനും സിഇഒയും സര്‍ക്കാരിന്റ ഭാഗമാണെന്നും ഇതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നുമാണ് സിബിഐ നിലപാട്. അതിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ നിര്‍മ്മാണം നിലച്ചു. നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ യൂണിടാക് എംഡി നിര്‍ദേശിച്ചതായി ജോലിക്കാര്‍ പറയുന്നു. പണി നിര്‍ത്തിവയ്ക്കുന്നതായി കാണിച്ച്‌ യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ലൈഫ് മിഷന്‍ അഴിമതിയിലെ നിര്‍ണായക ഫയലുകള്‍ വിജിലന്‍സ് കൈക്കലാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിബിഐ വരുന്നതിന് മുമ്ബ് തിടുക്കത്തില്‍ വിജിലന്‍സ് എത്തുകയായിരുന്നു. വിജിലന്‍സിന്റെ നീക്കം സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Related News