Loading ...

Home Kerala

കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനം. നേരത്തെ മൂന്ന് ദിവസം അടച്ചിടുമെന്നാണ് അറിയിച്ചിരുന്നത്. പാളയം മാര്‍ക്കറ്റിലേക്കുള്ള പച്ചക്കറി വാഹനങ്ങള്‍ തടമ്ബാട്ട്താഴത്തെ മാര്‍ക്കറ്റിലെത്തണം. ഏഴ് ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനക്ക് ശേഷമെ വ്യാപാരികളെ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കൂവെന്നും കലക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു..കോഴിക്കോട് വന്‍തോതില്‍ കോവിഡ് രോഗബാധിതര്‍ കൂടുകയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്നലെ മാത്രം 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധനകള്‍ വര്‍ധിപ്പിക്കും. പാളയം മാര്‍ക്കറ്റില്‍ 760 പേരില്‍ നടത്തിയ പരിശോധനയിലാണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പച്ചക്കറി കച്ചവടക്കാര്‍, ഉന്തുവണ്ടി കച്ചവടക്കാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കാണ് പരിശോധന നടത്തിയത്. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളില്‍ തന്നെ ചികില്‍സിക്കും.കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ കോവിഡ് വ്യാപനം ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദിനംപ്രതി ആയിരങ്ങള്‍ എത്തുന്ന മാര്‍ക്കറ്റാണ് പാളയം. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്നതാണ് ആശങ്ക. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാകും മറ്റ് നടപടികള്‍. ഇന്നലെ കോര്‍പ്പറേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരക്കേറിയ മാര്‍ക്കറ്റുകളില്‍ ദിവസേന 200 ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചു. കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ക്ലസ്റ്റര്‍ മേഖലകളിലും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്‍റ് സോണുകളിലും പരിശോധനകളുടെ എണ്ണം കൂട്ടും. ജില്ലയില്‍ ഇതുവരെ 12,914 പേരാണ് കോവിഡ് പോസിറ്റീവായത്.

Related News