Loading ...

Home Gulf

പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചും യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി

റിയാദ്: ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കും തിരിച്ചുമുള്ള വിമാനയാത്രാ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി സൗദി അറേബ്യ. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ(ജിഎസിഎ)യാണു തീരുമാനം.സൗദിയിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തീരുമാനം സൗദിയിലേക്കു തിരിച്ചുപോകാനിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികള്‍ക്കു തിരിച്ചടിയായി.

ഇന്ത്യയ്‌ക്കൊപ്പം ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയില്‍ എത്തുന്നതിനു 14 ദിവസം മുന്‍പ് ഈ രാജ്യങ്ങളിലുണ്ടായിരുന്നവരെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു ജിഎസിഎ വ്യക്തമാക്കി. അതേസയം, സര്‍ക്കാര്‍ ക്ഷണമുള്ളവര്‍ക്കു യാത്രാവിലക്കില്ല. എത്രകാലത്തേക്കാണു യാത്രാനിരോധനമെന്നു ജിഎസിഎ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 30 വരെ സൗദി നിര്‍ത്തിവച്ചിരുന്നു. ഈ സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിക്കാന്‍ സൗദി അടുത്തിടെയാണു തീരുമാനിച്ചത്. സൗദിയില്‍ തുടരുന്നവര്‍ക്കും അവധിയില്‍ പോയി നാട്ടില്‍ കുടുങ്ങിയവര്‍ക്കും ആശ്വാസം നല്‍കുന്നതായിരുന്നു തീരുമാനം.

സൗദിയില്‍ കുടുങ്ങിയ പ്രവാസികളെ തിരികൊണ്ടുപോകാനുള്ള സര്‍വിസുകള്‍, ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍, എയര്‍ ബബിള്‍ ക്രമീകരണ പ്രകാരമുള്ള ഫ്‌ളൈറ്റുകള്‍ എന്നിവ ഏതാനും മാസങ്ങളായി സൗദി അനുവദിച്ചിരുന്നു. മേയ് ആദ്യവാരം മുതല്‍ എയര്‍ ഇന്ത്യയുടെ വന്ദേഭാരത് മിഷന്‍ പ്രകാരം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികളെയാണ് എയര്‍ ഇന്ത്യ തിരികെ എത്തിച്ചത്. എന്നാല്‍ പുതിയ വിലക്ക് വന്ദേഭാരത് മിഷന്‍ സര്‍വീസുകളെയും ബാധിക്കാനിടയുണ്ട്.രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുന്ന സമയത്ത് വാണിജ്യ യാത്രാ സേവനങ്ങള്‍ക്കായി രാജ്യങ്ങള്‍ തമ്മില്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തുന്ന ക്രമീകരണത്തെയാണ് എയര്‍ ബബിള്‍ എന്നു വിശേഷിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്കും സൗദിക്കുമിടയില്‍ എയര്‍ ബബിള്‍ ക്രമീകരണപ്രകാരമുള്ള വിമാന സര്‍വീസുകളില്ല.എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് അടുത്തിടെ ദുബായ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കോവിഡ് ബാധിതരായ രണ്ടു പേരെ ഇന്ത്യയില്‍നിന്ന് കൊണ്ടുപോയി എന്ന് ആരോപിച്ച്‌ സെപ്റ്റര്‍ 18 മുതല്‍ രണ്ടാഴ്ചത്തേക്കായിരുന്നു വിലക്ക്. ക്ഷമാപണം നടത്തുകയും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തതോടെ വിലക്ക് അന്നുതന്നെ ദുബായ് പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാരായ ഗ്രൗണ്ട് സ്റ്റാഫിനെതിരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപടിയെടുത്തിരുന്നു.

Related News