Loading ...

Home International

ഇറാനെതിരെ യുഎന്‍ ഉപരോധമില്ല;ഗുട്ടെറസ്

ഐക്യരാഷ്ട്രകേന്ദ്രം:അമേരിക്ക ആവശ്യപ്പെടുന്നതുപോലെ ഇറാനെതിരെ വീണ്ടും ഉപരോധം അടിച്ചേല്‍പ്പിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയില്ലെന്ന് സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ് വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയുടെ അനുമതിയില്ലാതെ ഉപരോധത്തെ പിന്തുണയ്ക്കില്ലെന്നും രക്ഷാസമിതിയുടെ അധ്യക്ഷന് അയച്ച കത്തില്‍ ഗുട്ടെറസ് അറിയിച്ചു. ഇറാനും വന്‍ശക്തികളും തമ്മിലുണ്ടാക്കിയ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയ അമേരിക്ക, കരാര്‍ അംഗീകരിച്ച യുഎന്‍ പ്രമേയത്തിലെ ‘സ്നാപ്ബാക്’ അധികാരം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുള്ളതായാണ് കാണുന്നതെന്ന് ഗുട്ടെറസ് പറഞ്ഞു. സ്നാപ്ബാക് അധികാരം ഉപയോഗിച്ച്‌ ഉപരോധം പുനഃസ്ഥാപിച്ചതായി അമേരിക്ക അവകാശപ്പെടുമ്ബോള്‍ കരാറില്‍നിന്ന് പിന്‍വാങ്ങിയ അമേരിക്കയ്ക്ക് സ്നാപ്ബാക് അധികാരമില്ലെന്ന നിലപാടിലാണ് മറ്റ് വന്‍ശക്തികള്‍. അതേസമയം, ഇറാനുമായുള്ള ആണവകരാര്‍ സംരക്ഷിക്കുന്നതില്‍ യൂറോപ്യന്‍ യുണിയന്റെ പ്രതിബദ്ധത വിദേശനയകാര്യത്തില്‍ ഇയുവിന്റെ ഉന്നതപ്രതിനിധിയായ ജോസിപ് ബോറെല്‍ വ്യക്തമാക്കി. അമേരിക്ക യുഎന്നിന്റെ പേരില്‍ സംസാരിക്കേണ്ട എന്ന് റഷ്യ പറഞ്ഞു. അമേരിക്ക സ്വയം ഒറ്റപ്പെട്ടിരിക്കുകയാണെന്നും മഹത്തായ ഒരു രാജ്യം ഇങ്ങനെ സ്വയം അവഹേളിക്കുന്നത് ദുഃഖകരമാണെന്നും യുഎന്നിലെ റഷ്യന്‍ ഉപസ്ഥാനപതി ദിമിത്രി പോളിയാന്‍സ്കി ട്വീറ്റില്‍ പറഞ്ഞു. അമേരിക്ക യുഎന്നില്‍ രാഷ്ട്രീയ നാടകം അവസാനിപ്പിക്കേണ്ട സമയമായെന്ന് ചൈന പ്രതികരിച്ചു.

Related News