Loading ...

Home Kerala

ഗതാഗതനിയമം ലംഘിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; നഗരത്തില്‍ ഇനി സ്മാര്‍ട്ട് ട്രാഫിക് നിയന്ത്രണം

കൊച്ചി : തിരക്ക് അനുസരിച്ച്‌ സ്വയം പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനം അടുത്ത മാസം മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്മാര്‍ട് മിഷന്‍ പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണാണ് ടെക്‌നോളജി ബേസ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം ഒരുക്കുന്നത്. കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമാണ് ഐടിഎംഎസ്. ട്രാഫിക് സിഗ്‌നല്‍ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎംഎസ് സഹായിക്കും. റോഡിലെ വാഹനത്തിരക്ക് കണക്കാക്കി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്റ്റിവേറ്റഡ് സിഗ്‌നലുകള്‍, കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്‌നല്‍, മൂന്നു മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്, നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ തല്‍സമയ ഗതാഗത പ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയുണ്ടാകും. പരിശീലനവും 5 വര്‍ഷത്തെ പരിപാലനവും ഉള്‍പ്പെടെ 26 കോടി രൂപയ്ക്കാണു പദ്ധതി കെല്‍ട്രോണ്‍ നടപ്പാക്കിയത്. പൊലീസിനാണു ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ചുമതല. വാഹനങ്ങള്‍ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നല്‍കിയാണ് വെഹിക്കിള്‍ ആക്റ്റിവേറ്റഡ് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കുക. കൊച്ചി നഗരസഭാ പരിധിയിലും പുറത്തുമായി 21 പ്രധാന ജംക്ഷനുകളിലാണു സിഗ്‌നലുകള്‍ സജ്ജമാക്കുക. ഗതാഗത നിയമ ലംഘകരെ കണ്ടെത്താനും റെഡ് ലൈറ്റ് ലംഘകരെ പിടിക്കാനും 35 കേന്ദ്രങ്ങളില്‍ ആധുനിക ക്യാമറകളുണ്ടാകും. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്കാകും. റവന്യു ടവറില്‍ ഒരുക്കുന്ന കണ്‍ട്രോള്‍ സെന്ററില്‍ ഗതാഗതം നിരീക്ഷിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.

Related News