Loading ...

Home National

അർണാബ് ഗോസ്വാമിയുടെ പുതിയ ചാനലിനെതിരെ സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: മാധ്യമപ്രവർത്തൻ അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ ചാനലിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ചാനലിന്‍റെ പേര് 'റിപ്പബ്ലിക്' എന്നാണെന്ന് റിപ്പോർട്ടുകൾ ഉണ്ടെന്നും ആ പേര് അനുവദിക്കാനാവില്ലെന്നും കാട്ടി സ്വാമി കേന്ദ്ര സർക്കാരിനു കത്തയച്ചു. കേന്ദ്രം ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമപരമായി ഇതിനെ നേരിടുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചില പേരുകളും ചിഹ്നങ്ങളും സ്വകാര്യ വ്യക്തികൾക്കോ സ്വകാര്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാനാവില്ല എന്ന് രാജ്യത്ത് നിയമമുണ്ടെന്നും ഇതിനു വിപരീതമായി ചെയ്താൽ അത് നിയമലംഘനമാണെന്നും സ്വാമി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ തന്‍റെ കത്തിനോട് മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ലെന്നു പറഞ്ഞ സ്വാമി രണ്ടു ദിവസത്തിനുള്ളിൽ അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.

ടൈംസ് നൗ ചാനലിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന അർണാബ് കഴിഞ്ഞ ഡിസംബറിലാണ് അവിടെ നിന്നും രാജിവച്ചതും പുതിയ ചാനലിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതും.

Related News