Loading ...

Home National

ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യ

ഷിംല: ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ രാജ്യത്ത് യാഥാര്‍ത്ഥ്യമായി. ഹിമാചല്‍ പ്രദേശില്‍ മണാലിയെയും ലേയെയും ബന്ധിപ്പിച്ചു കൊണ്ടുളള അടല്‍ ഹൈവേ ടണലിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. പത്തുവര്‍ഷം കൊണ്ടാണ് ജലനിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുളള ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുകയായിരുന്നു. ടണലില്‍ 60 മീറ്റര്‍ ഇടവിട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിന് 500 മീറ്റര്‍ വ്യത്യാസത്തില്‍ എമര്‍ജന്‍സി വാതിലും സജ്ജമാക്കിയിട്ടുണ്ട്. ഹൈവേ ടണല്‍ യാഥാര്‍ത്ഥ്യമായതോടെ മണാലിയും ലേയും തമ്മിലുളള ദൂരത്തില്‍ 46 കിലോമീറ്റര്‍ ലാഭിക്കാന്‍ കഴിഞ്ഞതായി ചീഫ് എന്‍ജിനീയര്‍ കെ പി പുരുഷോത്തമന്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് നാലു മണിക്കൂറിന്റെ ലാഭമാണ് ലഭിക്കുക. ദുര്‍ഘടമായ പാതയായതിനാല്‍ കൂടുതല്‍ സമയം യാത്ര ചെയ്യേണ്ടി വരും. ഏതെങ്കിലും കാരണവശാല്‍ തീപിടിത്തം ഉണ്ടായാല്‍ അണയ്ക്കാന്‍ പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10.5 മീറ്റര്‍ വീതിയാണ് ടണലിനുളളത്. ടണലിന്റെ രണ്ടുവശങ്ങളിലുമായി ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍മ്മാണം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Related News