Loading ...

Home Gulf

സൗദിയില്‍ കോവിഡ് ബാധ കുറഞ്ഞു

റിയാദ്: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി സൗദി അറേബ്യയിലെ കോവിഡ് വൈറസ് ബാധ നിര്‍ണായകമായി കുറഞ്ഞു തുടങ്ങി. ഞായറാഴ്ച വൈറസ് ബാധ 756 മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 320688 ആയെങ്കിലും ഇപ്പോള്‍ ചികിത്സയിലുള്ളത് 23951 പേര്‍ മാത്രമാണ്. ഇവരില്‍ 1457 പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 പേര്‍ കൂടി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം ഇതോടെ 4081 ആയതായും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 895 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തിയായത്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം ഇതോടെ 296737 ആയി. ജനജീവിതം തീര്‍ത്തും സാധാരണ നിലയിലേക്ക് മാറി തുടങ്ങി എങ്കിലും ആരോഗ്യ വകുപ്പ് കൃത്യമായ കൊവിഡ് ജാഗ്രതയില്‍ തന്നെയാണ്. പൊതു ഇടങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കാത്ത രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാത്തതിനാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചു വരാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവുകളൊന്നും ഔദ്യോഗികമായി വന്നിട്ടില്ല.

ജൂലൈ 19 ന് രാജ്യത്തെ ഏറ്റവും കൂടിയ വൈറസ് ബാധ നിരക്കായ 4301 കേസുകള്‍ ഉണ്ടായിരുന്ന സൗദി അറേബ്യയില്‍ വളരെ പെട്ടെന്ന് തന്നെ വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതിലുള്ള ആത്മവിശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.

Related News