Loading ...

Home Business

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അധികാരത്തിന് കൂച്ചുവിലങ്ങ്

പുതിയ കരടുനിര്‍ദേശം പുറത്തിറങ്ങി
ന്യൂഡല്‍ഹി: പലിശനിരക്ക് തീരുമാനിക്കുന്നതിലുള്ള റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വീറ്റോ അധികാരം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കുന്നതിനുള്ള നീക്കമായാണ് ഇത് വിലയിരുത്തുന്നത്. റിസര്‍വ് ബാങ്കിന്‍െറ ധനകാര്യ നയരൂപവത്കരണ സമിതിയില്‍ സാങ്കേതിക ഉപദേശക സമിതിയുമായി ചര്‍ച്ച നടത്തിയാണ് ഗവര്‍ണര്‍ പലിശനിരക്കിന്‍െറയും മറ്റും കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.എന്നാല്‍, നയരൂപവത്കരണത്തില്‍ ഗവര്‍ണര്‍ക്ക് ഭൂരിപക്ഷാഭിപ്രായം കണക്കിലെടുക്കേണ്ടതില്ല. ഗവര്‍ണറുടെ ഈ അധികാരത്തിന് തടയിടുന്ന നിര്‍ദേശമാണ് വ്യാഴാഴ്ച ധനകാര്യമന്ത്രാലയം അവതരിപ്പിച്ച ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ കോഡിന്‍െറ പുതുക്കിയ കരടിലുള്ളത്. 2013ല്‍ പുറത്തിറക്കിയ ആദ്യ കരടില്‍, ഗവര്‍ണര്‍ക്ക് ഭൂരിപക്ഷാഭിപ്രായം മറികടക്കാനുള്ള അവകാശം അനുവദിച്ചുകൊടുത്തിരുന്നു. ഈ അവകാശമാണ് പുതിയ കരടില്‍ റദ്ദാക്കിയത്.മാത്രമല്ല, ധനകാര്യനയരൂപവത്കരണ കമ്മിറ്റിയില്‍ കേന്ദ്രസര്‍ക്കാറിന്‍െറ പിടിമുറുക്കുന്ന നിര്‍ദേശവും കരടിലുണ്ട്. കമ്മിറ്റിയില്‍ നാല് സര്‍ക്കാര്‍ പ്രതിനിധികളുള്ളപ്പോള്‍ റിസര്‍വ് ബാങ്കില്‍നിന്ന് ഗവര്‍ണര്‍ അടക്കം മൂന്നുപേരെയുള്ളൂ. ‘റിസര്‍വ് ബാങ്ക് ഗവര്‍ണര്‍’ എന്നത് മാറ്റി ‘റിസര്‍വ് ബാങ്ക് ചെയര്‍പേഴ്സണ്‍’ എന്നാക്കിയിട്ടുണ്ട്.മൂന്നുവര്‍ഷത്തിലൊരിക്കല്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിവേണം ഉപഭോക്തൃ വിലനിലവാരസൂചികയുടെ അടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തിന്‍െറ വാര്‍ഷിക തോത് തീരുമാനിക്കാന്‍ എന്ന് കരട് നയത്തിലുണ്ട്.

Related News