Loading ...

Home Gulf

രാജ്യങ്ങള്‍ക്ക് ക്വോട്ട വരുന്നു; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനസംഖ്യാനുപാതം ക്രമപ്പെടുത്തുന്നതിന് ഓരോ രാജ്യക്കാര്‍ക്കും ക്വോട്ട നിശ്ചയിക്കുമെന്ന് തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി. ഒരു രാജ്യത്തെ പൗരന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സമൂഹമായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. ജനസംഖ്യാ സന്തുലിതത്വം പാലിക്കുന്നതിനായി വിദേശികളുടെ എണ്ണം കുറക്കണമെന്നും ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പാര്‍ലമെന്‍റില്‍ പലതവണ ആവശ്യമുയര്‍ന്നിരുന്നു. ഒക്ടോബറിലെ കണക്കുപ്രകാരം ഒൗദ്യോഗിക രേഖകളോടെ താമസിക്കുന്നത് 9, 21,666 ഇന്ത്യക്കാരാണ്. 7,07,085 പുരുഷന്മാരും 1,94,386 സ്ത്രീകളും ആണ് വിവിധ വിസ കാറ്റഗറികളിലായി കുവൈത്തില്‍ താമസിക്കുന്നത്. ജനറല്‍ ഡിപ്പാര്‍ട്മെന്‍റ് ഓഫ് റെസിഡന്‍സി അഫയേഴ്സില്‍നിന്നുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്. 28,000ത്തോളം ഇന്ത്യക്കാര്‍ താമസരേഖയില്ലാതെയും കുവൈത്തില്‍ കഴിയുന്നുണ്ട്. നൂറ്റിഇരുപതോളം രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ പ്രവാസജീവിതം നയിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ളാദേശ്, സിറിയ, പാകിസ്താന്‍, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിന്‍െറ 90 ശതമാനവും. ഇന്ത്യ കഴിഞ്ഞാല്‍ ഈജിപ്ത് ആണ് കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. 5,86,387 ആണ് രണ്ടാം സ്ഥാനത്തുള്ള ഈജിപ്തുകാരുടെ ഒൗദ്യോഗിക എണ്ണം. അനധികൃതമായി താമസിക്കുന്നവരെകൂടി കൂട്ടിയാല്‍ എണ്ണം കൂടും. മുന്‍നിരയിലുള്ള ഏഴു രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ശേഷിക്കുന്ന 10 ശതമാനത്തില്‍ ജോര്‍ഡന്‍, ഫല സ്തീന്‍ പൗരന്മാരാണ് കൂടുതല്‍. കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ടാണ് വിദേശികളുടെ എണ്ണം. ക്വോട്ടയുടെ വിശദാംശങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.

Related News