Loading ...

Home National

ചൈന മുന്‍ ധാരണ ലംഘിച്ചു, പൂര്‍ണ്ണ സൈനിക പിന്മാറ്റം നടത്തണം; ചര്‍ച്ചയില്‍ നിലപാട് കടുപ്പിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിന്നും ചൈന പൂര്‍ണ്ണ സൈനിക പിന്മാറ്റം നടത്തണമെന്ന് നിലപാട് കടുപ്പിച്ച്‌ ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന ലംഘിച്ചെന്നും ഇന്നലെ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ വിഭാഗം മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും സൈന്യം അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യത്തില്‍ നില്‍ക്കുമ്ബോള്‍ ഇരു രാജ്യത്തെയും പ്രതിരോധമന്ത്രിമാരുടെ യോഗം മോസ്‌ക്കോയിലായിരുന്നു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെംഗ്ജിയും തമ്മിലുള്ള ഏറ്റവും നിര്‍ണ്ണായകമായ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. രണ്ടു പക്ഷവും നിലപാട് ഉന്നയിച്ചെങ്കിലും ചര്‍ച്ച തുടരാനുള്ള നിലപാടിലാണ് പിരിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോസ്‌കോയിലെ മെട്രോപോള്‍ ഹോട്ടലില്‍ ഇന്നലെ ഇന്ത്യന്‍ സമയം 9.30 യ്ക്കായിരുന്നു കൂടിക്കാഴ്ച. ഇത് അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ചൈനയാണ്.

നേരത്തേ ജൂണിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വിളിച്ചത് അനുസരിച്ച്‌ ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ തമ്മില്‍ വിര്‍ച്വല്‍ യോഗം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ തമ്മില്‍ മുഖാമുഖമുള്ള കൂടിക്കാഴ്ചയായിരുന്നു നടന്നത്. ഗല്‍വാന്‍ താഴ്‌വാരെത്ത സംഘര്‍ഷം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞ് വീണ്ടും ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യ നിര്‍ണ്ണായകമായ പല മലനിരകളും പിടിച്ചതോടെയാണ് ചൈന ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ഉച്ചയോടെ പുറത്തു വരുമെന്നാണ് കരുതുന്നത്.

1962 എന്ന പദം ചര്‍ച്ചയില്‍ ഇന്ത്യയും ആവര്‍ത്തച്ചു. 1962 ന് ശേഷമുള്ള ഏറ്റവും അസാധാരണ സാഹചര്യം എന്നായിരുന്നു വിദേശകാര്യ വകുപ്പിന്റെ പ്രതികരണം. ഇന്ത്യാ ചൈനാ യുദ്ധത്തിന് സമാനമായ അസാധാരണ സാഹചര്യമെന്ന സൂചനയാണ് ഇത്. ആണവശക്തികളായ ഇരു രാജ്യങ്ങളും തമ്മിലുണ്ടാകാവുന്ന യുദ്ധ സമാന സാഹചര്യം ലോകജനതയ്ക്ക് തന്നെ ഭീഷണിയാകും. ഷാംഗ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുള്ള മേഖലയിലാണ് ലോകത്തെ തന്നെ 40 ശതമാനം ജനങ്ങള്‍ താമസിക്കുന്നത് എന്ന കാര്യം രാജ്‌നാഥ് സിംഗ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ മുമ്ബുണ്ടായിരുന്ന ധാരണകള്‍ ചൈന ലംഘിച്ചു എന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. നേരത്തേ രണ്ടു രാജ്യങ്ങളുേടയും വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇരു സൈന്യവും സംഘര്‍ഷമേഖലയില്‍ നിന്നും പിന്മാറാന്‍ ധാരണ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ അക്കാര്യം പാലിച്ചപ്പോള്‍ ചൈന അത് ചെയ്യാന്‍ തയ്യാറായിരുന്നില്ല. അല്‍പ്പം പിന്മാറിയ ശേഷം വീണ്ടും തിരിച്ചുവരികയായിരുന്നു. വിദേശകാര്യ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, റഷ്യന്‍ അംബാസഡര്‍ എന്നിവരും പ്രതിരോധമന്ത്രിക്കൊപ്പം യോഗത്തില്‍ ഉണ്ടായിരുന്നു.

Related News