Loading ...

Home Africa

ആഫ്രിക്കയില്‍ വീണ്ടും പോളിയോ പടരുന്നു; ഭീഷണിയാകുന്നത്​ പരിണാമം സംഭവിച്ച വൈറസുകള്‍

ഖര്‍ത്തൂം: പോളിയോ മുക്തമെന്ന്​ പ്രഖ്യാപിച്ച ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ സുഡാനില്‍ വീണ്ടും പോളിയോ പടര്‍ന്നുപിടിക്കുന്നു. ​പോളിയോ വൈറസുകളെ പ്രതിരോധിക്കാന്‍ വാക്​സിനായി നല്‍കുന്ന വൈറസുകള്‍ക്ക്​ പരിണാമം സംഭവിച്ച്‌​ പുതിയ തരം വൈറസുകളായി മാറുന്നതാണ്​ ഇത്തവണ ഭീഷണി ഉയര്‍ത്തുന്നത്​. ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ പരിണാമം സംഭവിച്ച വൈറസുകള്‍ ഭീഷണി വിതച്ചിരുന്നു.സുഡാനിലെ രണ്ടു പ്രവിശ്യകളിലാണ്​ പുതുതായി പോളിയോ സ്​ഥിരീകരിച്ചത്​. തെക്കന്‍ ഡാര്‍ഭറിലും ജെദാരിഫിലുമാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ ലോകാ​രോഗ്യ സംഘടന വ്യക്തമാക്കുന്നു. മാര്‍ച്ചിലും ഏപ്രിലും രോഗം സ്​ഥിരീകരിച്ച രണ്ടു കുഞ്ഞുങ്ങളും തളര്‍ന്നുവീഴുകയായിരുന്നു. രണ്ടുപേരിലും പോളിയോ കുത്തിവെപ്പ്​ നടത്തിയിരുന്നു. തുടര്‍ന്നാണ്​ വാക്​സിനായി നല്‍കുന്ന അണുക്കള്‍ക്ക്​ പരിണാമം സംഭവിച്ച്‌​ പുതിയതരം വൈറസുകളായി രൂപാന്തരം പ്രാപിച്ചതാണ്​ രോഗത്തിന്​ കാരണമെന്ന നിഗമനത്തിലെത്തിയത്​. കഴിഞ്ഞവര്‍ഷം ചാഡില്‍ ഇത്തരത്തില്‍ ​പുതിയ പോളിയോ​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. തുടര്‍ന്ന്​ അവ കാമറൂണിലേക്ക്​ വ്യാപിക്കുകയും ചെയ്​തു.

ഇത്തരത്തില്‍​ പുതിയ പോളിയോ വൈറസുകള്‍ രോഗം പടര്‍ത്തിയ നിരവധി കേസുകള്‍ രാജ്യത്തുണ്ടെന്നാണ്​ നിഗമനം. റിപ്പോര്‍ട്ട്​ ചെയ്യപ്പെടാതെ പോകുന്ന കേസുകള്‍ നിരവധിയാണെന്നും പറയുന്നു.വലിയ തോതില്‍ പടര്‍ന്നുപിടിക്കുന്ന പോളിയോ ശ്വസന പേശികളെ ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം. മലിന ജലത്തിലൂടെ പടരുന്ന വൈറസ്​ ബാധിച്ചാല്‍ ചികിത്സയില്ല. പ്രതിരോധ വാക്​സിന്‍ മാത്രമാണ്​ പോളിയോക്ക്​ പ്രതിവിധി. അഞ്ചുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ്​ പോളിയോ പ്രധാനമായും ബാധിക്കുക.

കഴിഞ്ഞ ആഴ്​ച ലോകാരോഗ്യ സംഘടന ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു. 90 ശതമാനം കുട്ടികളിലും നടത്തിയ പ്രതിരോധ കുത്തിവെപ്പ്​ വഴിയാണ്​ പോളിയോയെ പിടിച്ചുകെട്ടാനായത്​. അംഗോള, കോംഗോ, നൈജീരിയ, സാംബിയ തുടങ്ങിയ 12ഒാളം ആഫ്രിക്കന്‍ രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി പോളിയോ രോഗത്തിന്റെ പിടിയിലായിരുന്നു. വലിയ രീതിയില്‍ സംഘടിപ്പിച്ച പ്രതിരോധ കുത്തിവെപ്പ്​ കാമ്ബയിനിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയുമാണ്​ ആഫ്രിക്ക പോളിയോയെ പിടിച്ചുകെട്ടിയത്​. നിലവില്‍ പാകിസ്​താനും അഫ്​ഗാനിസ്​ഥാനുമാണ്​ പോളിയോ നിര്‍മാര്‍ജ്ജനം ചെയ്യാത്ത രാജ്യങ്ങള്‍.

Related News