Loading ...

Home meditation

നാളത്തെ ഇന്ത്യയെന്ന സ്വപ്നങ്ങൾ നെയ്തുകൂട്ടിയ ആചാര്യന്‍

വയസ്സായെങ്കിലും പ്രായമായില്ല എന്ന തമാശയിൽ കഴമ്പുണ്ടെന്നു തെളിയിച്ചയാളാണ് ഡോ. അബ്ദുൽ കലാം. ആധുനിക സാങ്കേതികവിദ്യകളെ അകമഴിഞ്ഞു സ്നേഹിച്ചയാൾ. ഇന്ത്യയുടെ സുശോഭനമായ ഭാവിയെപ്പറ്റി മറ്റാർക്കും കാണാൻ കഴിയാത്ത സ്വപ്നങ്ങൾ അദ്ദേഹം കണ്ടത് ആധുനിക സാങ്കേതികവിദ്യകളിലൂന്നിയ വിശ്വാസം കൊണ്ടുകൂടിയാണ്.സ്വതന്ത്രചിന്തയായിരുന്നു അദ്ദേഹത്തെ മുന്നോട്ടു നയിച്ചിരുന്നത്. ഡോ. കലാമിന്റെ സ്വതന്ത്രചിന്തയുടെ രുചി സുപ്രീം കോടതിക്കും ഒരുതവണ മനസ്സിലായി. ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനം, സ്‌ഥാനക്കയറ്റം എന്നിവയിൽ സുപ്രീം കോടതിയുടെ ചില തീരുമാനങ്ങളെ രാഷ്ട്രപതിയായിരിക്കെ അദ്ദേഹം ചോദ്യം ചെയ്‌തു. രാഷ്‌ട്രപതി സുപ്രീം കോടതിയോടു ഗൗരവമുള്ള ചില ചോദ്യങ്ങൾ ചോദിച്ചതോടെ ജസ്‌റ്റിസ് വീരേന്ദ്ര ജെയിനു പഞ്ചാബ് - ഹരിയാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി സ്‌ഥാനക്കയറ്റം നൽകിയ തീരുമാനം നടപ്പാകാൻ വൈകി.പാർലമെന്റ് മന്ദിരത്തിലെ പ്രതിമ അനാച്ഛാദനം ചെയ്യാൻ രാഷ്ട്രപതിയായിരുന്ന ഡോ. അബ്ദുൽ കലാമിനെ ക്ഷണിച്ചപ്പോൾ അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. ഗൗരവമുള്ള കാര്യങ്ങൾക്കു പാർലമെന്റിൽ വന്നുകൊള്ളാം, അനാച്ഛാദനമൊക്കെ സ്പീക്കർ നടത്തട്ടെ എന്നതായിരുന്നു കലാമിന്റെ നിലപാട്.രാഷ്ട്രപതിഭവനിൽ വരെ ആധുനിക സാങ്കേതികവിദ്യകൾ അദ്ദേഹം പ്രാവർത്തികമാക്കി. വാരാന്ത്യ കൂടിക്കാഴ്‌ചയ്‌ക്ക് പ്രധാനമന്ത്രി എത്തുമ്പോൾ അദ്ദേഹം ആദ്യം ലാപ്ടോപ് തുറന്നു ചെറിയൊരു പ്രസന്റേഷൻ നടത്തുകയായിരുന്നു പതിവ്. വാർഷിക നയപ്രഖ്യാപന പ്രസംഗത്തിൽ താൻ പറഞ്ഞതും വാഗ്‌ദാനം ചെയ്‌തതും നടപ്പായതും നടപ്പാകാതെ പോയതും നടപ്പാകാനിരിക്കുന്നതുമൊക്കെ സ്‌ക്രീനിൽ കാണിച്ച് ഓർമപ്പെടുത്തും. വയസ്സാകുമ്പോൾ കംപ്യൂട്ടർ സ്‌ക്രീനിലെ വായന പലർക്കും ബുദ്ധിമുട്ടാണ്. ഡോ. കലാമിനു മറിച്ചായിരുന്നു. അദ്ദേഹത്തിന്റെ വായന കൂടുതലും ഓൺലൈനിലായിരുന്നു.2020ലെ ഇന്ത്യയെപ്പറ്റി അദ്ദേഹം സ്വപ്നങ്ങൾ നെയ്തു. ഇന്ത്യ അന്നു വികസിതരാജ്യമാകുമെന്നു കാണാൻ അദ്ദേഹത്തിനു മനസ്സിലെ കണ്ണട മാത്രം മതിയായിരുന്നു. നിഷേധചിന്ത ഡോ. കലാമിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല. എല്ലാം ക്രിയാത്മകമായി, സന്തോഷത്തോടെ കാണുന്ന ആ ശുഭാപ്‌തി വിശ്വാസിയുടെ മനസ്സിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളില്ലായിരുന്നു, പരിഹാരമില്ലാത്ത പ്രശ്‌നങ്ങളുമില്ലായിരുന്നു.ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങൾക്കും എന്തെങ്കിലും പരിഹാരം സദാ അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകുമായിരുന്നു. ധീരമായ നിലപാടുകൾ... അചഞ്ചലമായ ധർമബോധം... ശാസ്ത്രം ജയിക്കുകയും രാഷ്ട്രീയം തോൽക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഇന്ത്യ കണ്ടു. അദ്ദേഹം അവശേഷിപ്പിക്കുന്നത് മഹത്തായ പാരമ്പര്യമാണ്. പകരം വയ്ക്കാനില്ലാത്ത ഒരുപിടി മഹത്തായ ഓർമകളും.

Related News