Loading ...

Home National

പുക സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാം; ഇന്ധനം നിഷേധിക്കരുത്;സുപ്രീംകോടതി

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കാമെന്നും അതേസമയം, പുക സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് നിര്‍ദേശിക്കാനാവില്ലെന്നും സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍.ജി.ടി.) ഭോപാല്‍ മേഖലാ ബെഞ്ച് പുക സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാനും ഇന്ധനം നല്‍കാതിരിക്കാനും ഉത്തരവിട്ടിരുന്നു. ഇത് പാലിക്കുംവരെ 25 കോടി രൂപ കെട്ടിവെക്കാനും സംസ്ഥാന സര്‍ക്കാരിനോട് എന്‍.ജി.ടി. ആവശ്യപ്പെട്ടു. ഈ ഉത്തരവിനെ ചോദ്യംചെയ്ത് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.
പുക സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യല്‍, മൂന്നുമാസംവരെ തടവ്, 10,000 രൂപവരെ പിഴ, മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കല്‍, ആറുമാസംവരെ തടവും 10,000 രൂപ പിഴയും എന്നിങ്ങനെയുള്ള ശിക്ഷകളാണ് നിയമത്തില്‍ പറയുന്നത്.

അതേസമയം, രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുന്നത് താത്കാലികമായിരിക്കണം പിന്നീട് പുക സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാം. എന്നാല്‍, പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്നോ ഉത്തരവ് പാലിക്കുംവരെ സംസ്ഥാന സര്‍ക്കാര്‍ തുക കെട്ടിവെക്കണമെന്നോ എന്‍.ജി.ടി.ക്ക് പറയാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

Related News