Loading ...

Home International

പാകിസ്താനില്‍ കനത്തമഴയും വെള്ളപ്പൊക്കവും;39 മരണം

കറാച്ചി / പെഷവാര്‍:പാകിസ്താനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം. വെള്ളപ്പൊക്കത്തില്‍ 39 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കറാച്ചിയിലാണ് മഴ ശക്തമായത്. കറാച്ചിയിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. മഴ ശക്തമായതോടെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടപ്പാണ്. ജനജീവിതത്തെ മഴ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത മഴയെത്തുടര്‍ന്ന് പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്‌വ പ്രവിശ്യയില്‍ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപ്പര്‍ കൊഹിസ്ഥാന്‍ ജില്ലയില്‍ എട്ട് പേരും സ്വാത്തില്‍ ആറ് പേരും ഷാംഗ്ല ജില്ലയില്‍ രണ്ട് പേരും മരിച്ചു. പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.

സ്വാത് ജില്ലയിലെ ഷാഗ്രാം, തിറാത്ത് പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആറ് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിഡിഎംഎ ഡയറക്ടര്‍ ജനറല്‍ പര്‍വേസ് ഖാനും ദുരിതാശ്വാസ കാര്യ സെക്രട്ടറിയും നേരിട്ടെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം നടക്കുന്നുണ്ടെന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും പര്‍വേസ് ഖാന്‍ പറഞ്ഞു.

കനത്ത മഴയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടായതില്‍ മുഖ്യമന്ത്രി കെ പി മഹമൂദ് ഖാന്‍ ആശങ്ക പ്രകടിപ്പിച്ചു. ചൊവ്വാഴ്ച മുതല്‍ കറാച്ചിയില്‍ കനത്ത മഴ തുടരുകയാണ്. 23 പേര്‍ കറാച്ചിയില്‍ മാത്രം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ സ്ഥിതിയെക്കുറിച്ച്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ആശങ്ക പ്രകടിപ്പിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം സര്‍ക്കാരിന് മനസ്സിലാകുന്നു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

Related News