Loading ...

Home health

എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ

കോഴിക്കോട്; ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എലിപ്പനി കേസുകളും അതിനോടനുബന്ധിച്ച മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും എലിപ്പനി രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ നടക്കാവ്, പുതിയങ്ങാടി, പുതിയറ, പാളയം പ്രദേശങ്ങളിലും തൂണേരി, ഫറോക്ക് തുടങ്ങിയ പ്രദേശങ്ങളിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനിയുണ്ടാകുന്നത്. കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും മറ്റ് മൃഗങ്ങളും ഇതിന്റെ രോഗാണുവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ അത് കലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്. ശുചീകരണപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, പാടങ്ങളിലുംമറ്റും കൃഷി ചെയ്യുന്നവര്‍, മലിനജല സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവരില്‍ രോഗസാധ്യത കൂടുതലാണ്. മലിന ജലത്തില്‍ നിന്നും ശരീരത്തിലെ ചെറിയ മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ എന്നിവ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങളായ കയ്യുറ, കാലുറകള്‍ എന്നിവ ഉപയോഗിക്കണം. കൂടാതെ ശരീര ഭാഗങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനമായ വെള്ളവുമായോ മണ്ണുമായോ സമ്ബര്‍ക്കമുണ്ടാകാതെ നോക്കണം.

പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, ഓക്കാനം, കണ്ണിന് ചുവപ്പ് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച്‌ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയ എല്ലാ ശരീര വ്യവസ്ഥകളേയും ബാധിക്കും. ഇവയെല്ലാ മരണകാരണമാകാം. ഫലപ്രദമായ ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന ഗുളിക സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

പനി, ശരീരവേദന തുടങ്ങിയവക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുക, ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി ഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, ശരീരത്തില്‍ മുറിവുള്ളവര്‍ മലിനജല സമ്ബര്‍ക്കം ഒഴിവാക്കുക, രോഗ സാധ്യത കൂടുതലുള്ളവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കുക, ആഹാരവും കുടിവെള്ളവും എലിമൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവെക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ വിധം സംസ്‌ക്കരിക്കുക, വീടുകളിലും മറ്റും എലിശല്യം ഇല്ലെന്ന് ഉറപ്പുവരുത്തുക, കാലിത്തൊഴുത്തുകളിലെ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുക

Related News